മന്ത്രിസഭാ തീരുമാനങ്ങള്‍ 12-06-2019

അടിയന്തര കടലാക്രമണ പ്രതിരോധത്തിന് 22.5 കോടി രൂപ
ഒമ്പത് തീരദേശ ജില്ലകളില്‍ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 22.5 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
വിവിധ വകപ്പുകളുടെ ജില്ലാ തലവന്‍മാരെ ഉള്‍പ്പെടുത്തി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. അതാതിടത്തെ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ടത്തിന് ജനകീയ കമ്മിറ്റിയും രൂപീകരിക്കും.


പ്രളയം: അവശതയുള്ള കുടുംബങ്ങള്‍ക്ക് അധിക ധനസഹായം
2018-ലെ പ്രളയത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവരില്‍ ഉള്‍പ്പെട്ട കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അധിക ധനസഹായം നല്‍കുന്നതിന് പ്രത്യുത്ഥാനം എന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തു കോടി രൂപ അനുവദിക്കും. യു.എന്‍.ഡി.പിയുടെ സഹായം കൂടി ഉപയോഗിച്ചാണ് പ്രളയബാധിത ജില്ലകളില്‍ പദ്ധതി നടപ്പാക്കുക.
വെള്ളപ്പൊക്കത്തിലോ ഉരുള്‍പൊട്ടലിലോ 15 ശതമാനത്തില്‍ കൂടുതല്‍ നാശം നേരിട്ട വീടുകളിലെ കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കാന്‍സര്‍ രോഗികളുള്ള കുടുംബങ്ങള്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമുള്ള വിധവകള്‍ കുടുംബനാഥര്‍ ആയിട്ടുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
ഓരോ കുടുംബത്തിനും 25,000 രൂപയാണ് (ഒറ്റത്തവണ) അധിക സഹായമായി ലഭിക്കുക. മൊത്തം 7,300 കുടുംബങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് ഈ അധിക ധനസഹായം.

കൊച്ചി മെട്രോ തൃപ്പുണിത്തുറ വരെ നീട്ടുന്നതിന് 356 കോടി രൂപയുടെ പദ്ധതി
എറണാകുളം എസ്.എന്‍. ജംഗ്ഷന്‍ മുതല്‍ തൃപ്പുണിത്തുറ റെയില്‍വെ സ്റ്റേഷന്‍ / ബസ്സ് ഡിപ്പോ വരെ കൊച്ചി മെട്രോ പാത ഫേസ് 1 ബി ദീര്‍ഘിപ്പിക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 356 കോടി രൂപയാണ് ഇതിനു ചെലവ്.

തസ്തികകള്‍
മത്സ്യഫെഡിന്‍റെ ആലപ്പുഴ ആറാട്ടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഫിഷ് മില്‍ ആന്‍റ് ഓയില്‍ പ്ലാന്‍റിനു വേണ്ടി 15 തസ്തികകള്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ മൂന്നു വര്‍ഷത്തേക്ക് സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ഫിഷറീസ് വകുപ്പിന് കീഴില്‍ കൊല്ലം ആസ്ഥാനമായി സ്ഥാപിക്കു സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തിന് മെമ്പര്‍ സെക്രട്ടറി, ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് എക്സറ്റന്‍ഷന്‍ ഓഫീസര്‍, സീനിയര്‍ ക്ലര്‍ക്ക് ക്ലര്‍ക്ക് എന്നിവയുടെ ഓരോ തസ്തിക സൃഷ്ടിക്കാനും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റന്‍റ് എന്നിവയുടെ ഓരോ തസ്തിക ദിവസവേതനാടിസ്ഥാനത്തില്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
കൂത്തുപറമ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ രണ്ട് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 12 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ശമ്പളപരിഷ്കരണം
ഫിഷറീസ് വകുപ്പിലെ എസ്.എല്‍.ആര്‍ ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു.

27 റോഡ് ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മ്മാണത്തിന് ധാരണാപത്രം
കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയ 27 റോഡ് ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാരുമായും റെയില്‍വെയുമായും ധാരണാപത്രം ഒപ്പിടുന്നതിന് മന്ത്രിസഭ അനുമതി നല്‍കി.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന ചെര്‍പ്പുളശ്ശേരി പട്ടണത്തിലെ ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണത്തിനു പകരമായി ‘ചെര്‍പ്പുളശ്ശേരി ബൈപാസ് നിര്‍മാണവും നഗരവികസനവും’ എന്ന പ്രവൃത്തി റോഡ് ഫണ്ട് ബോര്‍ഡ് മുഖേന ചെയ്യാന്‍ അനുമതി നല്‍കി. 15.86 കോടി രൂപയാണ് ഇതിനു ചെലവ്.

നിയമനങ്ങള്‍ മാറ്റങ്ങള്‍

കെ.എം.ആര്‍.എല്‍. മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് (പി.എസ്.യു) സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.

സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിന് നിലവിലുള്ള ചുമതലകള്‍ക്കു പുറമെ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മനേജിംഗ് ഡയറക്ടറുടെ ചുമതല കൂടി നല്‍കും.

പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് നിലവിലുള്ള ചുമതലകള്‍ക്കു പുറമെ സൈനിക ക്ഷേമ വകുപ്പ്, പ്രിന്‍റിംഗ് ആന്‍റ് സ്റ്റേഷനറി എന്നിവയുടെ ചുമതല കൂടി നല്‍കും.

കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍കര്‍ക്ക് കാര്‍ഷിക വികസന – കര്‍ഷകക്ഷേമ വകുപ്പ് ഡയറട്കറുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

ലാന്‍റ് ബോര്‍ഡ് സെക്രട്ടറി സി.എ. ലതയെ ലാന്‍റ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിക്കും.

ലാന്‍റ് റവന്യൂ ജോയിന്‍റ് കമ്മീഷണര്‍ യു.വി. ജോസിനെ ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.

എറണാകുളം കലക്ടര്‍ മുഹമ്മദ് സഫീറുള്ളയെ എസ്.ജി.എസ്.ടി വകുപ്പ് അഡീഷണല്‍ കമ്മീഷണറായി മാറ്റി നിയമിക്കും. വിവരസാങ്കേതിക വിദ്യാ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും.

കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയെ ശുചിത്വമിഷന്‍ ഡയറക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.

മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയെ അനര്‍ട്ട് ഡയറക്ടറായി മാറ്റി നിയമിക്കും. ലോട്ടറി വകുപ്പ് ഡയറക്ടറുടെ ചുമതല കൂടി അദ്ദേഹം വഹിക്കും.

അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അദീല അബ്ദുള്ളയെ ആലപ്പുഴ ജില്ലാ കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.

ആലപ്പുഴ ജില്ലാ കലക്ടര്‍ എസ്. സുഹാസിനെ എറണാകുളം ജില്ലാ കലക്ടറായി മാറ്റി നിയമിക്കും.

ഹൗസിംഗ് കമ്മീഷണര്‍ ബി. അബ്ദുള്‍ നാസറിനെ കൊല്ലം ജില്ലാ കലക്ടറായി മാറ്റി നിയമിക്കും.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്കിനെ മലപ്പുറം ജില്ലാ കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.

പൊതുഭരണ ഡെപ്യൂട്ടി സെക്രട്ടറി കെ. ഗോപാലകൃഷ്ണനെ തിരുവനന്തപുരം കലക്ടറായി മാറ്റി നിയമിക്കും.

ഐ ആന്‍റ് പി.ആര്‍.ഡി. ഡയറക്ടര്‍ ടി.വി. സുഭാഷിനെ കണ്ണൂര്‍ ജില്ലാ കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.