മന്ത്രിസഭാ തീരുമാനങ്ങള്‍ 26-06-2019

കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനില്‍ സര്‍വ്വീസിലിരിക്കെ മരണപ്പെടുന്ന അബ്കാരി വര്‍ക്കര്‍മാരുടെ ആശ്രിതര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി കോര്‍പ്പറേഷനിലെ ക്ലാസ് 3, ക്ലാസ് 4 തസ്തികകളിലേക്ക് ആശ്രിതനിയമനം നല്‍കാന്‍ ബന്ധപ്പെട്ട ഉത്തരവ് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു.

വ്യവസായ പരിശീലന വകുപ്പിനു കീഴിലായി ഒരു സ്റ്റേറ്റ് അപ്രന്‍റീസ്ഷിപ്പ് മോണിറ്ററിങ് സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി 4 തസ്തികകള്‍ സൃഷ്ടിക്കും.

കായികഭവന്‍ നിര്‍മിക്കുന്നതിന് തിരുവനന്തപുരം താലൂക്കിലെ വഞ്ചിയൂര്‍ വില്ലേജില്‍ 29.55 സെന്‍റ് സ്ഥലം രണ്ടുസേവന വകുപ്പുകള്‍ തമ്മിലെ ഭൂമി കൈമാറ്റ വ്യവസ്തകള്‍ പ്രകാരം കായിക യുവജന വകുപ്പിന് കൈമാറാന്‍ തീരുമാനിച്ചു.

കേന്ദ്രപരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ഇന്‍റഗ്രേറ്റഡ് കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്രൊജക്ട് കേരളത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിലെ എന്‍വയണ്‍മെന്‍റല്‍ എഞ്ചിനീയര്‍ കലൈ അരശനെ അഡീഷണല്‍ പ്രൊജക്ട് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.

തിരുവനന്തപുരം റീജിണല്‍ കാന്‍സര്‍ സെന്‍ററിലെ ഡോക്ടര്‍മാര്‍ ഒഴികെയുള്ള സ്ഥിരം തസ്തികകളിലെ നിയമനം പി.എസ്.സി വഴി നടത്താന്‍ തീരുമാനിച്ചു.
പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗത്തില്‍ തിരുവനന്തപുരം, തൃശ്ശൂര്‍ ഡിവിഷനുകള്‍ക്ക് കീഴിലായി കറാര്‍ വേതനടിസ്ഥാനത്തില്‍ 3 അസിസ്റ്റന്‍റ് എഞ്ചിനിയറുടെയും 12 എഞ്ചിനിയറിങ് അസിസ്റ്റന്‍റുമാരുടെയും തസ്തികകള്‍ മൂന്ന് വര്‍ഷത്തേക്ക് താല്‍ക്കാലികമായി സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗത്തില്‍ 68 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 34 തസ്തികകള്‍ ഒന്നാം ഗ്രേഡ് ഓവര്‍സിയറുടേതും 11 തസ്തികകള്‍ രണ്ടാം ഗ്രേഡ് ഓവര്‍സിയറുടേതുമാണ്.

ഫോറസ്റ്റ് ഇന്‍റസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡിലെ മാനേജീരിയല്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യവും പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

കടച്ചി കൊല്ലന്‍ സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

നിയമനങ്ങള്‍, മാറ്റങ്ങള്‍

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് നിലവിലുള്ള ചുമതലകള്‍ക്കു പുറമെ കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടറുടെ ചുമതല നല്‍കാന്‍ തീരുമാനിച്ചു.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിഹ്നയ്ക്ക് നിലവിലുള്ള ചുമതലകള്‍ക്കു പുറമെ റവന്യൂ (ദേവസ്വം) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ ഡോ. ഷര്‍മിള മേരി ജോസഫിനെ ആയുഷ് വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറുടെ ചുമതല കൂടി ഡോ. ഷര്‍മിള വഹിക്കും.

ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്‍റണിക്ക് നിലവിലുള്ള ചുമതലകള്‍ക്കു പുറമെ സിവില്‍ സപ്ലൈസ് കമ്മീഷണറുടെ ചുമതല കൂടി നല്‍കാന്‍ തീരുമാനിച്ചു.

പട്ടികജാതി വികസന വകുപ്പ് ഡയറട്കര്‍ അലി അസ്ഗര്‍ പാഷയെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. പിന്നോക്ക വിഭാഗ വികസന വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെയും പട്ടികജാതി വികസന വകുപ്പ് ഡയറട്കറുടെയും ചുമതലകള്‍ കൂടി അദ്ദേഹം വഹിക്കും.

ലാന്‍റ് റവന്യൂ കമ്മീഷണര്‍ സി.എ. ലതയ്ക്ക് ലാന്‍റ് ബോര്‍ഡ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

ലൈഫ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് യു.വി. ജോസിന് വിവരപൊതുജനസമ്പര്‍ക്ക വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. എ കൗശിഗന് ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

എന്‍വയണ്‍മെന്‍റ് ആന്‍റ് ക്ലൈമറ്റ് ചെയ്ഞ്ച് ഡയറക്ടര്‍ വീണാ മാധവന് അസാപ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാര്‍ എസ്. ഷാനവാസിനെ തൃശ്ശൂര്‍ ജില്ലാ കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. തൃശ്ശൂര്‍ കലക്ടര്‍ അനുപമ അവധിയിലാണ്.

ഡോ. പി.കെ. ജയശ്രീയെ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.

കൊല്ലം സബ് കലക്ടര്‍ എ. അലക്സാണ്ടറിനെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് രജിസ്ട്രേഷനായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.