പ്രോഗ്രസ് റിപ്പോർട്ട്

പിണറായി വിജയൻ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്

2016 മേയ് 24 – 2020 മേയ് 23

വായിക്കുക

 


പിണറായി വിജയൻ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്

2016 മേയ് 24 – 2019 മേയ് 23

വായിക്കുക

 


പിണറായി വിജയൻ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്

2016 മേയ് 25 – 2017 മേയ് 24

പ്രകടനപത്രികയിലെ 35-ഇനപരിപാടിയുടെ പ്രവർത്തനപുരോഗതി അവലോകനം

മുഖക്കുറിപ്പ്

ഇത് ഒരു പുതിയ തുടക്കമാണ്. പ്രകടനപത്രികയിലൂടെ മുന്നോട്ടുവച്ച പരിപാടികൾ എത്രമാത്രം നടപ്പാക്കുന്നു, വാഗ്ദാനങ്ങൾ എത്രമാത്രം പാലിക്കുന്നു, എന്നത് അറിയാൻ ഭരിക്കാൻ സമ്മതി നൽകിയ ജനങ്ങൾക്ക് അവകാശമുണ്ട്. അതിനാൽ, ഭരണപുരോഗതി ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന സുപ്രധാനമായ ജനാധിപത്യകടമ ഞങ്ങൾ നടപ്പിലാക്കുകയാണ്.

തെരെഞ്ഞടുപ്പുകൾക്കുമുൻപ് പ്രകടനപത്രികകൾ പ്രസിദ്ധീകരിക്കുന്ന രീതി ഇവിടെ തുടക്കംമുതൽതന്നെ നിലവിലുണ്ട്. എന്നാൽ പ്രചാരണവേളയിൽ മിക്കപ്പോഴും അതിനു വേണ്ടത്ര പ്രാധാന്യം കിട്ടാതെ പോകുകയും അന്നന്നത്തെ രാഷ്ട്രീയപ്രശ്‌നങ്ങൾ പൊതുവിൽ മേൽക്കൈ നേടുകയും ചെയ്യുന്ന സ്ഥിതിയാണു പലപ്പോഴും ഉണ്ടാകാറ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഭരണനേതൃത്വംതന്നെ മറക്കുകയും ഭരണം അതിന്റെ വഴിക്കു പോകുകയും ചെയ്യാറുമുണ്ട്. അതിനാൽ പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ ജനങ്ങൾ പലപ്പോഴും വിശ്വാസത്തിലെടുക്കാറില്ല. എന്നാൽ ഇടതുപക്ഷപ്രസ്ഥാനങ്ങൾ നയിച്ചിട്ടുള്ള ഗവൺമെന്റുകൾ ഇക്കാര്യത്തിൽ എന്നും ജാഗ്രത പുലർത്തിയിട്ടുണ്ട്. പുതിയ ജനാധിപത്യചിന്തകളും പൗരാവകാശകാഴ്ചപ്പാടുകളുമൊക്കെ വളർന്നുവരുന്ന ഇക്കാലത്ത് അതുകൂടി ഉൾക്കൊണ്ട് അവയെ കൂടുതൽ അർത്ഥവത്താക്കി ഒരു പടികൂടി മുന്നോട്ടുകൊണ്ടുപോവുകയാണു ഞങ്ങൾ.

ഇത്തവണത്തെ എൽഡിഎഫ് പ്രകടനപത്രികയിൽ ഞങ്ങൾ വികസനവും ക്ഷേമവും ലക്ഷ്യമാക്കി 35 ഇന പരിപാടികൾ മുന്നോട്ടു വച്ചിരുന്നു. ഈ പ്രകടനപത്രികയിൽ ‘ഒരോ വർഷവും നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ഇതു സംബന്ധിച്ച് പൊതുജനങ്ങളുമായി ചർച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങൾകൂടി സ്വീകരിച്ച് ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്യും’ എന്നു വ്യക്തമാക്കിയിരുന്നു. ജനങ്ങൾക്കു നൽകിയ ആ വാഗ്ദാനം ഞങ്ങൾ നിറവേറ്റുകയാണ്. ഇതിന്റെ ഭാഗമായി, മന്ത്രിസഭയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ആദ്യവർഷത്തെ നേട്ടങ്ങൾ അവലോകനത്തിനായി സമർപ്പിക്കുന്നു.

മുപ്പത്തഞ്ചിനപരിപാടിയും 600 നിർദ്ദേശങ്ങളും അടങ്ങുന്നതാണു പ്രകടനപത്രിക. അതിൽ 35 ഇന പരിപാടി മാത്രമേ ഇവിടെ അവലോകനം ചെയ്യുന്നുള്ളൂ. അതിലെ എല്ലാ പരിപാടികളും ആദ്യവർഷം തുടങ്ങാൻ കഴിയുന്നവയല്ലല്ലോ. അത്തരം പരിപാടികളുടെ മുന്നൊരുക്കങ്ങളേ ആദ്യവർഷം നടത്താൻപറ്റൂ. അതെല്ലാം കണക്കിലെടുത്തു തയ്യാറാക്കിയതാണീ റിപ്പോർട്ട്.

ഇതിൽ അവലോകനം ചെയ്യുന്ന പരിപാടികൾക്കു പുറമെ, സർക്കാർ അധികാരത്തിൽ വന്നശേഷം വികസന-ക്ഷേമമേഖലകളിൽ ഉയർന്നുവന്ന അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. അധികാരമേറ്റയുടൻ കൊണ്ടുവന്ന കടാശ്വാസപദ്ധതി മുതൽ 900 കോടിയുടെ വിദ്യാഭ്യാസവായ്പാ ആനുകൂല്യപദ്ധതി വരെയുള്ള പല ആശ്വാസനടപടികളും എടുത്തുപറയേണ്ടതായുണ്ട്. ശബരിമലവിമാനത്താവളവും കൊച്ചിയിലെ ജലമെട്രോയും പോലെ പശ്ചാത്തല വികസനത്തിന്റെ കാര്യത്തിലും പല പുതിയ പദ്ധതികളും പ്രഖ്യാപിച്ചു തുടക്കം കുറിച്ചു. സ്‌കൂൾ തുറക്കുന്നതിനുമുമ്പുതന്നെ പുസ്തകം ലഭ്യമാക്കിയ രീതിയിലുള്ള ഭരണസംവിധാനത്തിന്റെ ചലനാത്മകതയും ഭാഷാസംരക്ഷണനടപടികളും ഉൾപ്പെടെ ഒരു വർഷത്തിനുള്ളിൽ നടത്തിയ നിരവധി കാര്യങ്ങൾ വേറെയുമുണ്ട്. ഇത്തരം ഒട്ടേറെ സുപ്രധാനകാര്യങ്ങൾ 35 ഇന പരിപാടിയിൽ പെടുന്നതല്ലാത്തതിനാൽ ഈ പ്രോഗ്രസ്സ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.

സർക്കാരിന്റെ പ്രവർത്തനം പൂർണ്ണമായി വിലയിരുത്തലിനു വിധേയമാക്കാൻ സഹായിക്കുന്നവിധം ഇത് കഴിയുന്നത്ര സമഗ്രമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഭരണം സുതാര്യവും ഉത്തരവാദപൂർണ്ണവും ആക്കാനും അതുവഴി ജനാധിപത്യത്തെ ഒരു ചുവടുകൂടി മുന്നോട്ടു കൊണ്ടുപോകാനും ഈ ഉദ്യമം സഹായകമാകും എന്നു ഞങ്ങൾ പ്രത്യാശിക്കുന്നു. ഒരു സ്വയംപരിശോധനയുടെകൂടി ഭാഗമാണിത്. ഈ റിപ്പോർട്ട് സർക്കാരിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും ഒരോ നടപടിയും കൈക്കൊള്ളുന്നമുറയ്ക്ക് അപ്പപ്പോൾ അതിൽ ഉൾച്ചേർത്തു കാലികമാക്കാനും ഞങ്ങൾ ഉദ്ദേശിക്കുന്നു. ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളുടെയും വിജയത്തിന് തുടർന്നും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.

സ്‌നേഹപൂർവ്വം,

പിണറായി വിജയൻ

മുഖ്യമന്ത്രി

 

35 ഇന പരിപാടി ആദ്യവർഷപ്രവർത്തനപുരോഗതി
25 ലക്ഷം പേർക്കു തൊഴിൽ: .റ്റി, ടൂറിസം മേഖലകളിലും ഇലക്‌ട്രോണിക്‌സ്‌ തുടങ്ങി ആധുനികവ്യവസായമേഖലകളിലായി അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് അഞ്ചുവർഷംകൊണ്ട്‌ 10 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. ടൂറിസം, ഇലക്ട്രോണിക്സ്, ഐറ്റി അനുബന്ധ മേഖലകളിലെ കണക്കുകൾ ലഭിക്കാത്തതിനാൽ അവ ഒഴികെ ഏറ്റവും കുറഞ്ഞത് 2,13,745 പേർക്ക് ഒരുവർഷത്തിനിടെ തൊഴിൽ നൽകി. ആധുനികവ്യവസായമേഖലയിൽ വൈകാതെ പൂർത്തിയാകുന്ന പദ്ധതികളിൽ മാത്രം 4,58,000-നുമേൽ തൊഴിലവസരം കണക്കാക്കുന്നു. ഓരോ മേഖലയിലെയും വിവരം ചുവടെ അതതിന്റെ നേരെയുള്ള കളങ്ങളിൽ ചേർക്കുന്നു. അവയ്ക്കു പുറമെ സൃഷ്ടിച്ച തൊഴിലിന്റെ വിവരങ്ങൾ: പിഎസ്‌സി വഴി 36,047 പേർക്കു നിയമനം നൽകി. 3700-ൽപ്പരം തസ്തിക സൃഷ്ടിച്ചു. എം‌പ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി 7964 പേർക്കു തൊഴിൽ. സ്വകാര്യമേഖലയിൽ നിയുക്തി ജോബ് ഫെയർ 3338 തത്സമയനിയമനവും 6817 പേർക്ക് ജോബ് ഓഫറും നൽകി. എം‌പ്ലോയബിലിറ്റി സെന്റർ തൊഴിൽമേളകൾ വഴി 9388 പേർക്കും വ്യവസായപരിശീലനവകുപ്പ് സ്പെക്ട്രം 17 വഴി 3069 പേർക്കും തൊഴിൽ നൽകി. പട്ടികജാതിക്കാരായ 4687 പേർക്കു പരിശീലനവും തൊഴിലും നൽകി. പട്ടികവർഗ്ഗക്കാരായ 241 പേരെ മെന്റർ ട്രയിനർമാരായി നിയമിച്ചു. മറ്റുപിന്നാക്കവിഭാഗങ്ങളിൽ ചെറുകിടസംരംഭം തുടങ്ങാൻ 37,766 പേർക്കു വായ്പയും 29,292 സ്ത്രീകൾക്കു സൂക്ഷ്മവായ്പയും നൽകി.
1. ഐ.റ്റി.: ഐറ്റി പാർക്കുകളിൽ മാത്രം 9,000 പേർക്കു തൊഴിൽ ലഭിച്ചു. അതിനുപുറത്ത് സൃഷ്ടിക്കപ്പെട്ട ഐറ്റി, ഐറ്റിഇഎസ് തൊഴിലുകളുടെ കണക്കു തിട്ടപ്പെടുത്തി ലഭിച്ചിട്ടില്ല. കൂടുതൽ അടിസ്ഥാനസൗകര്യവും കെ-ഫോൺ കണക്റ്റിവിറ്റിയും വരുന്നമുറയ്ക്കാകും ഗണ്യമായ വളർച്ച.
2. ടൂറിസം മേഖല: ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നൂറിലധികം ടൂറിസം പദ്ധതികൾക്ക് ഈ സർക്കാർ അനുമതി നൽകി. കൂടാതെ, മലബാറിലെ നദികൾ കേന്ദ്രകരിച്ചു നദീതടടൂറിസം പദ്ധതിക്കു രൂപം നൽകി. മുസിരിസ് പൈതൃകപദ്ധതിയുടെ രണ്ടാംഘട്ടവും തലശ്ശേരി, ആലപ്പുഴ പൈതൃകസംരക്ഷണപദ്ധതികളും ആരംഭിച്ചുകഴിഞ്ഞു. കിഫ്ബിയിൽനിന്നു ധനസഹായം ഉപയോഗിച്ച് മുഴുപ്പിലങ്ങാട്ടും കോഴിക്കോട്ടും കന്യാകുമാരിയിലും കെറ്റിഡിസിയുടെ നക്ഷത്രഹോട്ടലുകൾക്കു നടപടി നടന്നുവരുന്നു. ഇതെല്ലാം പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും. ഉടൻ പ്രവർത്തനം തുടങ്ങുന്ന ജടായുപാറ പദ്ധതിയിൽമാത്രം രണ്ടായിരംപേർക്കു തൊഴിൽ ലഭിക്കും. ഉത്തരവാദിത്വടൂറിസം പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നു. ഇതിനായി മിഷൻ രൂപവത്ക്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതും ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. കൂടാതെ ടൂറിസം സീസണിനു മുന്നോടിയായി 84 ടൂറിസം കേന്ദ്രങ്ങൾ നവീകരിക്കുന്ന ‘ഗ്രീൻ കാർപെറ്റ്’ പദ്ധതിയും തൊഴിലവസരങ്ങൾകൂടി ലക്ഷ്യംവച്ചുള്ളതാണ്.
3. ഇലക്‌ട്രോണിക്‌സ്‌ തുടങ്ങിയ ആധുനിക വ്യവസായ മേഖലകൾ: ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ആമ്പല്ലൂർ ഇലക്‌ട്രോണിക് ഹാർഡ്‌വെയർ പാർക്കിനു സ്ഥലമെടുപ്പിനു 90 കോടിരൂപയുടെ ഭരണാനുമതി നൽകി.

തൊഴിലവസരം സൃഷ്ടിക്കുമാറ് കെൽട്രോണിനെ പ്രമുഖ ഇലക്‌ട്രോണിക് ഹാർഡ്‌വെയർ കേന്ദ്രമാക്കും.

പാലക്കാട്ട്  സ്ഥാപിക്കുന്ന ലൈറ്റ് എഞ്ചിനീയറിംഗ് പാർക്കിൽ ഒരു ലക്ഷവും ചേർത്തലയിലെ മെഗാ ഫുഡ് പാർക്കിൽ ഒരു ലക്ഷവും തൊഴിലവസരം പ്രതീക്ഷിക്കുന്നു. എറണാകുളത്ത് 600 ഏക്കറിൽ സ്ഥാപിക്കുന്ന പെട്രോ കെമിക്കൽ പാർക്ക്, രാമനാട്ടുകര അഡ്വാൻസ് ടെക്‌നോളജി പാർക്ക്, കാക്കഞ്ചേരി നിയോ സ്‌പേസ് (ഘട്ടം 2) സ്റ്റാൻഡേർഡ്  ഡിസൈൻ ഫാക്ടറി, മട്ടന്നൂർ പ്ലാസ്റ്റിക് പാർക്ക്, കൊച്ചി പെട്രോ കെമിക്കൽ പാർക്ക് എന്നിവിടങ്ങളിലായി 6250 തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്നു. അങ്കമാലിയിൽ 100 കോടി രൂപ ചെലവഴിച്ച് അഡ്വാൻസ്ഡ് ടെക്‌നോളജി സെന്റർ സ്ഥപിക്കാൻ സ്ഥലമെടുപ്പുനടപടികൾ ആരംഭിച്ചു. കൊച്ചി മെട്രോ നേരിട്ട് 300ഉം പരോക്ഷമായി 750ഉം പേർക്കു തൊഴിൽ നൽകും. കണ്ണൂർ വിമാനത്താവളവും അനുബന്ധസംവിധാനങ്ങളും ഇത്തരത്തിൽ തൊഴിലുകൾ സൃഷ്ടിക്കും. കേന്ദ്രസർക്കാർ ഉപേക്ഷിച്ചിരുന്ന ഇൻസ്റ്റ്രുമെന്റേഷൻ കോർപ്പറേഷൻ സംസ്ഥാനസർക്കാർ ഏറ്റെടുക്കുകയാണ്. ഇതും തൊഴിലവസരം സൃഷ്ടിക്കും.

കൃഷി, കെട്ടിടനിർമ്മാണം, വാണിജ്യം, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളിലായി 15 ലക്ഷം തൊഴിലവസരങ്ങളാണു ലക്ഷ്യമിടുന്നത്‌.
1. കൃഷി: നെൽവർഷം, തരിശുനിലക്കൃഷി, കരനെൽക്കൃഷി, പച്ചക്കറിക്കൃഷി എന്നിങ്ങനെ കൃഷി വ്യാപിപ്പിക്കാൻ കൈക്കൊണ്ടുവരുന്ന വിപുലമായ പ്രവർത്തനങ്ങൾ ധാരാളം തൊഴിൽ സൃഷ്ടിച്ചിട്ടുണ്ട്. എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.
2. കെട്ടിടനിർമ്മാണം: കണക്കു ശേഖരിച്ചുവരുന്നു. സമ്പൂർണ്ണപാർപ്പിടപദ്ധതി, അടിസ്ഥാനസൗകര്യവികസനം, പുതിയനിക്ഷേപം എന്നിവ വരുന്നമുറയ്ക്ക് കൂടുതൽ വളർച്ച പ്രതീക്ഷിക്കുന്നു.
3. വാണിജ്യം: കൂടുതൽ തൊഴിൽ സൃഷ്ടിക്കുമാറ് സുസ്ഥിരമായ വാണിജ്യവികസനത്തിനുള്ള ദീർഘകാലനയരേഖ രൂപപ്പെടുത്തുന്നു. രാജ്യാന്തരവിപണിയും കയറ്റുമതിയും വിപുലീകരിക്കാൻ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി എക്‌സ്‌പോർട്ട് പ്രൊമോഷൻ കമ്മിറ്റി പ്രവർത്തനം തുടങ്ങി.
4. ചെറുകിടവ്യവസായം: ആദ്യവർഷം സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയിൽ 1387 കോടി രൂപയുടെയും വ്യവസായപാർക്കുകളിൽ 110 കോടി രൂപയുടെയും വ്യവസായനിക്ഷേപം ഉണ്ടായി. 5200 ചെറുകിട വ്യവസായസംരംഭങ്ങളിൽ 57000 പേർക്ക് തൊഴിൽ ലഭിച്ചു. 15535 സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾ തുടങ്ങി. തൊഴിൽ തിട്ടപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം, തൃശ്ശൂർ, കാസർഗോഡ്, പത്തനംതിട്ട, കണ്ണൂർ കിൻഫ്ര പാർക്കുകളിൽ 39.32 കോടി രൂപയുടെ മുതൽമുടക്കും 415  തൊഴിലും സൃഷ്ടിച്ചിട്ടുണ്ട്.

2017-18ൽ 2266 കോടി രൂപ നിക്ഷേപത്തിൽ 17500 യൂണിറ്റുകൾ തുടങ്ങുന്നതിലൂടെ 83000 തൊഴിലവസരം ലക്ഷ്യമിടുന്നു.

ആധുനികതുറകളിലെ ജോലികൾക്കു യുവതീ-യുവാക്കളെ തയ്യാറാക്കുന്നതിന്‌ 10 ലക്ഷം പേര്‍ക്ക്‌ സ്കിൽ ഡെവലപ്‌മെന്റ്‌, കരിയർ ഗൈഡൻസ് വഴി പരിശീലനം നല്‍കും. എം‌പ്ലോയബിലിറ്റി സെന്റർ വഴി 22926 പേർക്ക് ബേസിക് ഐറ്റി കമ്മ്യൂണിക്കേഷൻ, ഇന്റർവ്യൂ സ്കിൽ എന്നിവ പരിശീലിപ്പിച്ചു. നാഷണൽ എം‌പ്ലോയ്‌മെന്റ് വകുപ്പിനു കീഴിൽ പേരാമ്പ്രയിലും ചിറ്റൂരിലും തുടങ്ങിയ കരിയർ ഡെവലപ്‌മെന്റ് സെന്ററുകളിൽ പരിശീലനം തുടങ്ങി. ഉയർന്ന പഠനത്തിനു കോഴ്സുകൾ തെരഞ്ഞെടുക്കാനുള്ള മാർഗ്ഗനിർദ്ദേശവും മത്സരപ്പരീക്ഷകളിൽ പങ്കെടുക്കാനും സ്വയം തൊഴിൽ കണ്ടെത്താനുള്ള സംരംഭകത്വപരിശീലനവും നൽകിവരുന്നു. കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസി(കേയ്‌സ്)ന്റെ അക്രഡിറ്റഡ് ഏജൻസികൾ മുഖേന മെക്കാനിക്കൽ എൻജിനീയറിങ്, സൗന്ദര്യസംരക്ഷണചികിത്സ, ഓട്ടോമേഷൻ, ആയുർവ്വേദം, ഫിസിയോ തെറാപ്പി, മറൈൻ, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, അപ്ലൈഡ് ഇക്കണോമിക്സ്, സയന്റിഫിക് ഇലക്ട്രോളിസിസ്, മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ, ആർക്കിടെക്‌ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ, ഓയിൽ റിഗ്, വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ, നഴ്സിങ് മേഖലകളിൽ പരിശീലനം നൽകി.

മത്സ്യത്തൊഴിലാളികളുടെ അഭ്യസ്തവിദ്യരായ മക്കൾക്ക് കരിയർഗൈഡൻസ് പരിശീലനങ്ങൾ നൽകിവരുന്നു.

സ്‌കിൽ ഡെലിവറി പ്ലാറ്റ്‌ഫോം പദ്ധതി: എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ തൊഴിൽനൈപുണ്യം വളർത്താൻ. 150 എൻജിനീയറിങ് കോളേജുകളെ ഐ.ടി. പാർക്കുകളുമായി ബന്ധിപ്പിച്ചുകൊണ്ടുളള പദ്ധതിക്ക് കെ.എസ്. ഐ.റ്റി.ഐ.എല്ലും ഐ.സി.റ്റി. അക്കാഡമിയും ചേർന്ന് പ്രാരംഭനടപടി തുടങ്ങി.

ഒബിസി വിഭാഗത്തിൽ 5200 പേർക്കു സംരംഭകപരിശീലനം നൽകി.

1500 സ്റ്റാർട്ടപ്പുകൾ:

 

നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ 14 ജില്ലാവ്യവസായകേന്ദ്രങ്ങളിലും ബിസിനസ് ഇൻകുബേഷൻ സെന്ററുകൾ ആരംഭിച്ചു.

2016-17 ൽ സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയിൽ 15,535 യൂണിറ്റുകൾ ആരംഭിച്ചു. വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്താൻ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ 257 സംരംഭകത്വക്ലബ്ബുകൾ തുടങ്ങി. നൂതനാശയങ്ങളോടെയുള്ള പുതിയ ചെറുകിട സംരംഭങ്ങൾക്ക് കെ.എസ്.ഐ.ഡി.സി. മൂലധനമായി 25 ലക്ഷം രൂപവരെ വായ്പ നൽകുന്നു. 2016-17 സാമ്പത്തിക വർഷം സ്റ്റാർട്ടപ്പ് ടെക്‌നിക്കൽ സബ്‌സിഡിയായി 98 എം.എസ്.എം.ഇ. യൂണിറ്റുകൾക്കും ഇൻവെസ്റ്റ്‌മെന്റ് സപ്പോർട്ടായി 939 യൂണിറ്റുകൾക്കും സ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് സബ്‌സിഡിയറി 64 യൂണിറ്റുകൾക്കും കൂടി മൊത്തം 46.32 കോടി രൂപ അനുവദിച്ചു.

സ്റ്റാർട്ട് അപ് സംരംഭങ്ങൾക്ക് അനുയോജ്യമായ അടിസ്ഥാനസൗകര്യവും വളരാനുളള സാഹചര്യവും; കൊച്ചിയിലെ മേക്കർ വില്ലേജ്; 20 എഞ്ചിനീയറിംഗ് കോളേജുകളിൽ ഫാബ് ലാബുകൾ; ആശയങ്ങൾ ഉൽപന്നങ്ങളാക്കാനുളള പിന്തുണാസംവിധാനം; 20 കോടി രൂപയുടെ സഞ്ചിതനിധി.

വർഷംതോറും 1000 നൂതന ആശയങ്ങൾക്കു രണ്ടുലക്ഷം രൂപവീതം പ്രോത്സാഹനം. ഇതിൽ 250 എണ്ണത്തിന്‌ ഒരുകോടി രൂപവീതം ഈടില്ലാത്ത വായ്പ. ഇതിന്‌ 20 ശതമാനം ഗവണ്മെന്റ്‌ ഏഞ്ചൽ, 20 ശതമാനം സെബി അംഗീകാരമുള്ള സ്വകാര്യനിക്ഷേപകർ, 60 ശതമാനം ബാങ്ക്‌ എന്നിങ്ങനെ പണം കണ്ടെത്തും. നടപ്പാക്കും. സ്റ്റാർട്ടപ്പുകൾക്കു പ്രോത്സാഹനമായി സർക്കാരിലേക്കു വേണ്ട ആഞ്ചുലക്ഷം രൂപവരെയുള്ള ഉല്പന്നങ്ങൾ സ്റ്റാർട്ടപ് മിഷൻ അംഗീകരിച്ച സ്റ്റാർട്ടപ്പുകളിൽനിന്നു വാങ്ങാൻ അനുവദിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.
എസ്‌.സി-എസ്‌.ടി വിഭാഗങ്ങൾ ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകൾക്കു പ്രത്യേക സാമ്പത്തിക പാക്കേജ്‌ കൊണ്ടുവരും. പക്കേജ് ആയിട്ടില്ല. സ്റ്റാർട്ടപ്പുകൾക്കായി മണ്ണന്തലയിൽ പ്രത്യേകപരിശീലനം ആരംഭിച്ചു.
ഒരുകോടി അധിക ചതുരശ്ര അടി ഐ.റ്റി പാർക്ക്: കേരളത്തിലെ ഐ.ടി പാർക്കു വിസ്തൃതി 1.3 കോടി ചതുരശ്ര അടിയിൽനിന്ന് 2.3 കോടി ചതുരശ്ര അടിയായി വർദ്ധിപ്പിക്കും. ആദ്യവർഷം വിവിധ ഐറ്റി പാർക്കുകളിലായി 17 ലക്ഷം ച. അടി അടിസ്ഥാനസൗകര്യം ഒരുക്കി. കൊച്ചി ഇൻഫോപാർക്ക് രണ്ടാം ഘട്ടം ജ്യോതിർമയ ബഹുനില ഐ.ടി. മന്ദിരത്തിന്റെ നിർമ്മാണം (109.82 കോടി) 4 ലക്ഷം ച. അടി പൂർത്തിയായി. കോഴിക്കോട് സൈബർ പാർക്കിൽ 2.88 ലക്ഷം ച. അടിയുളള അഞ്ചുനില ഐ.ടി. കെട്ടിടം സജ്ജം. കൂടാതെ കോ-ഡവലപ്പേഴ്‌സ് പാർക്കുകളുടെ അടിസ്ഥാനസൗകര്യവും ഒരുങ്ങുന്നു. (ബ്രിഗേഡ് – 4 ലക്ഷം ച. അടി, സ്മാർട്ട് സിറ്റി – 6 ലക്ഷം, യു.എൽ.സി.സി. – 3 ലക്ഷം ച. അടി).

ടെക്‌നോസിറ്റിയിലെ രണ്ടുലക്ഷം ച അടി കെട്ടിടത്തിന്റെ നിർമാണത്തിനുളള (105.44 കോടി രൂപ) ടെൻഡർ നടപടി പൂർത്തിയാകുന്നു.

കൊച്ചിയിലെ ടെക്‌നോളജി ഇന്നവേഷൻ സോണിൽ മൂന്നുലക്ഷം ച അടിയിലെ കെട്ടിടത്തിന്റെ നിർമ്മാണം ജൂണിൽ ആരംഭിക്കും. നിർമ്മാണോത്തരവ് നൽകി.

ഇതുവഴി 2.5 ലക്ഷം പേർക്കു പ്രത്യക്ഷതൊഴിൽ ലഭിക്കും. സംരംഭങ്ങൾ വരുന്നമുറയ്ക്കു കണക്കു ലഭ്യമാകും. ആദ്യവർഷം ഐറ്റി പാർക്കുകളിൽ 9,000 പേർക്കു തൊഴിൽ ലഭിച്ചു.
വിദേശടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കും: കേരളത്തിൽ വരുന്ന വിദേശടൂറിസ്റ്റുകളുടെ എണ്ണം 12 ലക്ഷത്തിൽനിന്ന് അഞ്ചുവർഷംകൊണ്ട്‌ 24 ലക്ഷമായി ഉയർത്തും. ടൂറിസ്റ്റുകളുടെ വളർച്ചാനിരക്കിലെ കുറവ് കണ്ടെത്തി പരിഹരിക്കാൻ പഠനം നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ കാര്യക്ഷമമായ ആഗോളമാർക്കറ്റിങ് നടത്തുകയും ചെയ്തു. ഇതിന്റെ ഫലമായി 10,38,419- വിദേശസഞ്ചാരികൾ വന്നു. മുൻവർഷത്തെക്കാൾ 60,940 പേർ (6.23%) കൂടുതൽ. മുൻ‌സർക്കാരിന്റെ മദ്യനയവും നോട്ടുനിരോധവും സൃഷ്ടിച്ച തിരിച്ചടിക്കിടയിലാണ് ഈ നേട്ടം

ഈ വർഷം ടൂറിസം മാർക്കറ്റിങ്ങിന് 75 കോടി രൂപ വച്ചിട്ടുണ്ട്. മുൻവർഷത്തെക്കാൾ 50% കൂടുതൽ.

ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 25 ശതമാനം വർദ്ധിപ്പിക്കും. 2016-ൽ 1,31,72,535 ആഭ്യന്തരസഞ്ചാരികൾ വന്നു. 7,06,964 പേരുടെ (5.67%) വർദ്ധന.

 

ഇതിൽനിന്ന് അഞ്ചുവർഷംകൊണ്ട് നാലുലക്ഷംപേർക്കു തൊഴിൽ ലഭിക്കും. കണക്കു ലഭ്യമായിട്ടില്ല.
പൊതുമേഖല ലാഭത്തിൽ: പൊതുമേഖലയെ വീണ്ടും പുനരുദ്ധരിക്കും. വീണ്ടും ലാഭകരമാക്കും. പൊതുമേഖലാസ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 2015-16 ൽ 131.60 കോടി രൂപ ആയിരുന്നത് 2016-17 ൽ 71.34 കോടി രൂപയായി കുറച്ചു. 2016-17 ൽ 13 എണ്ണം ലാഭത്തിൽ പ്രവർത്തിച്ചു. പൊതുമേഖലാസ്ഥാപനങ്ങളുടെ നവീകരണത്തിനായി 2017-18 ബജറ്റിൽ 270 കോടി രൂപ. കേരള മിനറൽസ് & മെറ്റൽസ്  (കെ.എം.എം.എൽ) മലബാർ സിമന്റ്‌സ് (എം.സി.എൽ) കേരള സ്റ്റേറ്റ്  ഡ്രഗ്‌സ് & ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (കെ.എസ്.ഡി.പി.), ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് (ടി.സി.സി.എൽ), കെൽട്രോൺ, ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡ് എന്നിവയുടെ നവീകരണത്തിനു കിഫ്ബി ധനസഹായം പരിഗണനയിൽ. കേരള മെഡിക്കൽ സപ്ലൈസ് കോർപ്പറേഷനിൽനിന്നു കെ.എസ്.ഡി.പി.യ്ക്ക് കൂടുതൽ ഓർഡർ നൽകാൻ നടപടി.  സ്ഥാപനത്തിന്  എൻഎ‌ബിഎൽ അംഗീകാരം ലഭിച്ചു. കെ.എസ്.ഡി.പി. പ്രവർത്തന വിപുലീകരണത്തിന് 18.15 കോടി രൂപ കൂടാതെ 10 കോടി രൂപയുടെ അധിക ധനസഹായം. കേരളത്തിനാവശ്യമായ നോൺ ബിറ്റലാക്ടം മരുന്നുകളും ഇൻജക്ടബിൾസ്, ഹോസ്പിറ്റൽ ഡിസ്‌പോസിബിൾസ് എന്നിവയും നിർമ്മിക്കാൻ ആരോഗ്യമേഖലയുമായി സഹകരിച്ച് വിപുലമായ പരിപാടി. കെ.എം.എംഎൽ.-ന്റെ ലാഭം 2016-17 ൽ 40.37 കോടിയായി ഉയർത്തി.  വൈദ്യുതോപകരണങ്ങളും കേബിളുകളും ട്രാക്കോ, കെൽ, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ടെൽക്ക് എന്നീ സ്ഥാപനങ്ങളിൽനിന്നു കെ.എസ്.ഇ.ബി വാങ്ങുമ്പോൾ 15% പ്രൈസ് പ്രിഫറൻസും 35% പർച്ചേയ്‌സ് പ്രിഫറൻസും നൽകാൻ ഉത്തരവ് പുറപ്പെടുവിച്ചു.  കേന്ദ്രസ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ കേന്ദ്ര ഘന വ്യവസായ വകുപ്പിന് കീഴിൽ സ്വതന്ത്രസ്ഥാപനമായി നിലനിർത്തണമെന്നും കടബാദ്ധ്യത തീർക്കാൻ 100 കോടി രൂപ ഗ്രാന്റായോ ലോണായോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചു. കേന്ദ്രം പൂട്ടിയിട്ടിരുന്ന പാലക്കാട്ടെ ഇൻസ്റ്റ്രുമെന്റേഷൻ കോർപ്പറേഷൻ സംസ്ഥാനസർക്കാർ ഏറ്റെടുക്കുന്നു.
ഉല്പാദനശേഷിയിൽ 50 % വർദ്ധന സൃഷ്ടിക്കും. ഓരോ സ്ഥാപനത്തെയും പറ്റി പഠിച്ച് നടപടി സ്വീകരിക്കും.
കേരളത്തിന്റെ അമൂല്യധാതുസമ്പത്തായ കരിമണൽ ടൈറ്റാനിയം മെറ്റൽ വരെയുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി മാറ്റാൻ ചവറയിലെ കേരള മിനറൽസ് & മെറ്റൽസ് കമ്പനിയെക്കൂടി ഉൾപ്പെടുത്തി ബൃഹത്തായ വ്യവസായസമുച്ചയം സ്ഥാപിക്കും. ആലോചനയിൽ
പ്രകൃതിവാതക പൈപ്പ്‌ലൈൻ പൂർത്തീകരിക്കൽ: വാതക പൈപ്പ്‌ ലൈൻ പൂർത്തീകരിച്ചുകൊണ്ട്‌ കൊച്ചി പ്രകൃതിവാതക ടെർമിനലിനെ ദേശീയ വാതകഗ്രിഡുമായി ബന്ധിപ്പിക്കും. അതുവഴി താപോർജ്ജാധിഷ്ഠിതവ്യവസായങ്ങൾ അഭിവൃദ്ധിപ്പെടും. ഗാർഹിക പാചകവാതക ലഭ്യത വർദ്ധിപ്പിക്കും. പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതി പുനരുജ്ജീവിപ്പിച്ചു. 503 കിലോമീറ്റർ ദൂരത്തിൽ 453 കിലോമീറ്ററിൽ ഭൂവിനിയോഗാവകാശം പൂർത്തിയായി. ഈ സർക്കാർ വരുമ്പോൾ കോഴിക്കോട് ജില്ലയിൽ ഒരു കിലോമീറ്റർ ഭൂമി പോലും ഏറ്റെടുത്തിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ 80 കിലോമീറ്ററിൽ 70 കിലോമീറ്ററിന്റെ നഷ്ടപരിഹാരം തിട്ടപ്പെടുത്തി.

എറണാകുളം, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ പൈപ്പ്‌ലൈൻ ഇട്ടുതുടങ്ങി. മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രാരംഭപ്രവർത്തനം ആരംഭിച്ചു.

ഗാർഹികപാചകവാതകലഭ്യത വർദ്ധിപ്പിക്കാൻ ഊർജ്ജിതനടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഇലക്ട്രോണിക്‌ ഹാർഡ്‌വെയർ വ്യവസായവികസനം: കെൽട്രോൺ പുനരുദ്ധരിക്കും. കെൽട്രോണിനെ പ്രമുഖ ഇലക്‌ട്രോണിക് ഹാർഡ്‌വെയർ കേന്ദ്രമാക്കും. 10 കോടി രൂപ അനുവദിച്ചു. സോളാർ ഫോട്ടോ വോൾട്ടേയ്‌ക് പവർപ്ലാന്റുകൾ, സ്മാർട്ട് എനർജി മീറ്ററുകൾ, ഡിഫൻസ് എക്യുപ്‌മെന്റ് എന്നിവ ആദ്യഘട്ടത്തിൽ നിർമ്മിക്കും. കെൽട്രോൺ കമ്പോണന്റ് കോംപ്ലക്‌സിന്റെ കപ്പാസിറ്റർ ഉൽപ്പാദനം വിപുലീകരിക്കുന്ന പദ്ധതിക്ക് അഞ്ചുകോടി നൽകി.
ആമ്പല്ലൂർ ഇലക്‌ട്രോണിക്‌ ഹാർഡ്‌വെയർ പാർക്കു പൂർത്തീകരിക്കും. സ്ഥലമെടുപ്പിനു 90 കോടിരൂപയുടെ ഭരണാനുമതി നൽകി.
ഈ മേഖലയിൽ ദേശീയഹബ്ബായി കേരളത്തെ മാറ്റും. പരിപാടികൾ ആലോചനയിൽ.
മൂല്യവർദ്ധിതവ്യവസായങ്ങൾ: കൃഷിക്കാരുടെ പ്രൊഡ്യൂസർ കമ്പനികളുടെ ആഭിമുഖ്യത്തിൽ നാളികേരം, റബർ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയ കാർഷികവിഭവങ്ങളുടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായശൃംഖലയ്ക്കു രൂപംനൽകും. ഇവയുടെ ഗുണനിലവാരം ഉറപ്പുവരുത്തും. ഇതിനായി 50 വ്യവസായപാർക്കുകൾ സ്ഥാപിക്കും. കാര്‍ഷികമേഖലയിൽ മൂല്യവർദ്ധിത ഉല്‍പ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ എല്ലാ ജില്ലയിലും അഗ്രോപാർക്കിനു നടപടിയായി. പഞ്ചായത്തുതലത്തിൽ ഓരോ മൂല്യവർദ്ധന സംരംഭകഗ്രൂപ്പു രൂപവത്ക്കരിക്കുന്നു. തദ്ദേശീയകാർഷികോല്പന്നങ്ങളുടെ മൂല്യവർദ്ധനയ്ക്ക് 200-ഓളം സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ തുടങ്ങാനും പരിപാടിയുണ്ട്. അഗ്രി ബിസിനസ് സംരംഭങ്ങൾ ശക്തിപ്പെടുത്താൻ എസ്എഫ്എ‌സി, സമേതി, കൃഷിവകുപ്പിന്റെ വിപണനവിഭാഗം തുടങ്ങിയവയെ ഏകോപിപ്പിച്ചു പ്രവർത്തിപ്പിക്കും. കാർഷികസംസ്ക്കരണത്തെയും മൂല്യവർദ്ധനയെയും പറ്റി ‘വൈഗ 2016’ അന്താരാഷ്ട്രശില്പശാലയും പ്രദർശനവും നടത്തി. ഇതിലെ നിർദ്ദേശങ്ങൾ കേരഫെഡ് നടപ്പാക്കും. സേഫ് റ്റു ഈറ്റ് ഉല്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ തൃശൂരിൽ സംയോജിതരീതിയിൽ സ്റ്റാർട്ട് അപ് വില്ലേജ് ആരംഭിച്ചു. പുനലൂരിൽ അഗ്രോപാർക്ക് നിർമ്മാണം തുടങ്ങി. മറ്റു വിവിധ സ്ഥാപനങ്ങളിൽ വിപുലീകരണവും പുതിയ ഉല്പാദനവിപണനകേന്ദ്രങ്ങളും. മൂല്യവർദ്ധിതോല്പന്നങ്ങൾ ഒറ്റ ബ്രാൻഡ് നാമത്തിൽ വിപണനം ചെയ്യാൻ കേരള അഗ്രിബിസിനസ് കമ്പനി രണ്ടാംവർഷം രൂപവത്ക്കരിക്കും.
കാർഷികവരുമാന ഉറപ്പ്‌ പദ്ധതി: കർഷകർക്കു മിനിമം വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി ആരംഭിക്കും. ഇത്‌ കേന്ദ്ര-സംസ്ഥാന സംയുക്തസ്കീമായിട്ടായിരിക്കും നടപ്പിലാക്കുക. ആരംഭിച്ചിട്ടില്ല. കർഷകരുടെ ഉല്പന്നങ്ങൾക്കു ന്യായവില കിട്ടാത്ത സാഹചര്യത്തിൽ സഹായിക്കാൻ റിസ്ക് ഫണ്ട് നൽകിവരുന്നു.
ക്ഷേമപദ്ധതികൾ കൂടുതൽ വിപുലീകരിക്കും. കർഷകപെൻഷനിൽ മുൻസർക്കാർ വരുത്തിയ 22 മാസത്തെ കുടിശികയിൽ 151.4 കോടി രൂപ വിതരണം ചെയ്തു. വരൾച്ചയുടെ പശ്ചാത്തലത്തിൽ 31.03.2016 വരെയുള്ള കാർഷികകടങ്ങൾക്കു മോറട്ടോറിയം പ്രഖ്യാപിച്ചു. ദീർഘകാലമോറട്ടോറിയം ആവശ്യമായാൽ ആലോചിക്കും. ചരിത്രത്തിൽ ആദ്യമായി പച്ചക്കറിസംഭരണത്തിനു കർഷകർക്ക് ഇൻസെന്റീവ് നൽകി. കർഷകർക്കു നാലുശതമാനം പലിശയ്ക്കു വായ്പ നൽകാൻ ഗ്രാമീൺ ബാങ്കുമായി ചേർന്ന് ‘ഹരിതകാർഡ്’ ആരംഭിച്ചു. വളം, കീടനാശിനി വില്പനവില നിയന്ത്രിച്ചു. വിള ഇൻഷുറൻസ് നഷ്ടപരിഹാരം ഇരട്ടി മുതൽ പത്തിരട്ടി വരെ ആക്കി. പ്രകൃതിക്ഷോഭങ്ങളിലെ വിളനഷ്ടപരിഹാരം 2012 മുതലുള്ള കുടിശിക 52.00 കോടി രൂപ അടിയന്തരസഹായം നൽകി.
എല്ലാ പഞ്ചായത്തിലും ലേബർ ബാങ്ക്‌ പോലുള്ള സംവിധാനങ്ങൾ സൃഷ്ടിടിക്കും. നിലവിൽ ഈ രംഗത്തു നടന്ന പരീഷണങ്ങൾ പഠിച്ച് നടപ്പിലാക്കും.
കർഷകത്തൊഴിലാളികൾക്ക് ആധുനിക കൃഷിസങ്കേതങ്ങളിൽ പരിശീലനവും സുരക്ഷിതത്വവും ഉറപ്പുവരുത്തും. പരിശീലനപരിപാടികൾ ആവിഷ്ക്കരിച്ചു നടപ്പാക്കിവരുന്നു.
നെൽവയലുകൾക്കു റോയൽറ്റി നൽകും. നടപ്പാക്കിയിട്ടില്ല.
കൃഷിക്കായി കൂടുതൽ തുക നീക്കിവെക്കും. ഈ സർക്കാർ രണ്ടു ബജറ്റിലും തുക ഗണ്യമായി ഉയർത്തി.
കാർഷികമേഖലയുടെ അടങ്കൽ 2015-16ൽ 1756.24 കോടി രൂപ ആയിരുന്നത് 2016-17ൽ 2596 കോടി രൂപയാക്കി ഉയർത്തി. പുതിയ കണക്കുപ്രകാരം 2693 കോടി രൂപ വിനിയോഗിച്ചു. 2017-18ൽ 2908.91 കോടി രൂപയാക്കി വീണ്ടും ഉയർത്തി.
മറ്റു വൻകിട പ്രോജക്ടുടുകൾ: സമയബന്ധിതമായി പൂർത്തീകരിക്കും. ഓരോന്നിന്റെയും വിവരം ചുവടെ.
1. വിഴിഞ്ഞം ഹാർബർ: 565 മീറ്റർ പുലിമുട്ടു പൂർത്തിയാക്കി. 800 മീറ്ററുള്ള ബർത്തിന്റെ നിർമ്മാണം ഉടൻ തുടങ്ങും. ഡ്രഡ്‌ജിങ്ങും കര വീണ്ടെടുക്കലും 40 ശതമാനം പൂർത്തിയായി. ഇതിൽ 35 ശതമാനവും നടന്നത് ഈ മന്ത്രിസഭ വന്നശേഷം.
2. അഴീക്കൽ ചെറുകിടതുറമുഖം: കിഫ്ബിയിൽ 486 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. കമ്പനി രൂപവത്ക്കരിക്കാൻ നടപടി തുടങ്ങി.
3. ബേപ്പൂർ ചെറുകിട തുറമുഖം: ട്രാൻസിറ്റ് ഷെഡ്, ഒരുകോടി ലീറ്റർ ശേഷിയുള്ള ഭൂതല ആർ.സി.സി. സമ്പ് വെൽ, പോർട്ട് തൊഴിലാളികളുടെ സുരക്ഷാപരിശോധനമുറി, വിശ്രമമുറി എന്നിവ പൂർത്തിയായി.
4. പൊന്നാനി ചെറുകിടതുറമുഖം: നിർമ്മാണം ആരംഭിച്ചു. മണൽ ശുദ്ധീകരണശാല 2017 മേയ് 7ന് ഉദ്ഘാടനം ചെയ്തു.
5. തങ്കശ്ശേരി ചെറുകിടതുറമുഖം: കൊല്ലം തുറമുഖം – കൊച്ചുപിലാമ്മൂട് റോഡുവികസനം പൂർത്തിയായി. പാസഞ്ചർ ടെർമിനൽ 75 ശതമാനം തീർന്നു.
6. ലൈറ്റ്‌ മെട്രോ: കോഴിക്കോട് പന്നിയങ്കര മേൽപ്പാലം ഉദ്ഘാടനം കഴിഞ്ഞു. തിരുവനന്തപുരത്ത് പട്ടം, ശ്രീകാര്യം, ഉള്ളൂർ എന്നിവടങ്ങളിൽ മേൽപ്പാലത്തിന് ഈ സർക്കാർ ഭരണാനുമതി നൽകി. കിഫ്ബിയിൽനിന്ന് 272 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്ഥലമെടുപ്പു നടന്നുവരുന്നു. കോഴിക്കോട്ടും തിരുവനന്തപുരത്തും ഡിപ്പോയ്ക്ക് (യാർഡ്) സർക്കാർഭൂമി വിട്ടുനൽകി.
7. കണ്ണൂർ വിമാനത്താവളം: റൺവെ 4000 മീറ്റർ ആയി പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെ നാലാമത്തെ വലിയ വിമാനത്താവളമായി ഇതു മാറും. ഇതിനുള്ള സ്ഥലം ഏറ്റെടുക്കൽനടപടി ആരംഭിച്ചു.

അപ്രോച്ച് റോഡുകളുടെ ഭരണാനുമതി നൽകി. നിർമ്മാണം ത്വരിതഗതിയിൽ പുരോഗമിക്കുന്നു.

ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്താൻ 18 തോടുകളുടെ നിർമ്മാണത്തിനു മന്ത്രിസഭ അനുവാദം നൽകി. നിർമ്മാണം പുരോഗമിക്കുന്നു.

എയർപോർട്ടിന്റെ ഇന്റീരിയർ, ഉപകരണങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ എന്നിവ സ്ഥാപിക്കാനുളള നടപടി സ്വീകരിച്ചു.

മുഴുവൻ നീളത്തിലുള്ള പാരലൽ ടാക്‌സി വേ നിർമ്മിക്കാൻ അനുമതി നൽകി. പ്രവർത്തനം തുടങ്ങി.

അത്യാധുനിക ഇന്റർനാഷണൽ എയർ കാർഗോ കോംപ്ലക്‌സ്, നാലുനിലയുളള ആധുനിക ഓഫീസ് സമുച്ചയം, സി.ഐ.എസ്.എഫിനായുളള മൂന്നുനില റസിഡൻഷ്യൽ കെട്ടിടം, എയർപോർട്ടിനുളളിൽ യാത്രക്കാർക്കും സന്ദർശകർക്കും താമസിക്കാനുളള ഡേ ഹോട്ടൽ എന്നിവയ്ക്ക് അനുമതി നൽകി. ടെൻഡർ നടപടി പൂർത്തിയാകുന്നു.

ഗ്രൗണ്ട് ഹാൻഡ്‌ലിങ്ങിനുളള ഏജൻസിയെ നിയോഗിച്ചു.

8. കൊച്ചി മെട്രോ: കലൂർ മുതൽ കാക്കനാട് വരെയുളള എക്‌സറ്റൻ‌ഷന്റെ 2577.25 കോടി രൂപയുടെ പുതുക്കിയ പദ്ധതിനിർദ്ദേശം അംഗീകരിച്ചു. കെ.എം.ആർ.എല്ലിനെ പൂർണ്ണമായും പ്രവർത്തന സജ്ജമായ ഓപ്പറേറ്റിങ് ഏജൻസി ആക്കി മാറ്റാൻ കഴിഞ്ഞു. കൊച്ചി വൺ കാർഡ് വികസിപ്പിച്ചു. ആലുവ മുതൽ പാലാരിവട്ടം വരെയുളള 11 മെട്രോ സ്റ്റേഷനുകളുടെ നിർമ്മാണം പൂർത്തിയാക്കി. സൗരവൈദ്യുതി ഉത്പാദിപ്പിക്കാൻ പാനലുകൾ  സ്ഥാപിക്കൽ തുടങ്ങി. റെയിൽ സേഫ്റ്റി കമ്മിഷണറുടെ ക്ലീയറിങ്‌സ് ലഭിച്ചു. കൊച്ചിൻ മെട്രോ ഹരിതാഭമാക്കാൻ ശ്രമം ആരംഭിച്ചു.

പ്രത്യേകപരിശീലനം നേടിയ പോലീസുകാരെ കൊച്ചി മെട്രോയിൽ നിയമിക്കാൻ നടപടി ആരംഭിച്ചു.

പേട്ട വരെയുളള മെട്രോ പദ്ധതിയുടെ സ്ഥല മേറ്റെടുക്കൽ ത്വരിതപ്പെടുത്താൻ നടപടി. മെട്രോ സ്റ്റേഷനുകളുടെ ശുചിത്വപരിപാലനം, ടിക്കറ്റ് വിതരണം എന്നിവ കുടുംബശ്രീയെ ഏൽപ്പിച്ചു. ഭിന്നലിംഗക്കാരെയും ഭിന്നശേഷിക്കാരെയും

സ്റ്റാഫിൽ ഉൾപെടുത്താൻ തീരുമാനിച്ചു.

9. സ്‌മാര്‍ട്ട്‌ സിറ്റി: ഫ്രെയിംവർക്ക് എഗ്രിമെന്റുമായി ബന്ധപ്പെട്ടുളള ആശങ്കകൾ ദൂരീകരിച്ചു. 2021-ൽ പദ്ധതി പൂർണ്ണമായും പ്രവർത്തനക്ഷമമാകും എന്ന് ഉറപ്പാക്കി.
വൈദ്യുതി ഉല്‍പാദനം: വിശദവിവരം ചുവടെ.
1200 മെഗാവാട്ട്‌ ശേഷിയുള്ള തെർമ്മൽ നിലയം: സാദ്ധ്യത പരിശോധിച്ചുവരുന്നു.
300 മെഗാവാട്ട്‌ ജലവൈദ്യുതി: വെള്ളത്തൂവൽ, പതങ്കയം, പെരുന്തേനരുവി ജലവൈദ്യുതിപദ്ധതികൾ കമ്മിഷൻ ചെയ്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്തു പണി മുടങ്ങിക്കിടന്ന പള്ളിവാസൽ, തോട്ടിയാർ, ചാത്തങ്കോട്ടുനട തുടങ്ങിയ പദ്ധതികൾ പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചു. അപ്പർ കല്ലാർ ചെറുകിടജലവൈദ്യുതിപദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു. പെരുവണ്ണാമൂഴി, പഴശ്ശിസാഗർ ചെറുകിടപദ്ധതികളുടെ നിർമ്മാണടെൻഡർ നടപടി പൂർത്തിയായിവരുന്നു.
1000 മെഗാവാട്ട്‌ സോളാർ വൈദ്യുതി: കാസർകോട്ട് 200 മെഗാവാട്ടിന്റെ സോളാർ പാർക്ക് നിർമ്മാണം തുടങ്ങി. 30 മെഗാവാട്ട് നിലയം പൂർത്തിയായി. വിവിധപദ്ധതികളിൽ 12 മെഗാവാട്ട് വേറെയും ഉല്പാദിപ്പിച്ചു..
സംസ്ഥാനത്തെ ബൾബുകളെല്ലാം എൽ.ഇ.ഡിയിലേക്കു മാറ്റുന്നതിനും വൈദ്യുതിക്ഷമത വർദ്ധിപ്പിക്കുന്നതിനും ജനകീയകാമ്പയിൻ ആരംഭിക്കും. സംസ്ഥാനത്തെ മുഴുവൻ തെരുവുവിളക്കുകളും എൽ.ഇ.ഡി.യാക്കി മാറ്റാനും ഓട്ടോമാറ്റിക്ക് നിയന്ത്രണം ഏർപ്പെത്താനുമുള്ള പദ്ധതിക്കു രൂപം നല്‍കി. സംസ്ഥാനത്തെ വൈദ്യുതോപഭോക്താക്കൾക്കു കുറഞ്ഞ വിലയ്ക്ക് എൽ.ഇ.ഡി., കാര്യക്ഷമതയുള്ള വൈദ്യുതോപകരണങ്ങൾ എന്നിവ ലഭ്യമാക്കുന്ന പദ്ധതിയും ആവിഷ്കരിച്ചു.
ജലസുരക്ഷാക്യാമ്പയിൻ: ജലസുരക്ഷയ്ക്കുവേണ്ടി ഒരു ബൃഹദ്ക്യാമ്പയിൻ ആരംഭിക്കും. ഹരിതകേരളം മിഷൻ വഴി പ്രവർത്തനം ആരംഭിച്ചു. ജലവിനിയോഗവും ജലസംരക്ഷണവും സംബന്ധിച്ചു പൊതുസമൂഹത്തിൽ ബോധവൽക്കരണം നടത്തുന്ന പദ്ധതികൾ നടക്കുന്നു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിനുള്ള പരിപാടിക്കു തുടക്കം കുറിച്ചിട്ടുണ്ട്.
മൈക്രോ നീർത്തടം മുതൽ നദീതടംവരെ സമഗ്രമായ മണ്ണ്‌-ജല സംരക്ഷണനടപടികൾ ആവിഷ്‌കരിക്കും. ഹരിതകേരളം മിഷന്റെ ഭാഗമായി നദികളുടെ സമഗ്രസംരക്ഷണം ലക്ഷ്യമിട്ട് നീർത്തട മാസ്റ്റർ പ്ലാനുകൾ ഉണ്ടാക്കി, നദികളുടെ വൃഷ്ടിപ്രദേശത്ത് ജല-മണ്ണ് സംരക്ഷണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു.

കൃഷിവകുപ്പ് അർഐ‌ഡിഎഫിന്റെ പലഘട്ടങ്ങളിൽ ഉൾപ്പെട്ട 100 നീർത്തടപദ്ധതികളിലൂടെ 6500 ഹെക്ടറിൽ വിവിധ മണ്ണുസംരക്ഷണപ്രവർത്തനങ്ങൾ നടത്തി. പാലക്കാടു ജില്ലയി 27 കുളം നവീകരിച്ചു. തദ്ദേശഭരണവകുപ്പ് 83 പ്രോജക്റ്റുകളിലായി 4.27 ലക്ഷം ഹെക്ടറിൽ നീർത്തടപരിപാലനം ഏറ്റെടുത്തു. 18.36 ഹെക്ടറിൽ ജലസേചനം എത്തിച്ചു. മഴക്കൊയ്ത്തിനും ജലസംഭരണത്തിനും ഉള്ള 439 പുതിയ നിർമ്മാണം നടത്തി. നിലവിലുള്ള 420 നിർമ്മിതികൾ കുറ്റം തീർത്തു.

അന്തർസംസ്ഥാന നദീജല കരാറുകൾ സമയബന്ധിതമായും കാലോചിതമായും പുനരവലോകനം ചെയ്യുന്നതിന് സ്ഥിരം കർമ്മസേന ഉണ്ടാക്കും. ഇതിനായി വി ജെ കുര്യൻ (റിട്ട. ഐഎഎസ്) അദ്ധ്യക്ഷനായി വിദഗ്ദ്ധസമിതി രൂപവത്ക്കരിച്ചിട്ടുണ്ട്.
സംസ്ഥാനാന്തര നദിജലപദ്ധതിയുടെ ഭാഗമായി ജലസുരക്ഷാനടപടികൾ ഊർജ്ജിതമായി നടത്തിവരുന്നു.
ഭക്ഷ്യസുരക്ഷ: പച്ചക്കറി, മുട്ട, പാൽ എന്നിവയിൽ സ്വയംപര്യാപ്‌തത കൈവരിക്കും. ഓരോ രംഗത്തെയും വിവരം ചുവടെ.
1. പച്ചക്കറി: പച്ചക്കറിക്കൃഷിയുടെ വ്യാപനത്തിനു വിപുലമായ പരിപാടികൾ തുടങ്ങി. ഹരിതകേരളം മിഷനും പ്രവർത്തനങ്ങൾ നടത്തുന്നു. ഹോർട്ടികോർപ്പിന്റെയും മറ്റും പ്രവർത്തനം വിപുലീകരിച്ചിട്ടുണ്ട്. ഭൂമി കൃഷിയോഗ്യമാക്കാൻ ‘സുജലം സുഫലം’ പദ്ധതി നടപ്പാക്കി. ഗ്രാന്റീസ് മരങ്ങൾ ജലമൂറ്റി വരൾച്ച ബാധിച്ച വട്ടവട കാന്തല്ലൂർ മേഖലകളിൽ 500 ഹെക്റ്ററിലെ ഗ്രാന്റിസ് മരങ്ങൾ വെട്ടിമാറ്റി പച്ചക്കറിക്കൃഷി ചെയ്യുന്നു. ഇവിടത്തെ സംഭരണം 5-6 ടണ്ണിൽനിന്ന് 13-15 ടണ്ണാക്കി. ബാങ്കില്ലാത്ത വട്ടവടയിൽ കേരളഗ്രാമീൺ ബാങ്കും എ.ടി.എമ്മും കൊണ്ടുവന്നു. വായ്പ ലഭിക്കാൻ കർഷകർക്ക് ഹരിതകാർഡു നൽകി. മൂന്നാറിൽനിന്ന് പ്രതിവർഷം 57,000 മെട്രിക് ടൺ പച്ചക്കറി സംഭരിക്കും. 50000 ഹെക്ടറിൽക്കൂടി പച്ചക്കറിക്കൃഷി വ്യാപിപ്പിക്കും. പാരമ്പര്യവിത്തുകളുടെ ഉത്പാദനത്തിനും വിതരണത്തിനും ജൈവ ഉത്പാദനോപാധികളുടെ കൃഷിയിടനിർമ്മാണത്തിനും പ്രത്യേകപദ്ധതികൾ. വട്ടവട-കാന്തല്ലൂർ, കിഴക്കൻ പാനക്കാട് മേഖല, കഞ്ഞിക്കുഴി, ചേർത്തല, പഴയന്നൂർ തുടങ്ങിയ പഞ്ചായത്തുകളിൽ പച്ചക്കറിയുല്പാദനക്കമ്പനികൾ തുടങ്ങുന്നു. ഓരോ ബ്ലോക്കിലും പച്ചക്കറിക്കൃഷി പ്രദർശനത്തോട്ടം ആരംഭിക്കും.
2. മുട്ട: തിരുവല്ല മഞ്ചാടിയിൽ നവീന താറാവുവളർത്തൽ പരിശീലനകേന്ദ്രവും ബ്രൂഡർ ഹാച്ചറി കോമ്പ്ലക്സും നിർമ്മാണം അന്തിമഘട്ടത്തിൽ. കൊല്ലം ആയൂർ തോട്ടത്തറയിലും മലപ്പുറം എടവണ്ണയിലും ആഴ്ചയിൽ 30,000 കോഴിക്കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കാവുന്ന നവീന ഹാച്ചറികൾ ഉടൻ പ്രവർത്തനക്ഷമമാകും. 705 സ്കൂളിൽ മുട്ടക്കോഴിവളർത്തൽ. 35250 കുട്ടികൾക്ക് 5 കോഴിക്കുഞ്ഞിനെവീതം നൽകി.
3. പാൽ: 2018-ഓടെ ക്ഷീരസ്വയംപര്യാപ്തിക്കായി തുടക്കം കുറിച്ച വിവിധപദ്ധതികളിലൂടെ തുടർച്ചയായ വർദ്ധന. ക്ഷീരസംഘങ്ങളിൽ പ്രതിദിനം 16.41 ലക്ഷം ലീറ്റർ പാൽ സംഭരിക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 2017 ഏപ്രിലിൽ എട്ടും മേയിൽ 15ഉം ശതമാനം സംഭരണം വർദ്ധിച്ചു. 2078 ഡെയറി യൂണിറ്റുകൾ സ്ഥാപിച്ചു. 4306 കറവമാടുകളെ സംസ്ഥാനത്തു കൊണ്ടുവന്നു. 299 കിടാരിവളർത്തൽ യൂണിറ്റ്. പുതിയ 1770 കിടാരികളെ എത്തിച്ചു. കൊല്ലം പിറവന്തൂരിൽ ഹൈടെക് ഡെയറി ഫാം ഉടൻ പ്രവർത്തനം തുടങ്ങും. തൃശൂർ പുത്തൂരിൽ ആടുപ്രജനനകേന്ദ്രം 2017 ജൂണിൽ തുടങ്ങും. ഡെയറി യൂണിറ്റുകൾ വികസിപ്പിക്കാൻ 50% ധനസഹായം നൽകുന്നു. 745 ക്ഷീരകർഷകർക്ക് കറവയന്ത്രത്തിനു ധനസഹായം നൽകി. തൊഴുത്തുകൾ ആധുനികീകരിക്കുന്നു. സമഗ്ര ക്ഷീരവികസനം ലക്ഷ്യമാക്കി ‘ക്ഷീരഗ്രാമം’ പദ്ധതി ആരംഭിച്ചു. ക്ഷീരസംഘങ്ങളിൽ അളക്കുന്ന പാലിനു നാലുരൂപവരെ ഇൻസെന്റീവ്. കാലിത്തീറ്റസബ്‌സിഡി പുനഃസ്ഥാപിച്ചു. പാലുല്പാദനം വർദ്ധിപ്പിക്കാൻ സാങ്കേതികവിവരവ്യാപനത്തിനു ‘പ്രൊഡക്റ്റിവിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം’ എല്ലാ ജില്ലയിലും നടത്തി. ആടുവളർത്തൽ പ്രോത്സാഹിപ്പിക്കാൻ കുടുംബശ്രീയുമായി ചേർന്നു കണ്ണൂർ ജില്ലയിൽ പ്രൊഡ്യൂസർ കമ്പനി തുടങ്ങി. ക്ഷീരമേഖലയിൽ പ്രിസിഷൻ ഫാമിങ് പാലക്കാടുജില്ലയിൽ തുടങ്ങി. ഗോവർദ്ധിനി പദ്ധതിയിലൂടെ 73538 കന്നുകുട്ടികൾക്കു ശസ്ത്രീയപരിചരണം, ഇൻഷൂറൻസ്. രാത്രികാല അടിയന്തരമൃഗചികിത്സാസേവനം, സമഗ്ര കന്നുകാലി ഇൻഷൂറൻസ് തുടങ്ങിയ ധാരാളം പദ്ധതികൾ നടത്തിവരുന്നു.
`അരിശ്രീ’ പദ്ധതിവഴി നെൽക്കൃഷി മൂന്നുലക്ഷം ഹെക്ടറിലേക്കു വ്യാപിപ്പിക്കും. ഈ പേരിൽ പദ്ധതി ആരംഭിച്ചിട്ടില്ല. എന്നാൽ, 15,000 ഏക്കർ തരിശിൽ നെൽക്കൃഷി ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിനു നികത്തിയ ആറന്മുളപ്പാടം, മെത്രാൻ കായൽ, റാണി ചിത്തിര കായൽ എന്നിവിടങ്ങളിലും പേരാമ്പ്ര ചെറുവണ്ണൂർ-ആവളപ്പാണ്ടി (1100 ഏക്കർ), ചൂർണിക്കര (15 ഏക്കർ). കണിമംഗലം (220 ഹെക്ടർ), കീഴ്മാട് (30 ഏക്കർ) തരിശുനിലങ്ങളിൽ കൃഷിയിറക്കി.
നെൽകൃഷി മൂന്നുലക്ഷം ഹെക്ടറിൽ വ്യാപിപ്പിക്കാൻ ബൃഹത്‌പദ്ധതി. പാടശേഖരങ്ങളിൽ സംഘകൃഷിവ്യാപനം. പാടശേഖരങ്ങൾക്ക് ജി.എ.പി. സർട്ടിഫിക്കേഷൻ. തൊഴിലുറപ്പ്, കുടുംബശ്രീ സഹായത്തോടെ തരിശുനിലക്കൃഷി വ്യാപിപ്പിക്കും. 10,000 ഹെക്ടറിൽ കരനെൽക്കൃഷി. കുട്ടനാട്, ഓണാട്ടുകര, പൊക്കാളി, കോൾ പാലക്കാട്, വയനാട്, കൈപ്പാട് എന്നിവിടങ്ങളിൽ നെൽകൃഷിക്ക് പ്രത്യേക കാർഷികമേഖല. തഞ്ചാവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ്പ് പ്രോസസിങ്ങുമായി സഹകരിച്ച് സാധ്യമായ പാടശേഖരങ്ങളിൽ മിനി റൈസ് മില്ലുകൾ സ്ഥാപിക്കും. നഗരപ്രദേശങ്ങളിലെ നെൽക്കൃഷി വികസനത്തിനു പരിപാടി. ചെറുധാന്യങ്ങളുടെ കൃഷിവ്യാപനത്തിനും പ്രത്യേകം പദ്ധതികൾ.
ഭക്ഷ്യവസ്തുക്കളിലെ മായംചേര്‍ക്കൽ തടയാനും ഗുണനിലവാരം ഉറപ്പുവരുത്താനും കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തും. ഭക്ഷ്യസുരക്ഷാവകുപ്പ് ഒട്ടേറെ പ്രവർത്തനം നടത്തി. 50 ഗ്രാമപ്പഞ്ചായത്തുകളെ സമ്പൂർണ്ണ ഭക്ഷ്യസുരക്ഷാ ഗ്രാമപ്പഞ്ചായത്തുകളാക്കി മാറ്റി. 280 സ്‌കൂളിൽ സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം നടപ്പിലാക്കി. 2017-18 ൽ 280 സ്‌കൂളിൽക്കൂടി നടപ്പാക്കും. 28 വർഷത്തിനുശേഷം ആദ്യമായി 90 ഫുഡ് സേഫ്റ്റി ഓഫീസർമാരെ നിയമിച്ചു. 75 പേർക്കു പരിശീലനവും നൽകി. എൻഫോഴ്‌സ്‌മെന്റ് വിഭാഗം കൂടുതൽ ശക്തിപ്പെട്ടു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ലാബുകൾക്ക് എൻ.എ.ബി.എൽ അക്രഡിറ്റേഷൻ നേടി. എല്ലാ സർക്കാർ ലാബിനും എൻ.എ.ബി.എൽ അക്രഡിറ്റേഷൻ കിട്ടുന്ന ആദ്യസംസ്ഥാനമായി. കീടനാശിനികൾ, ഘനേലാഹങ്ങൾ, കൃത്രിമകളറുകൾ എന്നിവ കണ്ടുപിടിക്കാൻ ജിസിഎംഎസ്എം, ഐസിപിഒഇഎസ്, സ്പെക്ട്രോഫോട്ടോമീറ്റർ എന്നിവ മൂന്നു ലാബിലും സ്ഥാപിച്ചു പ്രവർത്തനം ആരംഭിച്ചു. ലാബുകളും എൻഫോഴ്‌സ്‌മെന്റ് വിഭാഗവും കമ്പ്യൂട്ടർവത്ക്കരിക്കുന്നു. ആഘോഷമേഖലകളിൽ അടിയന്തരനടപടിക്ക് തിരുവനന്തപുരത്തും, കോഴിക്കോട്ടും മൊബൈൽ ടെസ്റ്റിങ് ലാബുകൾ തുടങ്ങി.

അന്യസംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്ന മത്സ്യങ്ങളില രാസപദാർത്ഥങ്ങൾ കണ്ടുപിടിച്ചു തടയാൻ ‘ഓപ്പേറഷൻ സാഗർ റാണി’ തുടങ്ങി. കാത്സ്യം കാർബൈഡ് ഉപയാഗിച്ചു പഴുപ്പിച്ച മാമ്പഴം പിടികൂടാൻ നടപടി. 2700 കിലോഗ്രാം ഇത്തരം മാമ്പഴം പിടിച്ചു നശിപ്പിച്ചു. ഒറ്റവർഷം 4500-ഓളം ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവയിൽ പരിശോധന നടത്തി.

ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ പരിശോധിക്കാനും തനതു ഭക്ഷ്യയിനങ്ങൾ പ്രോത്സാഹിപ്പിക്കാനുമായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന്റെ കൊച്ചിയിലെ ഭക്ഷ്യഗവേഷണവികസനകൗൺസിലിന്റെ പ്രവർത്തനം വിപുലീകരിക്കുന്നു.

തീരദേശ പാക്കേജ്‌: 5000 കോടിയുടെ തീരദേശ പാക്കേജില്‍ പ്രഥമമായത്‌ തീരദേശ പശ്ചാത്തല സൗകര്യങ്ങളുടെ വികസനമാണ്‌. ഈ പാക്കേജിനുള്ള നടപടി ആരംഭിച്ചിട്ടില്ല. ഗ്രീൻ ക്ലൈമറ്റ് ഫണ്ട് ഉപയോഗിച്ചുള്ള 12,000 കോടിരൂപയുടെ പുനരധിവാസപദ്ധതിയും  കിഫ്‌ബി വഴിയുള്ള 652 കോടി രൂപയുടെ മറ്റൊരു പദ്ധതിയും നടപ്പാക്കുന്നു. പ്രാഥമികനടപടിക്രമങ്ങളായി.
അതോടൊപ്പംതന്നെ സാമൂഹ്യക്ഷേമസൂചകങ്ങളിൽ സംസ്ഥാനനിലവാരത്തിനൊപ്പം എത്തുന്നതിന്‌ `മാതൃകാമത്സ്യഗ്രാമം’ പദ്ധതി നടപ്പിലാക്കും. മത്സ്യമേഖലയിലെ എല്ലാഗ്രാമവും മാതൃകാമത്സ്യഗ്രാമം ആക്കാനുള്ള പദ്ധതിക്ക് നടപടി തുടങ്ങിയിട്ടുണ്ട്.
പരമ്പരാഗത വ്യവസായ സംരക്ഷണം: കയര്‍, കൈത്തറി, പനമ്പ്‌, ഖാദി, കശുവണ്ടി, ചെത്ത്‌ തുടങ്ങിയ പരമ്പരാഗതവ്യവസായമേഖലകളെ തൊഴിൽ സംരക്ഷിച്ചുകൊണ്ട്‌ നവീകരിക്കും. ഓരോ രംഗത്തെയും വിവരങ്ങൾ ചുവടെ:
1. കയര്‍: നടപ്പാക്കിത്തുടങ്ങി. കയർമേഖലയുടെ സമഗ്രസാങ്കേതികനവീകരണത്തിന് 100 കോടി രൂപയുടെ പരിപാടി. ചകിരിയുല്പാദനത്തിന് 100 ഡി-ഫൈബറിങ് മില്ലുകൾ – യന്ത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചു. കയർ മേഖലയ്ക്കുള്ള ബജറ്റ് ചെലവ് ഇരട്ടിയായി. കയർ ഭൂവസ്ത്രം – കയർ മേഖലയുടെ പുതുപ്രതീക്ഷ. കയർ കോമ്പോസിറ്റ് ഫാക്ടറി കമ്മിഷനിങ്ങിലേക്ക്. 20176-17ൽ 40000 തൊഴിൽദിനം ലഭ്യമാക്കി.
2. കൈത്തറി: ആദ്യഘട്ടമായി ഈ മേഖലയെ സംരക്ഷിക്കാൻ നടപടി തുടങ്ങി. 100 തൊഴിൽദിനം സൃഷ്ടിക്കും എന്നു വാഗ്ദാനം ചെയ്തിടത്ത് ആദ്യവർഷം സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിയിലൂടെ 200 തൊഴിൽ‌ദിനം സൃഷ്ടിച്ചു. ഈ പദ്ധതിയുടെ വിപുലീകരണത്തിലൂടെ 10000 ത്തോളം തൊഴിലാളികൾക്ക് വർഷം 300 ദിവസത്തോളം (വർഷം മുഴുവൻ) ജോലി ലഭ്യമാക്കും. 2017-18 ൽ കൈത്തറി വ്യവസായത്തിന് 40.08 കോടി രൂപയും യന്ത്രത്തറിവ്യവസായത്തിന് 31.84 കോടി രൂപയും റിബേറ്റിനത്തിൽ 6 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ടെക്‌സ്റ്റൈൽ മേഖലയിൽ പൊതുമേഖലയിലും സഹകരണമേഖലയിലും പ്രവർത്തനം നിലച്ചുകിടന്ന സ്ഥാപനങ്ങളുടെ സമഗ്രമായ നവീകരണത്തിന് 2016-17 ൽ 15 കോടി രൂപ അധികസഹായം നൽകി.  കേന്ദ്രീകൃതമായി പരുത്തി വാങ്ങുന്ന സംവിധാനം പുനരാരംഭിച്ചു.

ടെക്‌സ്റ്റൈൽ മേഖലയിലെ സ്ഥാപനങ്ങളുടെ സ്ഥായിയായ പ്രവർത്തനത്തിനും ഉന്നമനത്തിനുമായി പുനരുദ്ധാരണപദ്ധതി തയ്യാറാക്കാൻ വിദഗ്ദ്ധക്കമ്മിറ്റി രൂപവത്ക്കരിച്ചു.

3. പനമ്പ്‌: കരകൗശലമേഖലയിൽ വിപണിവിപുലീകരണം, ക്രാഫ്റ്റ് ടൂറിസം, ക്ലസ്റ്റർ പ്രവർത്തനം എന്നിവയിലൂടെ തൊഴിലവസരങ്ങൾ വിപുലീകരിക്കും. കരകൗശല വസ്തു വിപണനത്തിനായി ബാംബു ഫെസ്റ്റ്, കൂടാതെ ആഗ്രോ ഫുഡ് പ്രോ, ഇൻവെസ്റ്റ്‌മെന്റ് മീറ്റ് എന്നിവ സംഘടിപ്പിച്ചു. ദേശീയ കരകൗശല അവാർഡ്  രീതിയിൽ സംസ്ഥാന കരകൗശല അവാർഡ് ആദ്യമായി ഏർപ്പെടുത്തി.
4. ഖാദി: കണ്ണൂർ എറ്റുകുടുക്കയിൽ സ്ലൈബർ പ്രോജക്ടിന്റെ ആധുനികീകരണം, ഖാദി പ്രചാരണവും പരിശീലനവും, തേനിച്ചവളർത്തൽ, വ്യവസായവികസനം, ഖാദി തൊഴിലാളികളുടെ ഉൽപ്പാദന ഇൻസെന്റീവ്- ഉത്സവബത്ത വർദ്ധിപ്പിച്ച് നൽകുകയും ഖാദി ഗ്രാമവ്യവസായ യൂണിറ്റുകൾ ശക്തിപ്പെടുത്തുകയും വിൽപ്പന വർദ്ധിപ്പിക്കുകയും ചെയ്യാൻ 2016-17ൽ 13.74 കോടി രൂപ ചെലവഴിച്ചു.
5. കശുവണ്ടി: പൂട്ടിക്കിടന്ന 40 കശുവണ്ടിഫാക്ടറികൾ ആദ്യപടിയായി തുറന്നു. 18,000 പേർക്കു വീണ്ടും തൊഴിൽ ലഭിച്ചു. ഈ രംഗത്തെ സങ്കീർണ്ണപ്രശ്നനങ്ങൾ പരിഹരിക്കാൻ കേരള കാഷ്യു ബോർഡ് എന്ന പേരിൽ കമ്പനി രൂപവത്ക്കരിക്കാൻ സർക്കാർ ഉത്തരവായി.
6. ചെത്ത്‌: തൊഴിൽ സംരക്ഷിക്കുന്നു. നവീകരണപദ്ധതി ആയില്ല.
തുണി, കയര്‍, കരകൗശലം തുടങ്ങിയ മേഖലകളിലെ കൈവേലക്കാരുടെ ഉല്‍പാദനം മിനിമം കൂലി ഉറപ്പുവരുത്തി സര്‍ക്കാർ വാങ്ങി സംഭരിക്കും. ഓരോ രംഗത്തെയും വിവരങ്ങൾ ചുവടെ:
1. തുണി: സ്കൂൾ യൂണിഫോം പദ്ധതിയിലൂടെ സംഭരണം ആരംഭിച്ചു. കൂലിവർദ്ധനയും ഇതുവഴി സാദ്ധ്യമായി. കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടായാൽ മിനിമം കൂലി ഉറപ്പാക്കി സംഭരിക്കും.
2. കയർ: പരമ്പരാഗതതൊഴിലാളികളെ സംരക്ഷിക്കാൻ പരമ്പരാഗത കയറുല്പന്നങ്ങളുടെ സമ്പൂർണ്ണസംഭരണപരിപാടി. കയർ, കയറുല്പന്ന സംഭരണത്തിൽ 20% വളർച്ച.
3. കരകൗശലം: തുടങ്ങിയിട്ടില്ല.
പരമ്പരാഗത വ്യവസായങ്ങള്‍ക്കായി പ്രത്യേക വകുപ്പ്‌ ആരംഭിക്കും. നടപടി ആയില്ല.
റോഡ്‌ വികസനം: ദേശീയപാത നാലുവരി ആക്കും. കാസർഗോഡുമുതൽ തിരുവനന്തപുരം കഴക്കൂട്ടം വരെ 45 മീറ്ററിൽത്തന്നെ ആറുവരിയാക്കാൻ തീരുമാനിച്ചു. കോഴിക്കോടുവരെയുള്ള ഭൂമിയെടുപ്പ് അന്തിമഘട്ടത്തിൽ. തലശ്ശേരി – മാഹി ബൈപ്പാസും കോഴിക്കോട് ബൈപ്പാസും ടെൻഡർ ചെയ്തു. കോഴിക്കോടുവരെയുള്ള ബാക്കിഭാഗങ്ങൾ ഓഗസ്റ്റിൽ ടെൻഡർ ചെയ്യും. കോഴിക്കോട് – കഴക്കൂട്ടം ഭൂമിയെടുക്കൽ ദ്രുതഗതിയിൽ മുന്നേറുന്നു. കഴക്കൂട്ടം – കാരോട് ബൈപ്പാസ് പ്രവർത്തനം അന്തിമഘട്ടത്തിൽ.
സംസ്ഥാനപാതകളും ജില്ലാറോഡുകളും ബി.എം & ബി.സിയില്‍ പുതുക്കി പണിയും. 1170 കോടി രൂപയുടെ 579 റോഡ് പദ്ധതികൾ പുരോഗതിയിൽ. പക്ഷഭേദമില്ലാതെ എല്ലാ മണ്ഡലത്തിലും റോഡിനു ഫണ്ട് നൽകി. നബാർഡിന്റെ സഹായത്തോടെ 33 റോഡും നാലു പാലവും ഉൾപ്പെടെ 177.80 കോടിയുടെ പദ്ധതികൾ നടന്നുവരുന്നു. സി‌ആർഎഫിൽ 397 കോടി രൂപയുടെ 29 റോഡിന്റെ നിർമ്മാണം പുരോഗതിയിൽ.
ഗ്രാമീണ റോഡുകൾ ഒറ്റതവണപുനരുദ്ധരിക്കൽ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പി.എം.ജി.എസ്.വൈ.യിൽ 294 കി.മീ. വരുന്ന 108 ഗ്രാമറോഡുകൾ ദേശീയനിലവാരത്തിൽ പൂർത്തിയാക്കി.
എല്ലാ ബൈപ്പാസുകളും പൂര്‍ത്തീകരിക്കും. കൊല്ലം, ആലപ്പുഴ, ഏറ്റുമാനൂർ ബൈപ്പാസുകൾ ഈ സാമ്പത്തികവർഷം പൂർത്തിയാക്കും. നിലമ്പൂർ, മലപ്പുറം കോട്ടപ്പടി, കഞ്ഞിപ്പുര – മൂടാൽ തുടങ്ങി മുടങ്ങിക്കിടന്നവ ഫണ്ടനുവദിച്ചു പുനരുജ്ജീവിപ്പിച്ചു.
കേരളത്തില്‍ ഘട്ടംഘട്ടമായി സ്‌മാര്‍ട്ട്‌ റോഡ്‌ പദ്ധതി നടപ്പാക്കും. കഴക്കൂട്ടം – അടൂർ മാതൃകാ സുരക്ഷാ റോഡ്.
കെ‌എസ്‌റ്റി‌പി രണ്ടാം ഘട്ടത്തിൽ ഒമ്പതു പ്രവൃത്തികൾ പുരോഗമിക്കുന്നു. ദേശീയപാത പുറക്കാടുമുതൽ പാതിരപ്പള്ളിവരെ കോൾഡ് ഇൻ പ്ലേസ് റീസൈക്ലിങ് രീതിയിൽ പുനർനിർമ്മിക്കുന്നു. സിറ്റി റോഡ് ഇം‌പ്രൂവ്‌മെന്റിൽ തിരുവനന്തപുരം പദ്ധതി പൂർത്തിയാക്കി. കോഴിക്കോട് പുരോഗതിയിൽ. ആലപ്പുഴയ്ക്കു ഭരണാനുമതി ആയി. കണ്ണൂരും കൊല്ലവും ഡിപിആർ തയ്യാറായിവരുന്നു. മറ്റുജില്ലകളിലും ഘട്ടം‌ഘട്ടമായി നടപ്പാക്കാൻ തീരുമാനമായി. അമ്പലപ്പുഴ – തിരുവല്ല മാതൃകാറോഡ് (69 കോടിരൂപ) കിഫ്‌ബിയിൽ. സംസ്ഥാനത്തുടനീളം സൈൻ ബോർഡ്, റിഫ്ലക്ടർ, മാർക്കിങ്, ക്രാഷ് ബാരിയർ, കാൽനടക്കാർക്കു ഗാർഡ് റെയിൽ, സിഗ്നൽ ലൈറ്റ് തുടങ്ങിയവ സ്ഥാപിക്കുന്നു. പുതിയ റോഡുകളിൽ പൈപ്പുകൾക്കു കേബിളുകൾക്കും ഡക്റ്റുകൾ, സൈക്കിൾ ട്രാക്ക്. പ്ലാസ്റ്റിക്, കയർ ഭൂവസ്ത്രം, നാച്വറൽ റബർ തുടങ്ങിയവയും നവീനസാങ്കേതികവിദ്യകളും ഉപയോഗിച്ച് വേഗം തകരാത്ത ഈടുറ്റ റോഡുകൾ നിർമ്മിക്കുന്നു.
ജലപാതകൾ: ദേശീയജലപാതകൾ പൂര്‍ത്തീകരിക്കും. ദേശീയജലപാത വികസിപ്പിക്കാനുളള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. വർക്കലയിലെ തുരങ്കങ്ങൾ വീതി കൂട്ടാനുളള പരിശോധന ഇ. ശ്രീധരൻ നടത്തിയിരുന്നു. കാസർകോട് മുതൽ കോവളം വരെയുളള ജലപാത 2020-ൽ പൂർത്തീകരിക്കുന്ന രീതിയിൽ പ്രവർത്തനം ആസൂത്രണം ചെയ്തു. ദേശീയജലപാത ഗതാഗതയോഗ്യമാക്കാൻ പല സ്ഥലത്തും ദ്രുതഗതിയിൽ ഡ്രഡ്ജിങ് നടന്നുവരികയാണ്.
കേരളത്തിലെ തുറമുഖങ്ങളുമായി ബന്ധിപ്പിച്ച്‌ ജലമാര്‍ഗമുള്ള ചരക്കുഗതാഗതം ആരംഭിക്കും. ദേശീയജലപാതയിലൂടെ ചരക്കുനീക്കത്തിനുളള സാദ്ധ്യത പരിശോധിക്കുവാൻ എണ്ണക്കമ്പനികളുമായി ചർച്ച നടത്തി അതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ തുറമുഖങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനു പുറമെ ലക്ഷദ്വീപ്, ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലേക്കു ചരക്കുനീക്കം ഊർജ്ജിതമാക്കാൻ ശ്രമിച്ചുവരുന്നു. വിഴിഞ്ഞം തുറമുഖനിർമ്മാണത്തിനുള്ള പാറ കൊല്ലം തുറമുഖത്തുനിന്നു കടൽമാർഗ്ഗമാണ് എത്തിക്കുന്നത്. തുറമുഖംവഴിയുളള ചരക്കുനീക്കത്തിനു സർക്കാർ സബ്‌സിഡി നൽകിവരികയാണ്.
തിരുവനന്തപുരത്തുനിന്ന്‌ കാസര്‍ഗോഡ്‌ വരെ അതിവേഗ ഫെറി സര്‍വ്വീസ്‌ ആരംഭിക്കാൻ പഠനം നടത്തും. ദേശീയജലപാതയുടെ പ്രവർത്തനം തീരുന്നമുറയ്ക്ക് തിരുവനന്തപുരത്തുനിന്ന്‌ കാസര്‍ഗോഡുവരെ ബാർജ്ജുകൾ, ബോട്ട് സർവീസ്, ടൂറിസം വികസനം ലക്ഷ്യമാക്കി ഉല്ലാസനൗകകൾ എന്നിവ നടപ്പിൽ വരുത്തും.
റെയില്‍വേ: നിര്‍ദ്ദിഷ്ട പുതിയ റെയില്‍വേ ലൈനുകൾ പൂര്‍ത്തീകരിക്കാൻ സമ്മര്‍ദ്ദം ചെലുത്തും. കോഴിക്കോടുവരെ പാതയിരട്ടിപ്പിക്കലും വൈദ്യുതിവത്ക്കരണവും പൂർത്തിയാക്കി. മംഗലാപുരത്തേക്കുള്ള പണി പുരോഗമിക്കുന്നു. ആലപ്പുഴ, കോട്ടയം റൂട്ടുകളിൽ പാതയിരട്ടിപ്പിക്കൽ പുരോഗമിക്കുന്നു. റയിൽ മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ശബരി റെയിലിനു 116 കോടിയും തിരുവനന്തപുരം – നാഗർകോവിൽ ഇരട്ടിപ്പിക്കലിന് 1431 കോടിയും രൂപ വകയിരുത്തിച്ചു.
സംസ്ഥാനത്തു നിലവിലുള്ള രണ്ടുവരി റെയിപ്പാത നാലുവരിപ്പാത ആക്കുന്നതിന്‌ ഇന്ത്യൻ റെയില്‍വേയുമായി സംയുക്തകമ്പനി ഉണ്ടാക്കും. 2016 സെപ്റ്റംബർ ഒന്നിനു കമ്പനി രൂപവത്ക്കരിച്ചു. പേര്: കേരള റയിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ.
ഇരട്ടിപ്പിക്കുന്ന പാത അതിവേഗ ട്രെയിന്‍ ഓടിക്കാൻ സജ്ജമാക്കാന്‍ ശ്രമിക്കും. തിരുവനന്തപുരം – ചെങ്ങന്നൂർ 126 കി.മീ. സബർബൻ ട്രയിൻ ഓടിക്കാനുള്ള നടപടി പുരോഗമിക്കുന്നു.
ശുചിത്വകേരളം: കേരളത്തെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കി മാറ്റും. ഇതിനായി ഉറവിടമാലിന്യ സംസ്‌കരണത്തിനായിരിക്കും മുൻഗണന. ഹരിതകേരളം മിഷൻ തുടങ്ങി.

കേരളത്തെ വെളിയിടവിസർജ്യമുക്ത സംസ്ഥാനമാക്കി. ഇതിനായി 2,02,178 ശൗചാലയം നിർമ്മിച്ചു. ശുചിത്വമിഷൻ മുഖേന വികേന്ദ്രീകൃതമാലിന്യസംസ്ക്കരണസാങ്കേതികവിദ്യ വ്യാപിപ്പിക്കുന്നു. പതിമൂന്നാം പദ്ധതിയിൽ മാലിന്യനിർമ്മാർജ്ജനത്തിനു 10 ശതമാനം തുക നീക്കിവയ്ക്കുന്നു. ജൈവവാതകപ്ലാന്റ്, മണ്ണിരക്കമ്പോസ്റ്റ് എന്നിവയ്ക്ക് യൂണിറ്റ് കോസ്റ്റ് നിശ്ചയിച്ചു. 7,000 കുടുംബങ്ങൾക്കു ബയോഗ്യാസ് പ്ലാന്റും 75,000 കുടുംബത്തിനു കമ്പോസ്റ്റിങ് ഉപാധികളും നൽകി. വീടുകളിലെ മാലിന്യസംസ്ക്കരണത്തെ അടുക്കളത്തോട്ടവുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച് റോഡുനിർമ്മാണത്തിന് ഉപയോഗിച്ചുതുടങ്ങി. തദ്ദേശഭരണസ്ഥാപനങ്ങൾ ചെയ്യുന്ന റോഡിൽ 10 ശതമാനം ഇങ്ങനെ പോളിമറൈസ് ചെയ്തതായിരിക്കണമെന്ന് ഉത്തരവിറക്കി. ക്ലീൻ കേരള മിഷൻ 10 ടൺ പ്ലാസ്റ്റിക് തരി ഇതിനകം കൈമാറി. അജൈവമാലിന്യങ്ങൾക്കായി 108 തദ്ദേശസ്ഥാപനങ്ങൾക്ക് മറ്റീരിയൽ റിസോഴ്സ് റിക്കവറി സെന്ററുകൾക്ക് പ്രോജക്റ്റ് അംഗീകരിച്ചുനൽകി. 30 എണ്ണം പ്രവർത്തനം തുടങ്ങി. ഖരമാലിന്യസംസ്ക്കരണത്തിൽ വൈദഗ്ദ്ധ്യമുള്ള സംഘടനകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും പ്രവർത്തനം തദ്ദേശസ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തിത്തുടങ്ങി. ഗാർഹികമാലിന്യശേഖരണത്തിൽ കുടുംബശ്രീ യൂണിറ്റുകളെ ബന്ധപ്പെടുത്തും. ബയോമെഡിക്കൽ മാലിന്യം ഐഎംഎ യുടെ മേൽനോട്ടത്തിൽ സംസ്ക്കരിക്കുന്നു. രണ്ടു മേഖലാപ്ലാന്റുകൾകൂടി ഉടൻ തുടങ്ങും. ഇലക്ട്രോണിക് മാലിന്യങ്ങൾ ക്ലീൻ കേരള മിഷൻ ശേഖരിച്ചു സംസ്ക്കരണത്തിനു നൽകിവരുന്നു. സംസ്ക്കരണവ്യവസായം വിപുലപ്പെടുത്താൻ നിക്ഷേപകസംഗമം നടത്തി. ഭാരത് പെട്രോളിയവും ഇൻഡ്യൻ ഓയിൽ കോർപ്പറേഷനും പമ്പുകളിൽ ശൗചാലയങ്ങൾ സ്ഥാപിച്ചു. നടത്തിപ്പു കുടുംബശ്രീയേ ഏല്പിക്കാൻ ആലോചന. എല്ലാ ഹോട്ടലിലും പെട്രോൾ പമ്പിലും ശൗചാലയം ഉറപ്പുവരുത്തിയേ ലൈസൻസ് പുതുക്കാവൂ എന്നു തദ്ദേശസ്ഥാപനങ്ങൾക്കു നിർദ്ദേശം നൽകും. മാലിന്യം വലിച്ചെറിയുന്നതിനും കത്തിക്കുന്നതിനും എതിരെ നടപടി എടുക്കാനും 50 മൈക്രോണിൽക്കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിയന്ത്രിക്കാനും തദ്ദേശസ്ഥാപനങ്ങൾക്കു നിർദ്ദേശം നൽകി സർക്കുലറിറക്കി. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടം 2016 പുറപ്പെടുവിച്ചു. മോനിട്ടറിങ്ങിനു സംസ്ഥാനതല കമ്മിറ്റി ഉണ്ടാക്കി.

ജലമലിനീകരണത്തിനെതിരെ നടപടിയെടുക്കും. പുഴകൾ, തോടുകൾ, കനാലുകൾ മുതലായ ജലസ്രോതസ്സുകൾ മാലിന്യവിമുക്തമാക്കി പരിരക്ഷിക്കാനുള്ള നടപടികളും പദ്ധതിപ്രദേശങ്ങളിലെ ജലാശയങ്ങൾ, റിസർവോയറുകൾ മുതലായവയിൽ വരുന്ന വ്യാവസായിക, മനുഷ്യവിസർജ്ജ്യ  മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ വിവിധ മാലിന്യസംസ്ക്കരണച്ചട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടികൾ പരിസ്ഥിതി – കാലാവസ്ഥാവ്യതിയാന വകുപ്പു കൈക്കൊണ്ടുവരുന്നു. തദ്ദേശഭരണവകുപ്പിൽനിന്ന് ഉണ്ടാകേണ്ട നടപടികൾ ആരംഭിച്ചു.
ഇതിനായി ഒരു ജനകീയ ക്യാമ്പയിനു രൂപംനല്‍കും. ഇതുകൂടി ഉൾച്ചേർന്ന ഹരിതകേരളം മിഷൻ ജനകീയക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ശുചിത്വമിഷനും പ്രചാരണ ബോധവത്ക്കരണപ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. ജലസമൃദ്ധി പദ്ധിയുടെ ഭാഗമായി ജലമലിനീകരണം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ ഏറ്റെടുക്കും.
പാര്‍പ്പിടം: ഭൂരഹിതര്‍ക്കെല്ലാം കിടപ്പാടമെങ്കിലും ലഭ്യമാക്കും. ലൈഫ് മിഷൻ പ്രവർത്തനം ആരംഭിച്ചു. ഗുണഭോക്താക്കളെ കണ്ടെത്താൻ പ്രാഥമികസർവ്വേ നടത്തി. അന്തിമലിസ്റ്റ് മേയ് 10 നു പ്രസിദ്ധീകരി

സാധാരണക്കാർക്കു വീടു വയ്ക്കാൻ തടസ്സമില്ലാതാക്കി. 2008 നുമുമ്പു നികന്ന, ഡാറ്റാബാങ്കിൽ ഉൾപ്പെടാഞ്ഞ ഭൂമിയിൽ വീടു വയ്ക്കാൻ കഴിയുമാറു സർക്കുലർ ഇറക്കി. കെട്ടിടനിർമ്മാണച്ചട്ടം ലംഘിച്ചു പണിത 1500 ച. അടി വരെയുള്ള കെട്ടിടങ്ങൾക്ക് വൈദ്യുതി, കുടിവെള്ളം, റേഷൻ കാർഡ്, വോട്ടർപ്പട്ടിക എന്നിവയ്ക്ക് അപേക്ഷിക്കാൻ കഴിയുമാറ് താൽക്കാലിക നമ്പർ നൽകി.

പാവങ്ങൾക്കു ഭൂമി നൽകാൻ എല്ലാ താലൂക്കിലും ലാൻഡ് ബോർഡ് ആയി. പ്രത്യേക സർവ്വെ ഏർപ്പെടുത്തി.

അർഹതപ്പെട്ടവർക്കെല്ലാം പട്ടയം. 20,000ത്തോളം പേർക്കു പട്ടയം നൽകി. മത്സ്യമേഖലയിൽ തൊഴിലാളികൾക്കുള്ള സമ്പൂർണഭവനപദ്ധതിയിൽ 3,017 പേർക്ക് 60.34 കോടി രൂപ നൽകി. അഞ്ച് വർഷത്തിനുള്ളിൽ എല്ലാവർക്കും ഭൂമിയും വീടും ലക്ഷ്യം. വാസയോഗ്യമായ ഭൂമി കണ്ടെത്താൻ ആറു ലക്ഷം രൂപ വരെ നൽകുന്ന 48 കോടി രൂപയുടെ പുതിയ പദ്ധതി. ഭൂമിയും വീടുമില്ലാത്ത 219 കുടുംബങ്ങൾക്ക് 21.65 കോടി രൂപ ചെലവിൽ ഫ്‌ളാറ്റ്. മുഴുവൻ മത്സ്യത്തൊഴിലാളിഭവനത്തിലും ശൗചാലയത്തിനു പദ്ധതി.

ഇ.എം.എസ്‌ പാര്‍പ്പിട പദ്ധതി, എം.എന്‍ ലക്ഷംവീട്‌ പദ്ധതി എന്നിവ പുനരുജ്ജീവിപ്പിച്ച്‌ അഞ്ചുവര്‍ഷംകൊണ്ട്‌ എല്ലാവര്‍ക്കും വീടും കക്കൂസും ഉറപ്പുവരുത്തും. ലൈഫ് മിഷനിലൂടെ നടപ്പാക്കാൻ നടപടി തുടങ്ങി.
ആദിവാസികള്‍ക്ക്‌ ഒരു ഏക്കർ കൃഷിഭൂമി ലഭ്യമാക്കും. 71 പേർക്ക് 29.59 ഏക്കർ സ്ഥലം വാങ്ങി നൽകി. 5075 പേർക്ക് കൈവശാവകാശരേഖ നൽകാൻ നടപടി.
ഭൂപരിഷ്‌കരണനിയമം സംരക്ഷിക്കും. ജാഗ്രതയോടെ നടപടികൾ സ്വീകരിച്ചുവരുന്നു.
ആരോഗ്യമേഖല: നിലവിലുള്ള സ്റ്റാഫ്‌ പാറ്റേൺ പുനഃപരിശോധിക്കുകയും ഡോക്‌ടര്‍മാരുടെയും നേഴ്‌സുമാരുടെയും എണ്ണം ഇരട്ടിയായി ഉയര്‍ത്തുകയും ചെയ്യും. ആരോഗ്യവകുപ്പിൽ 1301-ഉം ആരോഗ്യവിദ്യാഭ്യാസവകുപ്പിൽ 1399-ഉം തസ്തികകൾ സൃഷ്ടിച്ചു. അസി. സർജൻമാർ 170, ഡോക്ടർ ഫാക്കൽറ്റി 174, ഡന്റൽ സർജൻ 47, സ്റ്റാഫ് നഴ്സ് 340, മെഡിക്കൽ വിദ്യാഭ്യസത്തിൽ നഴ്സിങ് വിഭാഗം 994,  നഴ്സിങ് കോളെജ് ഫാക്കൽറ്റി 33, ലാബ് ടെക്‌നീഷ്യൻ 374, ഫാർമസി ഫാക്കൽറ്റി 5, ജില്ല-താലൂക്ക് തലങ്ങളിൽ എല്ലാവിഭാഗവുമായി 307, നോൺ ടീച്ചിങ് സ്റ്റാഫ് 193.
പൊതുആരോഗ്യ സംവിധാനവുമായി ബന്ധപ്പെടുത്തി സമഗ്രവും സാര്‍വ്വത്രികവുമായ ഇന്‍ഷുറന്‍സ്‌ നടപ്പിലാക്കും. സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പരിപാടിക്കു രൂപം നൽകിവരുന്നു.  അതുവരെ നിലവിലുള്ള ആരോഗ്യരക്ഷാ പരിപാടികൾ ശക്തിപ്പെടുത്തി തുടരും.
മൂന്ന്‌ മെഡിക്കൽ കോളെജുകളെ എയിംസ്‌ നിലവാരത്തില്‍ ഉയര്‍ത്തും. നിലവാരം ഉയർത്തൽ ആർദ്രം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിത്തുടങ്ങി. ഇതിനായി ഒപിഡി ട്രാൻസ്ഫോർമേഷൻ പരിപാടിക്കു തുടക്കമിട്ടു.
ഹൃദയശസ്ത്രക്രിയയ്ക്കുള്ള സൗകര്യവും കാത്ത്‌ലാബും താലൂക്ക്‌ ആശുപത്രികൾവരെ സ്ഥാപിക്കും. രണ്ടു മെഡിക്കൽ കോളെജ് ആശുപത്രിയിലും എട്ട് ജിലാ ആശുപത്രികളിലും കാത്ത് ലാബ് സ്ഥാപിച്ചു. ജനറൽ / താലൂക്ക് ആശുപത്രികളിൽ 44 എണ്ണത്തിൽ ഡയാലിസിസ് കേന്ദ്രവും തുടങ്ങി.
താലൂക്ക്‌ ആശുപത്രികളിൽ അര്‍ബുദരോഗ പരിശോധനാ സംവിധാനമുണ്ടാക്കും. ആദ്യപടിയായി അഞ്ചു മെഡിക്കൽ കോളെജിൽ ആർസി‌സി‌ക്കു തുല്യമായ ചികിത്സ നൽകാൻ തസ്തികകൾ സൃഷ്ടിച്ചു.
ആയൂര്‍വേദം: ആയൂര്‍വേദ സര്‍വകലാശാല സ്ഥാപിക്കും. നടപടി ആയില്ല
500 കോടി രൂപ മുതല്‍മുടക്കി ഏറ്റവും ആധുനികമായ ലബോറട്ടറിയും ഗവേഷണകേന്ദ്രവും സ്ഥാപിക്കും. അന്താരാഷ്ട്രനിലവാരമുള്ള ആയുർവ്വേദഗവേഷണകേന്ദ്രം സ്ഥാപിക്കാൻ ഉത്തരവിറക്കി. പ്രാരംഭപ്രവർത്തനത്തിന് അഞ്ചുകോടി രൂപ അനുവദിച്ചു.
ആയൂര്‍വ്വേദമേഖലയിൽ ആരോഗ്യപരിപാലനവും ടൂറിസവും ബന്ധിപ്പിച്ച്‌ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തും. ഇതിനുള്ള പദ്ധതി ആവിഷ്ക്കരിക്കാൻ പഠനം തുടങ്ങി. സാദ്ധ്യതകൾ ചർച്ചചെയ്യാൻ രാജ്യാന്തര സെമിനാർ നടത്തുന്നു.
സ്കൂൾ‌വിദ്യാഭ്യാസം അന്തര്‍ദേശീയനിലവാരത്തിലേക്ക്: 8 മുതൽ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്‌ ആക്കും. ഇതിനായി ‘വിദ്യാഭ്യാസസംരക്ഷണയജ്ഞം’ എന്ന മിഷൻ തുടങ്ങി. ഒന്നുമുതൽ 12 വരെ ക്ലാസുകൾ ഹൈട്ടെക് ആക്കുകയാണ്. ആദ്യഘട്ടമായി 45,000 ഹൈസ്കൂൾ, ഹയർ‌ സെക്കൻഡറി ക്ലാസുകൾ 2017-18ൽ ഹൈട്ടെക് ആക്കാനുള്ള പദ്ധതി തുടങ്ങി. പൊതു(സർക്കാർ, എയ്‌ഡഡ്)വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കും. ആദ്യഘട്ടത്തിൽ ഒരു മണ്ഡലത്തിൽ ഒന്നുവീതം സർക്കാർ സ്കൂളുകൾക്ക് അഞ്ചുകോടി രൂപവരെ നൽകും. ഇതിൽ പെടാത്ത, 1000-ൽ കൂടുതൽ കുട്ടികളുള്ള സർക്കാർ സ്കൂളുകൾക്ക് മൂന്നുകോടിവരെ രൂപ നൽകും. എയ്‌ഡഡ് സ്കൂളുകൾ ചെലവിടുന്നതിനു തുല്യമായ (ഒരു കോടിരൂപവരെ) തുക സർക്കാർ നൽകും. ബജറ്റിലെ പൊതുവിദ്യാഭ്യാസത്തിന്റെ അടങ്കലിൽ പശ്ചാത്തലസൗകര്യവികസനത്തിനുള്ള 216 കോടി രൂപ ഉപയോഗിച്ച് എൽപി, യുപി സ്കൂളുകളും ആധുനികീകരിക്കുന്നു. ഹൈട്ടെക് ആക്കൽ നാലു നിയമസഭാമണ്ഡലങ്ങളിൽ നടപ്പാക്കി. 2017 അവസാനത്തോടെ മറ്റു മണ്ഡലങ്ങളിലും പൂർത്തിയാക്കും.
പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ 1000 പൊതുവിദ്യാലയങ്ങൾ അന്തര്‍ദേശീയ നിലവാരത്തിലേക്ക്‌ ഉയര്‍ത്തും. സ്കൂളുകളുടെ മാസ്റ്റർ പ്ലാനുകൾ തയ്യാറായിവരുന്നു. തയ്യാറാക്കിയവ സാമ്പത്തികാനുമതിക്കായി കിഫ്‌ബിയിൽ സമർപ്പിച്ചു.
മികവിന്റെ കേന്ദ്രങ്ങൾ: സര്‍വകലാശാലാകേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും. കൊച്ചി സാങ്കേതികസർവ്വകലാശാല സമർപ്പിച്ച 240 കോടി രൂപയുടെ പദ്ധതിരേഖ കിഫ്ബിയുടെ പരിഗണനയ്ക്കു നൽകി. മറ്റു സർവ്വകലാശാലകളുടെ പദ്ധതികൾ തയ്യാറായിവരുന്നു.
സഹകരണസ്ഥാപനങ്ങൾ, ട്രസ്റ്റുകൾ തുടങ്ങിയ സാമൂഹികസംരംഭങ്ങൾ സര്‍ക്കാരുമായി സഹകരിച്ചുകൊണ്ട്‌ ഉന്നതവിദ്യാഭ്യാസമേഖലയെ വിപുലീകരിക്കും. കോഓപ്പറേറ്റീവ് അക്കാദമി ഫോർ പ്രൊഫഷണൽ എജ്യൂക്കേഷ(CAPE)ന്റെ ആഭിമുഖ്യത്തിൽ ഈ വഴിക്കുള്ള പ്രവർത്തനം ആസൂത്രണം ചെയ്തുവരുന്നു.
പട്ടികജാതിപട്ടികവര്‍ഗ ക്ഷേമം: ഊരുകൂട്ടങ്ങള്‍ക്ക്‌ പദ്ധതി ആസൂത്രണത്തില്‍ പൂര്‍ണ്ണാധികാരം ഉറപ്പുവരുത്തും. മേല്‍നോട്ടാധികാരവും നല്‍കും. കോളനിവികസനപദ്ധതികൾ, ഗുണഭോക്തൃതെരഞ്ഞെടുപ്പ് എന്നിവയിൽ പൂർണ്ണ ഉത്തരവാദിത്വം ഊരുകൂട്ടങ്ങൾക്ക്.
പട്ടികജാതി വികസനഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച്‌ എല്ലാതലങ്ങളിലും മേല്‍നോട്ട സമിതികള്‍ക്ക്‌ രൂപംനല്‍കും. മന്ത്രി, സെക്രട്ടറി, ഡയറക്ടർ, ജില്ല തലങ്ങളിൽ പ്രതിമാസ അവലോകനങ്ങൾ നടത്തിവരുന്നു.
ഗ്രാമസഭ / വികസന സെമിനാര്‍ / കര്‍മ്മസമിതി എന്നീ തലങ്ങളിൽ പട്ടികജാതിക്കാരിൽനിന്ന് ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങൾ തദ്ദേശഭരണസ്ഥാപനങ്ങൾ ഉള്‍ച്ചേര്‍ക്കുന്നത്‌ നിർബന്ധിതമാക്കും. പഞ്ചായത്തുതലത്തിൽ പട്ടികജാതിവികസന ഓഫീസർ, ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസർ, പ്രമോട്ടർമാർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കുന്നു. വർക്കിങ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നു.
സ്ത്രീശാക്തീകരണം: സ്ത്രീകൾക്കുവേണ്ടിയുള്ള പ്രത്യേക വകുപ്പ്‌ ആരംഭിക്കും. ഇതിനുള്ള റിപ്പോർട്ട് സാമൂഹികക്ഷേമവകുപ്പ് മുൻ ഡയറക്ടർ സമർപ്പിച്ചു. അതുപ്രകാരം വകുപ്പുരൂപവത്ക്കരണം അന്തിമഘട്ടത്തിൽ.
ജൻഡർ ബജറ്റിങ് പുനഃസ്ഥാപിക്കും. ചൈൽഡ് ആൻഡ് ജൻഡർ ബജറ്റ് പുനഃസ്ഥാപിച്ചു. സ്റ്റേറ്റ്‌മെന്റ് 2017-18 ലെ ബജറ്റിനോടൊപ്പം പ്രസിദ്ധീകരിച്ചു.
കുടുംബശ്രീയെ ഗ്രാമസഭകളുടെ ഉപഘടകങ്ങളാക്കും. നടപടി ആയിട്ടില്ല.
കുടുംബശ്രീക്ക്‌ നാലുശതമാനം പലിശയ്ക്കു വായ്പ ഉറപ്പുവരുത്തും. തീരുമാനിച്ചു.
ജനകീയാസൂത്രണം: ജനകീയാസൂത്രണത്തിന്റെ രണ്ടാംപതിപ്പ്‌ ആവിഷ്‌കരിക്കും. നീര്‍ത്തടാസൂത്രണം, മാലിന്യസംസ്‌കരണം, ജൈവപച്ചക്കറി എന്നിവയെ തൊഴിലുറപ്പുപദ്ധതിയും കുടുംബശ്രീയുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ജനകീയ പ്രസ്ഥാനമായിരിക്കും ഇത്‌. “പതിമൂന്നാം പദ്ധതി – നവകേരളത്തിന് ജനകീയാസൂത്രണം” ഉദ്ഘാടനം ചെയ്തു. പദ്ധതിമാർഗ്ഗരേഖ പുറപ്പെടുവിച്ചു. സാമ്പത്തികവർഷാരംഭംതന്നെ പദ്ധതിപ്രവർത്തനം തുടങ്ങാനും നടപടി.

ഈ രംഗത്തേക്കായി കൂടുതൽ കുടുംബശ്രീ യൂണിറ്റുകൾ രൂപവത്ക്കരിക്കും.

സാംസ്കാരികനവോത്ഥാനം: സാംസ്‌കാരികമേഖലയ്ക്കുള്ള ബജറ്റ് വിഹിതം ഗണ്യമായി ഉയര്‍ത്തും. 2016-17ൽ യുഡിഎഫ് സർക്കാർ അവതരിപ്പിച്ചിരുന്ന ബജറ്റ് ഉപേക്ഷിച്ച് എൽഡിഎഫ് സർക്കാർ പുതിയ ബജറ്റ് അവതരിപ്പിച്ചപ്പോൾത്തന്നെ വിഹിതം ഇരട്ടി ആക്കിയിരുന്നു. 2017-18 ബജറ്റിൽ മുൻവർഷത്തെക്കാൾ 43 ശതമാനം അധികം വകയിരുത്തി. ഈവർഷത്തെ വിഹിതം 131.43 കോടിരൂപ. വലിയ മുന്നേറ്റത്തിനുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുമുണ്ട്: എല്ലാ ജില്ലയിലും 40 കോടി രൂപവീതം ചെലവിൽ സാംസ്‌കാരിക സമുച്ചയങ്ങൾ; സംസ്ഥാനത്ത് നൂറ് സിനിമാതീയറ്റർ സമുച്ചയങ്ങൾ; ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി; ചിത്രാഞ്ജലി സ്റ്റുഡിയോയിൽ അന്താരാഷ്ട്രനിലവാരമുള്ള ഫിലിം സിറ്റി; നാടകത്തിനു സ്ഥിരം വേദി; ആയിരം യുവ കലാകാരർക്ക് ഫെലോഷിപ്പ് പദ്ധതി
വിദ്യാഭ്യാസബജറ്റിന്റെ ഒരു ശതമാനം ലൈബ്രറികൾക്കു ഗ്രാന്റായി നല്‍കും എന്ന്‌ ഉറപ്പുവരുത്തും. പരിശോധിച്ചുവരുന്നു.
ലൈബ്രറികൾ ഡിജിറ്റൈസ്‌ ചെയ്യും. നടപടി സ്വീകരിച്ചുവരുന്നു.
ആർട്സ് & സ്‌പോട്സ് ക്ലബ്ബുകൾക്കു ധനസഹായം നൽകും. അനാവർത്തനഗ്രാന്റ് തുക ഗണ്യമായി ഉയർത്തി.
സ്കൂൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ എല്ലാ കലകളിലും കുട്ടികൾക്കു പരിശീലിക്കാൻ സൗകര്യം സൃഷ്ടിക്കും. എസ്.എസ്.എ. വഴി 2145 കലാ-കായിക-പ്രവൃത്തിപരിചയ അദ്ധ്യാപകരെ നിയമിച്ചു.
പരിസ്ഥിതിസൗഹൃദകേരളം: മണ്ണും ജലവും ജൈവവൈവിദ്ധ്യവും സംരക്ഷിക്കാൻ ജനപങ്കാളിത്തത്തോടെ നീര്‍ത്തടാടിസ്ഥാനത്തിൽ പദ്ധതികൾ തയ്യാറാക്കും. ഈ പദ്ധതികൾ ‘ഹരിതകേരളം’ മിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തദ്ദേശഭരണവകുപ്പ് 141 പഞ്ചായത്തുകളിൽ ‘ജലസുഭിക്ഷ’ എന്ന പേരിൽ കിണർ നിറയ്ക്കൽ നടത്തി. ആദ്യഘട്ടത്തിൽ 2.25 ലക്ഷം കിണറുകൾ നിറച്ചു. വിദ്യാഭ്യാസവകുപ്പ് ലോകപരിസരദിനത്തിൽ എല്ലാ സ്കൂളിലും ജൈവവൈവിദ്ധ്യപ്പാർക്കു തുടങ്ങാൻ നടപടി സ്വീകരിച്ചു. അന്ന് സ്കൂളുകളിൽ മഴക്കൊയ്ത്തുത്സവവും സംഘടിപ്പിക്കുന്നു.
തണ്ണീര്‍ത്തടനിയമം കര്‍ശനമായി നടപ്പിലാക്കും. ജാഗ്രതയോടെ നടപ്പിലാക്കുന്നു. അനധികൃതനിലംനികത്തൽ സാധൂകരിക്കാനുതകുന്ന യുഡിഎഫ് സർക്കാരിന്റെ നിയമനിർമ്മാണമായിരുന്ന നെൽവയൽ നീർത്തട സംരക്ഷണനിയമത്തിലെ 3 എ വകുപ്പ് ഭേദഗതിയിലൂടെ എടുത്തുകളഞ്ഞു. നികത്തിയ 37 ഏക്കർ വയൽ പൂർവ്വസ്ഥിതിയിലാക്കി. വ്യാപകമായി നടന്നുവന്ന നിലംനികത്തൽ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്.  ഇതിനു ജില്ലാ താലൂക്ക് തലങ്ങളിൽ സ്‌ക്വാഡുകൾ ആരംഭിച്ചു. നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമപ്രകാരം ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുന്നത് ഊർജ്ജിതമാക്കി. 565 പഞ്ചായത്തുകൾ പ്രസിദ്ധീകരിച്ചു.  226 പഞ്ചായത്തിൽ അച്ചടിയിൽ.  128 പഞ്ചായത്തിൽ പൂർത്തിയായിവരുന്നു.
ജലാശയങ്ങൾ ശുദ്ധീകരിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കും. ബ്ലോക്കുതല നീർത്തട മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കാനുള്ള പരിശീലനം സംസ്ഥാനതല റിസോഴ്‌സ് പേഴ്‌സൺസ് പരിശീലനം പൂർത്തിയാക്കി. തുടർഘട്ടങ്ങൾ ഉടൻ ആരംഭിക്കും. മാസ്റ്റർ പ്ലാൻ തയ്യാറാക്കുമ്പോൾ ജലാശയശുദ്ധീകരണത്തിനു മുൻഗണന നൽകും.
പ്രവാസികള്‍: പ്രവാസീവികസനനിധി ആരംഭിക്കും. ഈ നിധിയില്‍ നടത്തുന്ന നിക്ഷേപം ഉപയോഗിച്ച്‌ ആരംഭിക്കുന്ന വ്യവസായശാലകളില്‍ പ്രവാസി തിരിച്ചുവരുമ്പോൾ യോഗ്യതകളുണ്ടെങ്കിൽ ജോലിക്ക്‌ അര്‍ഹതയുണ്ടാകും. ആരംഭിച്ചിട്ടില്ല.
തിരിച്ചുവരുന്നവർക്കു വിപുലമായ പുനരവധിവാസപദ്ധതി ആവിഷ്‌കരിക്കും. രണ്ടുവർഷത്തിൽ കുറയാതെ വിദേശത്തു ജോലി ചെയ്തു സ്ഥിരമായി മടങ്ങിയെത്തിയവർക്ക് പ്രവാസി പുനരധിവാസ പദ്ധതി. 15,734 അപേക്ഷകൾ ബാങ്കിലേക്കു ശുപാർശ ചെയ്തു. 1800 പേർ സംരംഭം തുടങ്ങി. സമഗ്രപുനരധിവാസപദ്ധതി തയ്യാറാക്കൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
പൊതുവിതരണം: പൊതുവിതരണം ശക്തിപ്പെടുത്തും. ദേശീയ ഭക്ഷ്യഭദ്രതാനിയമം 2016 നവംബറിൽ നടപ്പാക്കി. ആക്ഷേപങ്ങളില്ലാതെ പട്ടിക തയ്യാറാക്കി റേഷൻ കാർഡുവിതരണം തുടങ്ങി. നിലവിലുണ്ടായിരുന്ന സ്വകാര്യ മൊത്തവിതരണ ഏജൻസികളെ ഒഴിവാക്കി സപ്ലൈകോ വഴി റേഷൻ സാധനങ്ങൾ ന്യായവിലക്കടയിൽ വാതിൽപ്പടിവിതരണം നടപ്പിലാക്കി.
അടച്ചുപൂട്ടിയ ന്യായവിലക്കടകൾ തുറക്കും. റേഷൻ മൊത്തവിതരണശാലകൾ ഒഴിവാക്കിയെങ്കിലും നിലവിലുള്ള ന്യായവിലക്കടകൾ നിലനിർത്താൻ ‘റേഷൻകട സാമ്പത്തികപ്പാക്കേജ്’ സർക്കാരിന്റെ പരിഗണനയിലാണ്. മാവേലി സ്റ്റോർ ഇല്ലാത്ത ഏഴു പഞ്ചായത്തിൽ തുടങ്ങി. ശേഷിക്കുന്ന 30 പഞ്ചായത്തിൽ ഈ വർഷംതന്നെ തുടങ്ങും. ആറു മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകളാക്കി. ഒരു സൂപ്പർ മാർക്കറ്റ് പീപ്പ്‌ൾസ് ബസാറാക്കി.
സിവിൽ സപ്ലൈസ്‌, കണ്‍സ്യൂമർ ഫെഡ്‌ കടകളിൽ അടുത്ത അഞ്ചുവര്‍ഷത്തേക്കു വില വര്‍ദ്ധിപ്പിക്കില്ല. 13 ഇനം നിത്യോപയോഗസാധനങ്ങളുടെ വില വർദ്ധിപ്പിക്കില്ലെന്ന വാഗ്ദാനം മാവേലി സ്റ്റോറുകളിൽ പാലിച്ചു. മറ്റ് അവശ്യസാധനങ്ങൾ സബ്‌സിഡി നൽകി വിലക്കുറവിൽ വിറ്റുവരുന്നു.

വിലവർദ്ധന ഒഴിവാക്കാൻ വിപണിയിടപെടലിനു 2017-18 ബജറ്റിൽ 150 കോടി രൂപ കൺസ്യൂമർ ഫെഡിനു വകയിരുത്തിയിട്ടുണ്ട്.

വിശപ്പില്ലാകേരളം: ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാത്ത ഒരാളുപോലും കേരളത്തിലുണ്ടാവില്ല. തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ സന്നദ്ധസംഘടനകളും മറ്റുമായി സഹകരിച്ച് ആവശ്യമുള്ളവർക്കു മുഴുവൻ ഉച്ചഭക്ഷണം സൗജന്യമായി നൽകാനുള്ള പദ്ധതി ആരംഭിക്കും. ഇത്‌ കേരളം മുഴുവൻ വ്യാപിപ്പിക്കും. പൈലറ്റ് പദ്ധതി രണ്ടു ജില്ലയിൽ തുടങ്ങാൻ 70 ലക്ഷം രൂപ വകയിരുത്തി. സംഘടനകളുടെയും കമ്പനികളുടെയും സാമൂഹികോത്തരവാദിത്വനിധികൂടി പ്രയോജനപ്പെടുത്തി ഈ രണ്ടു ജില്ലയിലും പിന്നീടു സംസ്ഥാനം മുഴുവനും പദ്ധതി നടപ്പാക്കും.
ന്യായവിലയ്ക്കു നല്ല ഭക്ഷണം നല്‍കുന്ന ഹോട്ടലുകളുടെ ശൃംഖല സൃഷ്ടിക്കും. ഇതിന്റെ ഭാഗമായി എല്ലാ ജില്ലാകേന്ദ്രത്തിലും ഓരോ മാതൃകാഹോട്ടൽ വിവിധ വകുപ്പുകളുമായിച്ചേർന്നു തുടങ്ങാൻ വിശദമായ നിർദ്ദേശം സമർപ്പിക്കാൻ പൊതുവിതരണവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.
സാമൂഹ്യസുരക്ഷാപെൻഷൻ: 2106 ജൂൺ 1 മുതൽ എല്ലാ പെന്‍ഷനുകളും 1000 രൂപയായി ഉയര്‍ത്തും. ഉയർത്തി.
അര്‍ഹരായ 60 വയസ്സുകഴിഞ്ഞ മുഴുവന്‍പേര്‍ക്കും പെൻഷൻ നല്‍കും. 60 പൂർത്തിയായ മുഴുവൻപേർക്കും ഒരു പെൻഷൻ ഉറപ്പാക്കാൻ സമഗ്രവിവരസഞ്ചയം പൂർത്തിയാകുന്നു. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ അദാലത്തുകൾ നടക്കുന്നു. 650 പഞ്ചായത്തിൽ നടന്നു.
എല്ലാ വര്‍ഷവും കാലോചിതമായി വര്‍ദ്ധിപ്പിക്കും. 2017 ൽ 1100 രൂപയായും ഉയർത്തി. തുടർന്നും വർഷം‌തോറും ഉയർത്തും.
കുടിശ്ശികയില്ലാതെ മാസംതോറും പെന്‍ഷൻ വീട്ടിൽ എത്തിക്കും. യു.ഡി.എഫ് കാലത്തു കുടിശികയാക്കിയ 1900 കോടി രൂപ പൂർണ്ണമായും വിതരണം ചെയ്തു. ക്ഷേമ – സാമൂഹികസുരക്ഷാപെൻഷൻ ഇനത്തിൽ 48.5 ലക്ഷം പേർക്ക് ഒരു വർഷംകൊണ്ട് 5,100 കോടി രൂപ വിതരണം ചെയ്തു.

ആവശ്യപ്പെട്ടവർക്ക് പെൻഷൻ വീട്ടിൽ എത്തിച്ചു. ഇതു തുടരും.

 

സമ്പൂർണ്ണ ആരോഗ്യ ഇന്‍ഷുറന്‍സ്‌ എല്ലാവര്‍ക്കും ലഭ്യമാക്കും. നിലവിലുള്ള ആരോഗ്യരക്ഷാപരിപാടികൾ സംയോജിപ്പിച്ച് സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പരിപാടിക്കു രൂപം നൽകിവരുന്നു.  അതുവരെ നിലവിലുള്ള ആരോഗ്യരക്ഷാ പരിപാടികൾ ശക്തിപ്പെടുത്തി തുടരും. കാരുണ്യയുടെ പരമാവധി സഹായം 2 ലക്ഷത്തിൽനിന്നു 3 ലക്ഷമാക്കി. കാരുണ്യയുടെ ബജറ്റ് വിഹിതം 250 ൽനിന്നു 350 കോടി രൂപയാക്കി.
കേരളത്തിന്റെ ബാങ്ക്‌: ജില്ലാ-സംസ്ഥാന സഹകരണബാങ്കുകളെ സംയോജിപ്പിച്ച് കേരളത്തിന്റേതായ ഒരു വന്‍കിട ബാങ്കിനു രൂപം നൽകും. സഹകരണമേഖലയില്‍ ദ്വിതലസമ്പ്രദായം ആയിരിക്കും. ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരളബാങ്ക് രൂപവത്ക്കരണത്തിനുള്ള ശ്രമങ്ങൾക്കു തുടക്കമായി. ഐ.എ.എം ബാംഗ്ലൂരിലെ ഡോ.ശ്രീറാമിന്റെ നേതൃത്വത്തിൽ നിയോഗിച്ച വിദഗ്ദ്ധസമിതി 27.04.17-നു റിപ്പോർട്ട് സമർപ്പിച്ചു. ഇതു സർക്കാർ പരിശോധിക്കുന്നു. ബാങ്കുസംയോജനപ്രവർത്തനവും കേന്ദ്രസർക്കാരിന്റെയും റിസർവ്വ് ബാങ്കിന്റേയും അനുമതിക്കുള്ള പ്രവർത്തനവും 21 മാസത്തിനകം പൂർത്തിയാക്കി കേരള ബാങ്ക് സാദ്ധ്യമാകും എന്നാണു പ്രതീക്ഷ.
അഴിമതിക്ക്‌ അന്ത്യം കുറിക്കും; സദ്‌ഭരണം ഉറപ്പാക്കും: രണ്ടാം ഭരണപരിഷ്ക്കാരക്കമ്മിഷന്റെ നിര്‍ദ്ദേശങ്ങൾ നടപ്പിലാക്കും. സദ്‌ഭരണം ലക്ഷ്യമാക്കി കേരള അഡ്മിനിസ്റ്റ്രേറ്റീവ് സർവീസ് (കെഎഎസ്‌) രൂപവത്ക്കരിക്കാൻ ഉത്തരവു പുറപ്പെടുവിച്ചു. നടപടി പുരോഗമിക്കുന്നു.

അഴിമതിരഹിതസംസ്ഥാനത്തിനായി ധീരമായ ചുവടുവയ്പ്. ഒരുകോടി രൂപയ്ക്കുമേലുള്ള അഴിമതി വെളിപ്പെടുത്തിയാൽ അഞ്ചുലക്ഷം രൂപ വീതം വിസിൽ ബ്ലോവേഴ്‌സ് അവാർഡ്.

പൊതുജന പങ്കാളിത്തത്തോടെ അഴിമതി നിർമാർജനത്തിന് രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ – എറൈസിങ് കേരള (Arising Kerala), വിസിൽ നൗ (Whistle Now).

‘സീറോ ടോളറൻസ് റ്റു കറപ്‌ഷൻ’ എന്ന ലക്ഷ്യത്തോടെ സർക്കാർ വകുപ്പുകളിലെ അഴിമതിസൂചിക തയ്യാറാക്കാൻ ആഗോള അഴിമതിവിരുദ്ധസംഘടനയായ ട്രാൻസ്‌പെരൻസ് ഇന്റർനാഷണലിന്റെ മാർഗരീതികൾ അവലംബിച്ച് നടപടി.

കൂടാതെ എഡ്യൂവിജിൽ, വിജിനെറ്റ്, എൻ.എസ്. എസ്.വിജിൽ ഹെൽപ്പ് ഡെസ്‌ക്, ട്രാൻസ് വിജിൽ, എന്റെ ഗ്രാമം, വാട്ടർ വിജിൽ തുടങ്ങിയ അവബോധപദ്ധതികൾ.

അഴിമതിരഹിത സിവിൽ സർവീസ് വാർത്തെടുക്കാൻ ജീവനക്കാർക്ക് ഇൻഡക്ഷൻ ട്രെയിനിങ്.

പൊതുമരാമത്തുവകുപ്പിൽ സോഷ്യൽ ഓഡിറ്റ് കൊണ്ടുവന്നു. ഈ വകുപ്പിൽ രാജ്യത്ത് ആദ്യമാണിത്. വിജിലൻസ് വിഭാഗം വിപുലപ്പെടുത്തി. അഴിമതിക്കെതിരെ നടപടി. എൻജിനീയർമാർക്കു ബോധവത്ക്കരണപരിപാടികൾ. നിർമ്മാണത്തിലെ അശാസ്ത്രീയത, എസ്റ്റിമേറ്റിലെ ന്യൂനത, മേൽനോട്ടത്തിലെ വീഴ്ച, അഴിമതി തുടങ്ങിയവ നിശേഷം ഇല്ലാതാക്കാൻ നടപടി. ഗുണമേന്മാപരിശോധനാവിഭാഗവും ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ശക്തിപ്പെടുത്തി.

റവന്യു വകുപ്പിൽ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിച്ചുവരുന്നു. ഇതുവരെ 54 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും 130 പേർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. കളക്‌ട്രേറ്റുകളിലെ ഇൻസ്‌പെക്‌ഷൻ വിംഗിനു വിജിലൻസിന്റെ അധികാരം നൽകി സീനിയർ സൂപ്രൺിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്‌ഷൻ ആൻഡ് വിജിലൻസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.

ധനവകുപ്പിൽ അഴിമതി പരമാവധി കുറച്ച് വിഭവസമാഹരണം ഉയർത്താൻ ഫലപ്രദമായ നടപടികൾ എടുത്തുവരുന്നു. ചെക്കുപോസ്റ്റുകൾ അടക്കം അഴിമതിരഹിതമാക്കാൻ നടപടി എടുത്തു. ലോട്ടറിയിൽ പുതിയ സുരക്ഷാസംവിധാനങ്ങൾ.

ജലവിഭവവകുപ്പ് ഇ-ടെണ്ടറിംഗ് നടപടികൾക്ക് കൂടുതൽ ഊന്നൽ നൽകി.

പഞ്ചായത്ത്, നഗരകാര്യം, നഗരാസൂത്രണം എന്നീവകുപ്പുകൾ സംയോജിപ്പിച്ച് തദ്ദേശ സ്വയംഭരണ പൊതുസർവ്വീസ് ആക്കാൻ നടപടിയെടുത്തു.

ഇ-ഗവേണൻസ് ഫലപ്രദമാക്കും. (ഓരോ വകുപ്പും): സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പും ഇ-ഓഫീസിലേക്കു മാറിക്കഴിഞ്ഞു. കളക്ടറേറ്റുകളിലും പ്രധാന വകുപ്പദ്ധ്യക്ഷരുടെ ഓഫീസുകളിലും ഇ-ഓഫീസ് സമയബന്ധിതമായി നടപ്പാക്കിവരുന്നു.

മരാമത്തുവകുപ്പ് പ്രൈസ് സോഫ്റ്റ്‌വെയർ നടപ്പാക്കി. റോഡ്, പാലം, കെട്ടിടം ഉൾപ്പെടെയുള്ള ആസ്തികളുടെ ജി‌ഐ‌എസ് മാപ്പിങ് പൂർത്തിയാക്കാൻ നടപടി. പരാതിക്ക് ടോൾ ഫ്രീ നമ്പർ: 18004257771.

രജിസ്റ്റ്രേഷൻ വകുപ്പിൽ ഇ-പേമെന്റ്, ഇ-സ്റ്റാമ്പ് എന്നിവ ഏർപ്പെടുത്തി.

ധനവകുപ്പിൽ ട്രഷറിയിലും ലോട്ടറിയിലും വാണിജ്യനികുതിയിലും കെ.എസ്.എഫ്.ഇ.യിലും സമഗ്ര സിസ്റ്റം നവീകരണം. ട്രഷറികളിൽ കോർബാങ്കിങ് നിലവിൽവന്നു. ധനമാനേജ്‌മെന്റിനായി ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം (ഐ.എഫ്.എം.എസ്) നടപ്പാക്കി. ട്രഷറി അക്കൗണ്ടിൽനിന്നു മൊബൈൽ ഫോൺ വഴി സർക്കാർസേവനങ്ങളുടെ ചാർജ്ജുകളുംമറ്റും അടയ്ക്കാനുള്ള സംവിധാനം പൂർത്തീകരണത്തിലേക്ക്. കെ.എസ്.എഫ്.ഇ.യിൽ കോർ സൊല്യൂഷൻ നടപ്പാക്കി. വാണിജ്യനികുതിയിലും ലോട്ടറിയിലും പുതിയ സർവ്വറുകൾ, സോഫ്റ്റ്‌വെയറുകൾ. ജി.എസ്.ടി നടപ്പാക്കുന്നതിന് മുന്നോടിയായി വാണിജ്യനികുതിയിൽ സമഗ്ര സിസ്റ്റംനവീകരണം പൂർത്തിയാകുന്നു.

തദ്ദേശഭരണവകുപ്പിൽ പരാതി സ്വീകരിച്ച് അതിവേഗനടപടിക്ക് ‘ഫോർ ദ് പീപ്പ്‌ൾ’ എന്ന വെബ്ബധിഷ്ഠിത സംവിധാനം തുടങ്ങി. തദ്ദേശഭരണസ്ഥാപനങ്ങളുടെ മരാമത്തുപണികളുടെ എസ്റ്റിമേറ്റുകൾ, ടെൻഡറുകൾ, ബില്ലുകൾ എല്ലാം നിർബ്ബന്ധമായും പ്രൈസ് സോഫ്റ്റ്‌വെയർ വഴിയാക്കി. അഞ്ചുലക്ഷത്തിനുമേലുള്ള മരാമത്തുപണികൾക്ക് ഇ-ടെൻഡർ നടപ്പാക്കി. തദ്ദേശസ്ഥാപനങ്ങളിൽ ഇ-പേമെന്റ് പൂർണ്ണമായി നടപ്പാക്കാൻ നടപടി തുടങ്ങി. മലപ്പുറം ജില്ലയിൽ പൂർണ്ണമായി നടപ്പാക്കി. വസ്തുനികുതി, ഉടമാവകാശസർട്ടിഫിക്കറ്റ് എല്ലാം ഓൺലൈനാണ്. പഞ്ചായത്ത് ഡയറക്ടറേറ്റും ജില്ലാ ഓഫീസുകളും 941 ഗ്രാമപ്പഞ്ചായത്തുകളും സേവനം മെച്ചപ്പെടുത്തി ഐ.എസ്.ഒ. നിലവാർത്തിലേക്ക് ഉയർത്താൻ ആറുകോടിയുടെ പദ്ധതി.

റേഷനിലെ തിരിമറികൾ ഒഴിവാക്കി സുതാര്യമാക്കാൻ ബയോ മെട്രിക് ഉപകരണമായ ഇ-പോസ് സ്ഥാപിച്ച് റേഷൻകടകളിൽ കമ്പ്യൂട്ടർവത്ക്കരണം നടപ്പിലാക്കാൻ നടപടി തുടങ്ങി. സാങ്കേതികസംവിധാനത്തിന്റെ ടെൻഡർ നടപടി അന്തിമഘട്ടത്തിൽ. റേഷൻസാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജിപിഎസ് സംവിധാനത്തിന്റെ ടെൻഡർ നടപടിയും അന്ത്യഘട്ടത്തിൽ. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിൽ 50 ശതമാനം ഫയലും ഇ-ഓഫീസ് സംവിധാനത്തിലേക്കു മാറ്റി. സപ്ലൈ ചെയിൻ മാനേജ്‌മെന്റ് സിസ്റ്റം നിലവിൽവന്നു.ആദ്യന്ത കമ്പ്യൂട്ടർവത്ക്കരണപ്രക്രിയ അവസാനഘട്ടത്തിൽ.

സഹകരണമേഖലയിൽ ഏകീകൃത കോർ ബാങ്കിങ് നടപ്പാക്കാൻ നടപടി ആരംഭിച്ചു.

റവന്യൂവകുപ്പിൽ ഓൺലൈൻ പോക്കുവരവ് സമ്പൂർണ്ണമാക്കുന്നു. 1116 വില്ലേജിൽ ഭൂരേഖ ഡിജിറ്റൈസ് ചെയ്തു. ഭൂരേഖകളുടെ ഡിജിറ്റൈസേഷനും സർവ്വെയും പൂർത്തിയായ 884 വില്ലേജുകളിൽ 551 വില്ലേജിലെ വസ്തുക്കളുടെ സ്‌കെച്ച് സർവ്വെ വകുപ്പിന്റെ വെബ് പോർട്ടലിൽ കാണാം. ഓൺ‌ലൈനായി ഫീസടച്ച് പ്രിന്റ് ഔട്ട് എടുക്കാം. സംയോജിത ഡിജിറ്റൽ ഭൂവിവരശേഖരണ – നിർവ്വഹണത്തിലേക്ക്. റവന്യു റിക്കവറി നടപടി ഓൺലൈനാക്കി. റവന്യു വകുപ്പിൽനിന്ന് എല്ലാ സർട്ടിഫിക്കറ്റും ഓൺലൈനിൽ. സ്‌പെഷ്യൽ ടീമുകളുടെ നേതൃത്വത്തിൽ   അത്യാധുനിക ഇ.ടി.എസ് – ജി.പിഎസ് സാങ്കേതികവിദ്യയിലൂടെ സമഗ്രസർവ്വെയും ഭൂരേഖകളുടെ ഡിജിറ്റൈസേഷനും.

തൊഴിൽ വകുപ്പിൽ ലേബർ കമ്മിഷണറേറ്റ് കടലാസുരഹിതം ആകുന്നു. കമ്മിഷണറേറ്റ് ഓട്ടോമേഷനിലൂടെ എല്ലാ സേവനവും ഓൺലൈനാക്കി. തൊഴിലുടമകൾ സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ, സമർപ്പിക്കേണ്ട രേഖകൾ, തൊഴിൽനിയമങ്ങൾ അനുസരിച്ചുള്ള സ്ഥാപനരജിസ്റ്റ്രേഷൻ, പുതുക്കൽ, ട്രേഡ് യൂണിയൻ രജിസ്റ്റ്രേഷൻ, ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം ഓൺലൈനാക്കി. സ്വകാര്യമേഖലയിലെ വേതനം ഇ-പേമെന്റായി നൽകുന്ന വേതനസുരക്ഷാപദ്ധതി എല്ലാ ജില്ലയിലും നടപ്പാക്കി.

ടൂറിസം വകുപ്പിന്റെ ജില്ലാ ഓഫീസുകളെയും ഡയറക്ടറേറ്റിനെയും ഭരണവകുപ്പിനെയും  മന്ത്രിയോഫീസിനെയും ഇ – ഓഫീസ് വഴി ബന്ധിപ്പിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നു.

മോട്ടോർവാഹനവകുപ്പ് ഡ്രൈവിംഗ് ലൈസൻസും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ടെസ്റ്റ് നടത്തുന്ന ദിവസംതന്നെ നൽകിത്തുടങ്ങി. തിരുവനന്തപുരം ആർ.റ്റി ഓഫീസിൽ തുടങ്ങിയ പദ്ധതി മറ്റു സ്ഥലങ്ങളിലേക്ക് ഉടൻ വ്യാപിപ്പിക്കും. ലൈസൻസ് പോലുള്ള കാര്യങ്ങൾ സ്മാർട്ട് കാർഡ് രീതിയിൽ ആക്കുന്ന പദ്ധതി പുരോഗമിച്ചുവരുന്നു.

മോട്ടോർവാഹനവകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾ വിപുലപ്പെടുത്തിവരുന്നു. ലൈസൻസ്, രജിസ്‌ട്രേഷൻ തുടങ്ങിയവ ഓൺലൈൻ ആക്കും. ചേർത്തല മുതൽ മഞ്ചേശ്വരം വരെ ദേശീയപാതയിലും കണ്ണൂർ, തൃശൂർ, പാലക്കാട്, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലും ക്യാമറ സ്ഥാപിച്ചു.

മൃഗസംരക്ഷണഡയറക്ടറേറ്റിൽ ഇ-ഓഫീസ് നടപ്പിലാക്കി. സഹായപദ്ധതികൾക്കു തൽസമയനിരീക്ഷണത്തിനു സോഫ്റ്റ്‌വെയറധിഷ്ഠിത സംവിധാനം 2016-17ൽ ഏർപ്പെടുത്തി. ലൈവ്‌സ്റ്റോക് ഇൻസ്പെക്ടർമാർക്ക് 1248 കമ്പ്യൂട്ടർ ലാപ്‌ടോപ്പു നൽകി.

വനം വകുപ്പ് വനപരിപാലനം എഫ്എംഐഎസ്, ജിഐഎസ് വഴി ഇ-ഭരണം നടത്തുന്നു. കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി വെബ്‌സൈറ്റ് പരിഷ്ക്കരിച്ചു. ഇ-ലേലം, ഇ-ടെൻഡർ എന്നിവ ഇതിൽ പ്രസിദ്ധീകരിക്കുന്നു. തടിവില്പന പൂർണ്ണമായും ഓൺലൈനാക്കി. വന്യജീവിയാക്രമണ നഷ്ടപരിഹാരം ഇ-ട്രാൻസ്‌ഫറാക്കി.സ്പേഷ്യൽ ഡേറ്റ ഇൻഫ്രാസ്റ്റ്രക്‌ചർ വഴി ഡിജിറ്റൽ മാപ്പുകൾ തയ്യാറാക്കുന്നു.

പട്ടികവിഭാഗ-പിന്നാക്കക്ഷേമവകുപ്പിൽ ഭവനനിർമ്മാണം, വിദ്യാഭ്യാസാനുകൂല്യം എന്നിവ പൂർണ്ണമായി കമ്പ്യൂട്ടറൈസ് ചെയ്തു. ചികിത്സാസഹായം കമ്പ്യൂട്ടറൈസേഷനു (ഓൺലൈനാക്കൽ‌) പദ്ധതി ആയി.

ആരോഗ്യവകുപ്പിൽ നടപ്പിലാക്കുന്ന ഇ-ഹെൽത്ത് പദ്ധതി പരിശോധന, ചികിത്സ എന്നിവയെല്ലാം സമഗ്രവിവരസഞ്ചയമാക്കി ഉപയോഗിക്കാൻ ലക്ഷ്യമിടുന്നതാണ്.

ക്ഷീരവികസനവകുപ്പ് എല്ലാ ഓഫീസും കമ്പ്യൂട്ടർവത്ക്കരിച്ചു. ഇ-ഭരണം ഘട്ടംഘട്ടമായി നടപ്പാക്കുന്നു. കാലിത്തീറ്റ സബ്‌സിഡി ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ ആക്കി. ക്ഷീരകർഷകക്ഷേമനിധി ആനുകൂല്യങ്ങൾ നേരിട്ട് അക്കൗണ്ടിലേക്ക്. ലൈഫ് സർട്ടിഫിക്കറ്റിനു ബയോമെട്രിക് സംവിധാനം. ക്ഷീരസംഘങ്ങളിൽ ഏകീകൃതസോഫ്റ്റ്‌വെയർ വഴി പാലിന്റെ അളവും ഗുണവും കർഷകർക്കു ലഭ്യമാക്കുന്നു. ഉത്സവകാലത്ത് ചെക്ക് പോസ്റ്റ് വഴി വരുന്ന പാലിന്റെ ഗുണം ഉറപ്പാക്കാൻ ഓൺലൈൻ പരിശോധന.

എല്ലാ പരാതികളിലും പ്രശ്നങ്ങളിലും 30 ദിവസത്തിനകം സര്‍ക്കാര്‍തലത്തിൽ തീര്‍പ്പുണ്ടാക്കും. ടൂറിസം വകുപ്പിൽ ലഭിക്കുന്ന പരാതികളും പ്രശ്നങ്ങളും 30 ദിവസത്തിനകം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

ഭക്ഷ്യ-സിവിൽസപ്ലൈസ് വകുപ്പിൽ അഡീഷണൽ ജില്ലാമജിസ്റ്റ്രേട്ടുമാരെ പരാതിപരിഹാര ഉദ്യോഗസ്ഥരായി നിയമിച്ചു. സംസ്ഥാനതല ഭക്ഷ്യകമ്മിഷന്റെ താൽക്കാലികചുമതല സംസ്ഥാന ഉപഭോക്തൃതർക്കപരിഹാരകമ്മിഷനു നൽകി. കോൾ സെന്റർ ഓൺലൈൻ പരാതിപരിഹാരസംവിധാനം തയ്യാറായി.

മരാമത്തുമന്ത്രിയുടെ ഓഫീസ് ഇ-ഓഫീസാക്കി. സമയബന്ധിതമായി തീർപ്പാക്കി തപാൽ വഴി പരാതിക്കാരെ അറിയിക്കുന്നു.

തൊഴിൽ വകുപ്പിൽ പരാതിക്കു ടോൾഫ്രീ നമ്പർ. ട്രേഡ് യൂണിയൻ രജിസ്റ്റ്രേഷൻ സമയബന്ധിതമായി തീർത്തു.

2012ലെ സേവനാവകാശനിയമം നടപ്പാക്കി. കഴിഞ്ഞ വർഷം 15,558 പരാതി കിട്ടിയതിൽ 14,547ഉം തീർത്തു.

മ്യൂസിയവും മൃഗശാലയും വകുപ്പിൽ 30 ദിവസത്തിനകം തീർപ്പുണ്ടാക്കുന്നു.

ക്ഷീരവികസനവകുപ്പ് സമയബന്ധിതമായി തീർപ്പാക്കുന്നു.

പരാതികളോ ആവശ്യങ്ങളോ തള്ളപ്പെട്ടാൽ അവ പുനഃപരിശോധിച്ച്‌ വ്യക്തത ഉണ്ടാക്കാൻ ജനപങ്കാളിത്തത്തോടെയുള്ള സംവിധാനമൊരുക്കും. സിവിൽ സപ്ലൈസ് വകുപ്പ് സംസ്ഥാന, ജില്ല, താലൂക്ക്, ന്യായവിലറേഷൻകട തലങ്ങളിൽ പ്രത്യേക വിജിലൻസ് കമ്മിറ്റികളും സോഷ്യൽ ഓഡിറ്റിങ് നടപടികളും ആരംഭിച്ചു. വനം വകുപ്പിൽ അവ ഉയർന്ന ഉദ്യോഗസ്ഥതലത്തിൽ പരിശോധിച്ചു നടപടി എടുക്കുന്നു. ക്ഷീരവികസനവകുപ്പിൽ ജില്ലാതലത്തിൽ ജനപങ്കാളിത്തരീതി നടപ്പാക്കും.
സെക്രട്ടേറിയറ്റ്‌ അടിസ്ഥാനമായ സംവിധാനം മാറ്റി കേന്ദ്രസർക്കാരിനെപ്പോലെ ഡയറക്ടറേറ്റ്‌ രീതിയിൽ വികേന്ദ്രീകൃതവും ഫലപ്രദവുമായ സംവിധാനം കൊണ്ടുവരും. ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും ഇത്‌ നടപ്പാക്കുക. നടപടി ആരംഭിച്ചിട്ടില്ല.
എല്ലാ സർക്കാർസേവനങ്ങളും ഏകജാലകത്തിലൂടെ ലഭ്യമാക്കുന്ന സേവനകേന്ദ്രങ്ങൾ ഏര്‍പ്പെടുത്തും. എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കാനുളള നടപടി അവസാന ഘട്ടത്തിലാണ്. ഇതിനായി മൊബൈൽ ആപ്പ് തയ്യാറാക്കി സുരക്ഷാ ഓഡിറ്റ് നടന്നുവരുന്നു.

കൂടുതൽ വ്യവസായസൗഹൃദമാക്കാൻ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ നടപ്പിലാക്കുന്നു. ഇതിന് ഓൺലൈൻ സംവിധാനവും വിവിധവകുപ്പുകളുടെ ഫോറങ്ങൾ ഏകീകരിച്ച് പൊതു അപേക്ഷാ ഫോറം ഏർപ്പെടുത്തുന്നു. ഇതു സംബന്ധിച്ച നിയമഭേദഗതിക്കു നടപടി സ്വീകരിച്ചുവരുന്നു.

വ്യവസായവകുപ്പിൽ ചെറുകിട വ്യവസായങ്ങൾക്ക് ലൈസൻസുകളും ക്ലിയറൻസുകളും നൽകാൻ ജില്ലാ സംസ്ഥാനതലങ്ങളിൽ സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് പ്രവർത്തിക്കുന്നു. കിൻഫ്രയുടെയും കെ.എസ്.ഐ.ഡി.സി.യുടെയും 6 വ്യവസായപാർക്കുകളിൽ ഏകജാലക ക്ലിയറൻസ് ബോർഡ് രൂപവത്ക്കരിച്ചു.

ക്ഷീരവികസനവകുപ്പിൽ ബ്ലോക്കുതല യൂണിറ്റ് ഓഫീസുകൾ ‘ഫാർമർ ഇൻഫർമേഷൻ സെന്റർ’ എന്ന നിലയിൽ സേവനങ്ങൾ നൽകിവരുന്നുണ്ട്.

വിവരാവകാശനിയമം ഫലപ്രദമായി നടപ്പിലാക്കും. മരാമത്ത്, രജിസ്റ്റ്രേഷൻ, തൊഴിൽ, എക്സൈസ്, ധനം, കയർ, ജലവിഭവം, പട്ടികവിഭാഗ-പിന്നാക്കക്ഷേമം, വനം, മൃഗസംരക്ഷണം, ക്ഷീരവികസനം, മ്യൂസിയം തുടങ്ങി എല്ലാ വകുപ്പും സമയബന്ധിതമായി വിവരങ്ങൾ ലഭ്യമാക്കുന്നു.

പ്രകടനപത്രികയിലെ ഈ 35 ഇന പരിപാടികൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കാൻ നിങ്ങളുടെ വിലയേറിയ നിർദ്ദേശാഭിപ്രായങ്ങൾ ആവശ്യമാണ്. അവ താഴെ പറയുന്ന വിലാസത്തിൽ അയയ്ക്കാം. കവറിനു മുകളിൽ ”35 ഇന പരിപാടി സംബന്ധിച്ച നിർദ്ദേശം” എന്ന്  എഴുതണം.

വിലാസം :       കേരളമുഖ്യമന്ത്രി,
മുഖ്യമന്ത്രിയുടെ ഓഫീസ്,
സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്ക്,
തിരുവനന്തപുരം

ഇ-മെയിൽ :    progress@kerala.gov.in