Tag: anti-corruption

ഇ-പേയ്‌മെന്റിലൂടെ അഴിമതിയില്ലാത്ത കാര്യക്ഷമമായ സേവനം ഉറപ്പാക്കും

ഇ-പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ അഴിമതിയുടെ സാധ്യത ഇല്ലാതാക്കി കാര്യക്ഷമമായ സേവനം നല്‍കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. രജിസ്‌ട്രേഷന്‍ വകുപ്പിലെ സേവനങ്ങള്‍ക്ക് ഫീസ് അടയ്ക്കാനുള്ള ഇ-പേയ്‌മെന്റ് സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവനകാര്യങ്ങളില്‍ ഐ.ടി രംഗത്തെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കും. നോട്ടുപ്രതിസന്ധിയുണ്ടായപ്പോള്‍ നാട്ടുകാരില്‍ നിന്നുയര്‍ന്ന ആവശ്യം കൂടി പരിഗണിച്ചാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഓഫീസുകളില്‍ സ്വീകരിക്കപ്പെടുന്ന തുക ദുരുപയോഗം ചെയ്യുന്നതായ പരാതികള്‍ പുതിയ സംവിധാനത്തിലൂടെ പരിഹരിക്കാനാകും. ജനങ്ങളില്‍നിന്ന് കൃത്യമായ തുക ഈടാക്കുകയും അപ്പോള്‍ തന്നെ ഖജനാവില്‍ എത്തുന്നതോടെ അഴിമതിക്കുള്ള സാധ്യത ഇല്ലാതാകും. (more…)

വിവരാവകാശ സെമിനാര്‍

അറിയുവാനുളള അവകാശം സംരക്ഷിക്കാന്‍ ഇന്ത്യയിലുണ്ടായ സുപ്രധാനമായ നിയമനിര്‍മാണ നാഴികക്കല്ലാണ് 2005ലെ വിവരാവകാശ നിയമം. ഭരണതലത്തില്‍ ജനങ്ങള്‍ക്ക് ഫലപ്രദമായ ഒരു ഇടപെടലിനാണ് ഈ നിയമം അവസരമൊരുക്കിയത്. സര്‍ക്കാരിന്‍റെ പൊതുഅധികാര സ്ഥാനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും ജനങ്ങളുമായി ബന്ധപ്പെട്ടതോ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതോ ആയ വിവരങ്ങളാണ്. ഭരണകൂടം നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്. ജനങ്ങള്‍ നല്‍കിയ നികുതിപ്പണത്തിന്‍റെ വിനിയോഗത്തെ സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. ഇന്നലെകളില്‍ വളരെ രഹസ്യമായി ചെയ്തിരുന്ന പല കാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവരാനും അതുവഴി അഴിമതിക്കാരെ പൊതുജന മധ്യത്തില്‍ തുറന്നുകാട്ടാനും കുറ്റക്കാതെ ശിക്ഷിപ്പിക്കാനും ഈ നിയമത്തിലൂടെ ജനങ്ങള്‍ക്ക് കഴിഞ്ഞു.

അഴിമതിരഹിതവും സുതാര്യവുമായ ഭരണം നടപ്പിലാക്കുക എന്നുളളതാണ് ഈ സര്‍ക്കാരിന്‍റെ നയം. അത് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കഴിയും എന്നുള്ളതാണ് വിവരാവകാശ നിയമത്തിന്‍റെ പ്രസക്തി. നമ്മുടെ സംസ്ഥാനത്തിന്‍റെ ഏറ്റവും വലിയ ശത്രു അഴിമതിയും തീരുമാനങ്ങളിലെ കാലതാമസവുമാണ്. ആധുനിക ഭരണസംവിധാനം അഴിമതിയ്ക്കവസരം ഉണ്ടാക്കുകയും അതുവഴി പല വികസന പദ്ധതികളും ജനോപകാരപ്രദമല്ലാതാക്കി തീര്‍ക്കുകയും ചെയ്തത് പൊതുവേ എല്ലാപേര്‍ക്കും അറിയുന്ന കാര്യമാണ്. നാള്‍ക്കുനാള്‍ അഴിമതി രാജ്യത്ത് അര്‍ബുദം പോലെ വ്യാപിക്കുന്നത് നമ്മുടെ ഭരണവ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ്.

ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ചെലവഴിക്കപ്പെടുന്ന പണം ലക്ഷ്യപ്രാപ്തിയില്‍ എത്താതെ മറ്റു വഴിയില്‍കൂടി ചോര്‍ന്ന് പോകുന്ന ഒരവസ്ഥ ഇനി അനുവദിക്കാനാവില്ല. അതിന്‍റെ ഭാഗമായാണ് ഭരണരംഗം ശുദ്ധീകരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ അഴിമതിരഹിതമായ ഭരണസംവിധാനം നാട്ടില്‍ നിലനിര്‍ത്തുന്നതിന് ഈ നിയമത്തിന് കാര്യമായ തോതില്‍ സഹായിക്കാനാവും.

പാര്‍ലമെന്‍റ് ഈ നിയമം പാസാക്കിയ അതേവര്‍ഷം തന്നെ കേരളവും ഈ നിയമം നടപ്പാക്കുകയാണുണ്ടായത്. വിവരാവകാശ നിയമപ്രകാരം നിശ്ചിത ഫീസ് അടച്ച് സര്‍ക്കാരാഫീസുകളിലെ ബന്ധപ്പെട്ട പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് നല്‍കപ്പെടുന്ന അപേക്ഷകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മറുപടി നല്‍കാന്‍ ബാധ്യസ്ഥനാണ്.

തെറ്റായ വിവരങ്ങളോ സമയബന്ധിതമായി മറുപടിയോ ലഭിക്കാത്തതു കൊണ്ടാണല്ലോ അവിടെ വീണ്ടും ജനങ്ങള്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത്. അപ്പീല്‍ സമര്‍പ്പിച്ചിട്ടും മുമ്പ് പറഞ്ഞ അതേ രൂപത്തിലുള്ള മറുപടികള്‍ ജനങ്ങള്‍ക്ക് ലഭിക്കുമ്പോഴാണ് കമ്മീഷനെ സമീപിക്കുന്നത്. കമ്മീഷനില്‍ഇപ്പോള്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ മാത്രമേയുള്ളു എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. 5 കമ്മീഷണര്‍മാരുടെ കുറവ് ഹൈക്കോടതി ഇടപെടലുകളുമായി ബന്ധപ്പെട്ടതുകൊണ്ടാണ് വൈകുന്നത്. അത് എത്രയുംവേഗം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും.

സുതാര്യവും അഴിമതിരഹിതവുമായി കാര്യങ്ങള്‍ നടക്കണം. രേഖകള്‍ ഇരുമ്പുമറയ്ക്കപ്പുറത്താവേണ്ട കാര്യമില്ല. പൊതുജീവിതത്തിലെ ശുദ്ധി നിലനിര്‍ത്താനുള്ള സുതാര്യതയാണ് വിവരാവകാശ നിയമം കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍, വ്യക്തിപരമായ ദുരുദ്ദേശങ്ങള്‍ക്കായി ഈ സംവിധാനത്തെ ദുരുപയോഗിക്കുന്നവരുണ്ട് എന്നത് കാണാതിരിക്കേണ്ട കാര്യവുമില്ല. ദുരുപയോഗിക്കുന്നവരെ തിരിച്ചറിയാന്‍ കമ്മീഷനു കഴിയണം. ചിലര്‍ ദുരുപയോഗിക്കുന്നു എന്നതു മറയാക്കി വിവരങ്ങള്‍ പൗരനു നിഷേധിക്കുന്നത്ആ ശാസ്യമായിരിക്കുകയുമില്ല.

പുറത്തുനല്‍കാവുന്ന വിവരങ്ങളും നല്‍കിക്കൂടാത്ത വിവരങ്ങളുമുണ്ട്. അതുകൊണ്ടാണല്ലൊ ീമവേ ീള ലെരൃലര്യ എന്നൊന്നുള്ളത്. അതിന്‍റെ ലംഘനമുണ്ടാവാതെ മാത്രം വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനമുണ്ടാവണം. ഇന്ത്യയ്ക്ക് എത്ര ടാങ്കുണ്ട്, ആണവശേഷിയുണ്ട്, രാജസ്ഥാന്‍ അതിര്‍ത്തിയില്‍ എത്ര സൈനികരുണ്ട് എന്നൊക്കെ ഒരു പൗരന്‍ ചോദിക്കുന്നുവെന്നു വെക്കുക. ഈ വിവരമെല്ലാം എടുത്തുകൊടുത്തേക്കാന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ പറയുന്നുവെന്നും വെക്കുക. ഈ വിവരമൊക്കെ എടുത്തു പുറത്തുകൊടുത്താല്‍ ഗുണം ശത്രുരാജ്യത്തിനാണ്. ഇങ്ങനെ ഒരു ഉദാഹരണം ഞാന്‍ പറഞ്ഞുവെന്നതേയുള്ളു. ആലോചിക്കേണ്ട കാര്യമാണിത്.

കേന്ദ്ര മന്ത്രിസഭാ യോഗത്തിന്‍റെ കാര്യമെടുക്കുക. ചില തീരുമാനങ്ങള്‍ പുറത്തുപോവും മുമ്പ് നടപ്പാക്കേണ്ടതാവും. അത് ആദ്യം പുറത്തുകൊടുത്താല്‍ നടപടി നിരര്‍ത്ഥകമാകും. അപ്രസക്തമാകും. ഇത്തരം കാര്യങ്ങളും ഈ വിഷയത്തെ സമീപിക്കുമ്പോള്‍ മനസ്സില്‍ വെക്കണം.

ശുദ്ധമായി കാര്യങ്ങള്‍ നടക്കണം എന്നുള്ളതു തന്നെയാണ് സര്‍ക്കാരിന്‍റെ താല്‍പര്യം. ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ നടത്തുന്ന പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. വിവരാവകാശ കമ്മീഷന്‍റെ ആസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന് അനുകൂലമായ സമീപനമാണുള്ളത്. വിവരാവകാശ നിയമം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് വിവരാവകാശ കമ്മീഷനെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയിലുള്ളഒരു സോഫ്റ്റ്വയര്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് കമ്മീഷന്‍ ചെയര്‍മാന്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അക്കാര്യത്തില്‍ വിശദമായ ഒരു രൂപരേഖ നല്‍കുന്ന മുറയ്ക്ക് സര്‍ക്കാര്‍ അക്കാര്യം പരിശോധിക്കും. അതുവഴി വിവരാവകാശ നിയമം കൂടുതല്‍ പേരിലെത്തിക്കാന്‍ നമുക്ക് കഴിയും. ഈ സംവിധാനം നമുക്ക് ശക്തമാക്കിയേ പറ്റൂ.

സ്കൂള്‍ പാഠ്യപദ്ധതിയില്‍തന്നെ വിവരാവകാശ നിയമത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കാവുന്നതാണ്. വിവരാവകാശ നിയമം കൂടുതല്‍ പേരില്‍ എത്തിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി നടത്തുന്ന ഈ സെമിനാര്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു.

വിവരാവകാശ നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുത്

വിവരാവകാശ നിയമം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും വ്യക്തിപരമായ താത്പര്യങ്ങള്‍ക്കായി വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം 2005 എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

രേഖകള്‍ ഇരുമ്പു മറയ്ക്കകത്ത് സൂക്ഷിക്കേണ്ട ആവശ്യമില്ല. പൊതുജീവിതത്തിലെ ശുദ്ധി നിലനിര്‍ത്തുന്നതിനാവശ്യമായ സുതാര്യത ഉറപ്പുവരുത്തുന്നതിന് ഈ നിയമം ആവശ്യമാണ്. എന്നാല്‍ വ്യക്തിപരമായി ഇത് ദുരുപയോഗം ചെയ്യുന്നത് തിരിച്ചറിയണം. ഇങ്ങനെ ദുരുപയോഗം നടക്കുന്നുണ്ട് എന്ന കാരണത്താല്‍ വിവരങ്ങള്‍ ആര്‍ക്കും നിഷേധിക്കാനും പാടില്ല. (more…)

അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനം

അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനമായി ആചരിക്കുകയാണല്ലൊ ഡിസംബര്‍ 9. കേരളത്തിലെ വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഈ ദിനാചരണത്തിന്‍റെ ഭാഗമായി അഴിമതി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും, Arising Kerala, Whistle Now എന്നീ രണ്ട് വിജിലന്‍സ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് സമാരംഭം കുറിയ്ക്കുകയുമാണ്. ഇതും അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നതിനായി പ്രയത്നിച്ച വ്യക്തികള്‍ക്ക് സംസ്ഥാനതല ‘Whistle Blower Award’ ഏര്‍പ്പെടുത്തുന്നതുമെല്ലാം അഴിമതിക്കെതിരായി നാം നടത്തുന്ന അതിശക്തമായ പോരാട്ടത്തിന്‍റെ ഭാഗമായി വേണം കരുതാന്‍. (more…)