Tag: seminar

കാര്‍ഷിക വിഷയങ്ങളിലുള്ള അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനവുമായി ചര്‍ച്ച ചെയ്യണം

കാര്‍ഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന കാര്‍ഷിക വില നിര്‍ണയ ബോര്‍ഡും കൃഷി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷകരുടെ ജീവന സുരക്ഷയ്ക്കു വേണ്ടിയുള്ള അന്താരാഷ്ട്ര കാര്‍ഷിക വ്യാപാര, സ്വതന്ത്ര വ്യാപാര കരാറുകള്‍ സംബന്ധിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

ആരോഗ്യ മേഖലയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍-സെമിനാര്‍ ഉദ്ഘാടനം ചെയ്തു

ചികിത്സാപ്പിഴവു സംബന്ധിച്ച് ആശുപത്രികളെക്കുറിച്ചും ഡോക്ടര്‍മാരെക്കുറിച്ചുമുള്ള പരാതികളില്‍ മെഡിക്കല്‍ ബോര്‍ഡ് നീതിപൂര്‍വകമായ നിലപാടെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെറ്റു ചെയ്തവരെ സംരക്ഷിക്കാനുള്ള നിലപാടു സ്വീകരിക്കുക വഴി മെഡിക്കല്‍ ബോര്‍ഡുകള്‍ അവയുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുകയാണ്. (more…)

ജലകൃഷി വികസനം സെമിനാര്‍

കേരളാ അക്വാഫാര്‍മേഴ്സ് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ജലകൃഷി വികസനത്തെ സംബന്ധിച്ച ഈ സെമിനാറില്‍ പങ്കെടുക്കാനാകുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കണ്ണൂരില്‍ ജലകൃഷിയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു ദേശീയ സെമിനാര്‍ സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്ത കേരള അക്വാ ഫാര്‍മേഴ്സ് ഫെഡറേഷനെ ആദ്യമായി അഭിനന്ദിക്കട്ടെ.

ലോകത്ത് ഏറ്റവും വേഗതയോടെ വളരുന്ന ഭക്ഷ്യ ഉത്പാദന മേഖലകളിലൊന്നാണ് ജലകൃഷി. 1980 മുതല്‍ പ്രതിവര്‍ഷം 8 ശതമാനത്തോളം വളര്‍ച്ചാനിരക്ക് കൈവരിക്കുന്ന മേഖലയാണിത്. ലോകത്ത് ഇന്ന് ഉത്പാദിപ്പിക്കപ്പെടുന്ന മത്സ്യത്തിന്‍റെ 48 ശതമാനത്തോളം ജലകൃഷിയില്‍ നിന്നുളളവയാണ്. ഉള്‍നാടന്‍ മത്സ്യോത്പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ചൈനയില്‍ ആകെ മത്സ്യഉത്പാദനത്തിന്‍റെ 72 ശതമാനത്തോളവും ജലകൃഷി മേഖലയുടെ സംഭാവനയാണ്. ഇന്ത്യയുടെ സ്ഥിതിയും ഭിന്നമല്ല. നമ്മുടെ രാജ്യത്തിന്‍റെ ആകെ മത്സ്യോത്പാദനത്തിന്‍റെ 52 ശതമാനത്തോളം മത്സ്യകൃഷിയില്‍ നിന്നുളളവയാണ്. (more…)

കിഫ്ബി ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

പരമ്പരാഗത നിക്ഷേപസങ്കല്‍പം കൊണ്ട് സാധ്യമല്ലാത്ത അവിശ്വസനീയമായ കുതിച്ചുചാട്ടം വികസനരംഗത്ത് കിഫ്ബിയിലൂടെ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വന്തം വിഭവങ്ങളില്‍നിന്ന് തന്നെ കിഫ്ബിക്ക് കടങ്ങള്‍ വീട്ടാനാകുമെന്നും അദ്ദേഹം പറഞ്ഞു. ‘പശ്ചാത്തലസൗകര്യ വികസന ധനസമാഹരത്തിലെ അവസരങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചുകൊല്ലം കൊണ്ട് പതിനായിരക്കണക്കിന് കോടിയുടെ വികസന നിക്ഷേപം എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ നെറ്റിചുളിച്ചവരുണ്ട്. എന്നാല്‍ ആദ്യ രണ്ട് ബജറ്റുകളിലൂടെ മാത്രം കിഫ്ബി വഴി നടപ്പാക്കാനായി പ്രഖ്യാപിച്ചത് 51,000 കോടി രൂപയുടെ പദ്ധതികളാണ്. ഇത് വികസനരംഗത്ത് അവിശ്വസനീയമായ കുതിച്ചുചാട്ടം സൃഷ്ടിക്കും. 12,600 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിക്കഴിഞ്ഞു. 2612 കോടിയുടെ പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. (more…)

സെന്‍റര്‍-സ്റ്റേറ്റ് റിലേഷൻസ് – സെമിനാര്‍

നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇക്കാലത്ത് അങ്ങേയറ്റം പ്രസക്തമായ വിഷയമാണ് നാമിവിടെ ചര്‍ച്ചയ്ക്കെടുക്കുന്നത്- കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍. രാജ്യത്തിന്‍റെ സമതുലിതവും സമഗ്രവുമായ വികസനവും ജനങ്ങളുടെ സര്‍വതോന്മുഖമായ ക്ഷേമവും ഉറപ്പുവരുത്തണമെങ്കില്‍ നീതിപൂര്‍വകമായ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും അതിന്‍റെ അടിസ്ഥാനത്തിലുള്ള ന്യായയുക്തമായ വിഭവ വിതരണവും ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ദേശീയ പശ്ചാത്തലത്തില്‍ തന്നെ സുപ്രധാനമാണ് ഈ വിഷയം എന്ന് ആമുഖമായി തന്നെ പറയേണ്ടിവരുന്നത്.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ പൊതുവിലും കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളില്‍ വിശേഷിച്ചും അഴിച്ചുപണി നടത്തണമെന്നു പല പതിറ്റാണ്ടുകളായി നാം പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നാല്‍, അഴിച്ചുപണി ഉണ്ടാകുന്നില്ല എന്നതോ പോകട്ടെ, ബന്ധങ്ങള്‍ കൂടുതല്‍ അസമതുലിതമാവുക കൂടി ചെയ്യുന്നു എന്നതാണു സത്യം. (more…)

അഭിപ്രായസമന്വയത്തിനും നയരൂപീകരണത്തിനും സാമൂഹ്യമാധ്യമങ്ങള്‍ പ്രയോജനപ്പെടുത്താനാകണം

‘സാമൂഹ്യമാധ്യമങ്ങളും ഫലപ്രദമായ ഗവേണന്‍സും’ വിഷയത്തില്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു

അഭിപ്രായസമന്വയത്തിനും നയരൂപീകരണത്തിനും ജനാഭിപ്രായം അറിയുന്ന തലത്തിലേക്കും സാമൂഹ്യമാധ്യമങ്ങളെ വിനിയോഗിക്കാന്‍ കഴിയണമെന്നും അത് ഭരണത്തിന് സുതാര്യതയും ഉത്തരവാദിത്വവും വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ‘സമൂഹമാധ്യമങ്ങളും ഫലപ്രദമായ ഗവേണന്‍സും’ എന്ന വിഷയത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഫേസ്ബുക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദ്വിദിന ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യമാധ്യമങ്ങള്‍ കൂടുതല്‍ ആധികാരികതയും ഉത്തരവാദിത്വവും ഉറപ്പാക്കാനും ദുരുപയോഗങ്ങള്‍ തടയാനുമുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതോടൊപ്പം വിയോജിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും സാമൂഹികമാധ്യമങ്ങള്‍ ഉറപ്പുവരുത്തുന്നു. (more…)

ചിതറിക്കിടക്കുന്ന ആയുര്‍വേദ അറിവുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വേണം

പലയിടത്തായി ചിതറിക്കിടക്കുന്ന ആയുര്‍വേദത്തിന്റെ അറിവുകള്‍ കണ്ടെത്താനും ഉള്‍ക്കൊള്ളാനും ഗൗരവമായ ശ്രമങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ സമാഹരിക്കാനായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരരുന്നു മുഖ്യമന്ത്രി.

പ്രത്യക്ഷത്തില്‍ കാണുന്ന വിദഗ്ധരെക്കാളേറെ സമൂഹത്തിലുണ്ട്. അവരില്‍നിന്ന് അറിയാനും മനസിലാക്കാനും പൂര്‍ണമായി ഉള്‍ക്കൊള്ളാനും അത് ഭാവിയിലേക്ക് ഉപയോഗിക്കാനും തുറന്ന മനസ്സുണ്ടാകണം. വൈദഗ്ധ്യം തേടി നാം പോകണം. രേഖപ്പെടുത്താത്ത പല പരമ്പരാഗത അറിവുകളും നശിച്ചുപോയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആയുര്‍വേദത്തിന്റെ പലരേഖകളും സംസ്‌കൃതത്തിലും പഴയ തമിഴിലുമായി കിടക്കുന്നത് ജനങ്ങള്‍ക്ക് മനസിലാകുന്നരീതിയിലുള്ള ഭാഷയിലേക്ക് മാറ്റണം. ഔഷധച്ചെടികളും മരുന്നുകളും മറ്റും ജനങ്ങള്‍ക്ക് അറിയാനും സൗകര്യമുണ്ടാകണം. കളരി, യോഗ എന്നിവ ചേര്‍ത്ത് ‘കളരിയോഗ’ എന്ന പുതിയ സമ്പ്രദായം ആവിഷ്‌കരിച്ചെടുക്കാനും പേറ്റന്റ് എടുക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. (more…)

പുതിയ വായനകള്‍ ചരിത്രത്തെ നേര്‍വഴിയിലേക്ക് നയിക്കും

പുതിയ വായനകള്‍ ചരിത്രത്തെ നേര്‍വഴിയിലേക്ക് നയിക്കുമെന്നും അവ ചരിത്രത്തിന് കരുത്ത് പകരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ചരിത്രത്തെ പുനര്‍വായിക്കുമ്പോള്‍: ഭൂതകാലവും വര്‍ത്തമാനവും എന്ന വിഷയത്തിലുള്ള ത്രിദിന ദേശീയ സെമിനാര്‍ മാസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ സാമൂഹ്യ, ദേശീയ ധാരകളെയും ഉള്‍ക്കൊള്ളുന്ന മതനിരപേക്ഷമായ ചരിത്രരചനയാണ് നമുക്കാവശ്യം എന്ന് മുഖ്യമന്ത്രി പറഞ്ഞു. യുവാക്കള്‍ വിജയികളെക്കുറിച്ച് മാത്രമല്ല, പരാജയപ്പെട്ടവരെക്കുറിച്ചും പഠിക്കണം. തിരസ്‌കരിക്കപ്പെട്ടുപോയവരുടെയും യുദ്ധങ്ങളിലും കലാപങ്ങളിലും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും ചരിത്രം എവിടെയും ചര്‍ച്ച ചെയ്യുന്നില്ല. രാജഭരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും അതില്‍ ഞെരിഞ്ഞമര്‍ന്നവരെക്കുറിച്ചും സാമ്രാജ്യത്വത്തിന്റെ പടയോട്ടങ്ങളില്‍ സങ്കടപ്പെടുന്ന ജനപദങ്ങളെക്കുറിച്ചും ആരും ചര്‍ച്ച ചെയ്യുന്നില്ല. യുവാക്കള്‍ വൈവിധ്യത്തിലധിഷ്ഠിതമായ ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് ആഴത്തില്‍ അറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

വിവരാവകാശ സെമിനാര്‍

അറിയുവാനുളള അവകാശം സംരക്ഷിക്കാന്‍ ഇന്ത്യയിലുണ്ടായ സുപ്രധാനമായ നിയമനിര്‍മാണ നാഴികക്കല്ലാണ് 2005ലെ വിവരാവകാശ നിയമം. ഭരണതലത്തില്‍ ജനങ്ങള്‍ക്ക് ഫലപ്രദമായ ഒരു ഇടപെടലിനാണ് ഈ നിയമം അവസരമൊരുക്കിയത്. സര്‍ക്കാരിന്‍റെ പൊതുഅധികാര സ്ഥാനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും ജനങ്ങളുമായി ബന്ധപ്പെട്ടതോ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതോ ആയ വിവരങ്ങളാണ്. ഭരണകൂടം നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്. ജനങ്ങള്‍ നല്‍കിയ നികുതിപ്പണത്തിന്‍റെ വിനിയോഗത്തെ സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. ഇന്നലെകളില്‍ വളരെ രഹസ്യമായി ചെയ്തിരുന്ന പല കാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവരാനും അതുവഴി അഴിമതിക്കാരെ പൊതുജന മധ്യത്തില്‍ തുറന്നുകാട്ടാനും കുറ്റക്കാതെ ശിക്ഷിപ്പിക്കാനും ഈ നിയമത്തിലൂടെ ജനങ്ങള്‍ക്ക് കഴിഞ്ഞു.

അഴിമതിരഹിതവും സുതാര്യവുമായ ഭരണം നടപ്പിലാക്കുക എന്നുളളതാണ് ഈ സര്‍ക്കാരിന്‍റെ നയം. അത് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കഴിയും എന്നുള്ളതാണ് വിവരാവകാശ നിയമത്തിന്‍റെ പ്രസക്തി. നമ്മുടെ സംസ്ഥാനത്തിന്‍റെ ഏറ്റവും വലിയ ശത്രു അഴിമതിയും തീരുമാനങ്ങളിലെ കാലതാമസവുമാണ്. ആധുനിക ഭരണസംവിധാനം അഴിമതിയ്ക്കവസരം ഉണ്ടാക്കുകയും അതുവഴി പല വികസന പദ്ധതികളും ജനോപകാരപ്രദമല്ലാതാക്കി തീര്‍ക്കുകയും ചെയ്തത് പൊതുവേ എല്ലാപേര്‍ക്കും അറിയുന്ന കാര്യമാണ്. നാള്‍ക്കുനാള്‍ അഴിമതി രാജ്യത്ത് അര്‍ബുദം പോലെ വ്യാപിക്കുന്നത് നമ്മുടെ ഭരണവ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ്.

ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ചെലവഴിക്കപ്പെടുന്ന പണം ലക്ഷ്യപ്രാപ്തിയില്‍ എത്താതെ മറ്റു വഴിയില്‍കൂടി ചോര്‍ന്ന് പോകുന്ന ഒരവസ്ഥ ഇനി അനുവദിക്കാനാവില്ല. അതിന്‍റെ ഭാഗമായാണ് ഭരണരംഗം ശുദ്ധീകരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ അഴിമതിരഹിതമായ ഭരണസംവിധാനം നാട്ടില്‍ നിലനിര്‍ത്തുന്നതിന് ഈ നിയമത്തിന് കാര്യമായ തോതില്‍ സഹായിക്കാനാവും.

പാര്‍ലമെന്‍റ് ഈ നിയമം പാസാക്കിയ അതേവര്‍ഷം തന്നെ കേരളവും ഈ നിയമം നടപ്പാക്കുകയാണുണ്ടായത്. വിവരാവകാശ നിയമപ്രകാരം നിശ്ചിത ഫീസ് അടച്ച് സര്‍ക്കാരാഫീസുകളിലെ ബന്ധപ്പെട്ട പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് നല്‍കപ്പെടുന്ന അപേക്ഷകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മറുപടി നല്‍കാന്‍ ബാധ്യസ്ഥനാണ്.

തെറ്റായ വിവരങ്ങളോ സമയബന്ധിതമായി മറുപടിയോ ലഭിക്കാത്തതു കൊണ്ടാണല്ലോ അവിടെ വീണ്ടും ജനങ്ങള്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത്. അപ്പീല്‍ സമര്‍പ്പിച്ചിട്ടും മുമ്പ് പറഞ്ഞ അതേ രൂപത്തിലുള്ള മറുപടികള്‍ ജനങ്ങള്‍ക്ക് ലഭിക്കുമ്പോഴാണ് കമ്മീഷനെ സമീപിക്കുന്നത്. കമ്മീഷനില്‍ഇപ്പോള്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ മാത്രമേയുള്ളു എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. 5 കമ്മീഷണര്‍മാരുടെ കുറവ് ഹൈക്കോടതി ഇടപെടലുകളുമായി ബന്ധപ്പെട്ടതുകൊണ്ടാണ് വൈകുന്നത്. അത് എത്രയുംവേഗം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും.

സുതാര്യവും അഴിമതിരഹിതവുമായി കാര്യങ്ങള്‍ നടക്കണം. രേഖകള്‍ ഇരുമ്പുമറയ്ക്കപ്പുറത്താവേണ്ട കാര്യമില്ല. പൊതുജീവിതത്തിലെ ശുദ്ധി നിലനിര്‍ത്താനുള്ള സുതാര്യതയാണ് വിവരാവകാശ നിയമം കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍, വ്യക്തിപരമായ ദുരുദ്ദേശങ്ങള്‍ക്കായി ഈ സംവിധാനത്തെ ദുരുപയോഗിക്കുന്നവരുണ്ട് എന്നത് കാണാതിരിക്കേണ്ട കാര്യവുമില്ല. ദുരുപയോഗിക്കുന്നവരെ തിരിച്ചറിയാന്‍ കമ്മീഷനു കഴിയണം. ചിലര്‍ ദുരുപയോഗിക്കുന്നു എന്നതു മറയാക്കി വിവരങ്ങള്‍ പൗരനു നിഷേധിക്കുന്നത്ആ ശാസ്യമായിരിക്കുകയുമില്ല.

പുറത്തുനല്‍കാവുന്ന വിവരങ്ങളും നല്‍കിക്കൂടാത്ത വിവരങ്ങളുമുണ്ട്. അതുകൊണ്ടാണല്ലൊ ീമവേ ീള ലെരൃലര്യ എന്നൊന്നുള്ളത്. അതിന്‍റെ ലംഘനമുണ്ടാവാതെ മാത്രം വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനമുണ്ടാവണം. ഇന്ത്യയ്ക്ക് എത്ര ടാങ്കുണ്ട്, ആണവശേഷിയുണ്ട്, രാജസ്ഥാന്‍ അതിര്‍ത്തിയില്‍ എത്ര സൈനികരുണ്ട് എന്നൊക്കെ ഒരു പൗരന്‍ ചോദിക്കുന്നുവെന്നു വെക്കുക. ഈ വിവരമെല്ലാം എടുത്തുകൊടുത്തേക്കാന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ പറയുന്നുവെന്നും വെക്കുക. ഈ വിവരമൊക്കെ എടുത്തു പുറത്തുകൊടുത്താല്‍ ഗുണം ശത്രുരാജ്യത്തിനാണ്. ഇങ്ങനെ ഒരു ഉദാഹരണം ഞാന്‍ പറഞ്ഞുവെന്നതേയുള്ളു. ആലോചിക്കേണ്ട കാര്യമാണിത്.

കേന്ദ്ര മന്ത്രിസഭാ യോഗത്തിന്‍റെ കാര്യമെടുക്കുക. ചില തീരുമാനങ്ങള്‍ പുറത്തുപോവും മുമ്പ് നടപ്പാക്കേണ്ടതാവും. അത് ആദ്യം പുറത്തുകൊടുത്താല്‍ നടപടി നിരര്‍ത്ഥകമാകും. അപ്രസക്തമാകും. ഇത്തരം കാര്യങ്ങളും ഈ വിഷയത്തെ സമീപിക്കുമ്പോള്‍ മനസ്സില്‍ വെക്കണം.

ശുദ്ധമായി കാര്യങ്ങള്‍ നടക്കണം എന്നുള്ളതു തന്നെയാണ് സര്‍ക്കാരിന്‍റെ താല്‍പര്യം. ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ നടത്തുന്ന പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. വിവരാവകാശ കമ്മീഷന്‍റെ ആസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന് അനുകൂലമായ സമീപനമാണുള്ളത്. വിവരാവകാശ നിയമം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് വിവരാവകാശ കമ്മീഷനെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയിലുള്ളഒരു സോഫ്റ്റ്വയര്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് കമ്മീഷന്‍ ചെയര്‍മാന്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അക്കാര്യത്തില്‍ വിശദമായ ഒരു രൂപരേഖ നല്‍കുന്ന മുറയ്ക്ക് സര്‍ക്കാര്‍ അക്കാര്യം പരിശോധിക്കും. അതുവഴി വിവരാവകാശ നിയമം കൂടുതല്‍ പേരിലെത്തിക്കാന്‍ നമുക്ക് കഴിയും. ഈ സംവിധാനം നമുക്ക് ശക്തമാക്കിയേ പറ്റൂ.

സ്കൂള്‍ പാഠ്യപദ്ധതിയില്‍തന്നെ വിവരാവകാശ നിയമത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കാവുന്നതാണ്. വിവരാവകാശ നിയമം കൂടുതല്‍ പേരില്‍ എത്തിക്കുവാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി നടത്തുന്ന ഈ സെമിനാര്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു.

നബാര്‍ഡ് സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാര്‍ ഉദ്ഘാടനം

സംസ്ഥാനത്തെ സഹകരണ മേഖല കള്ളപ്പണ കേന്ദ്രമല്ല എന്ന് റിസര്‍വ് ബാങ്ക് ഔദ്യോഗികമായി വ്യക്തമാക്കിയത് സഹകരണമേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണെങ്കിലും റിസര്‍വ് ബാങ്ക് ഇങ്ങനെ പറഞ്ഞതിന് നന്ദിയുണ്ട്. ഏറ്റവും വലിയ അവമതിപ്പിനാണ് കേരളത്തിലെ സഹകരണ മേഖല ഇരയായത്. ഈ മേഖലയാകെ കള്ളപ്പണക്കാരുടെ കേന്ദ്രമാണെന്നാണ് പ്രചരിപ്പിച്ചത്. ഒപ്പം വിതണ്ഡ സാങ്കേതികവാദങ്ങളും ഉന്നയിച്ചു. ഈ സാഹചര്യത്തില്‍ സഹകരണ മേഖലയുടെ വികാരം മനസ്സിലാക്കി നിലകൊണ്ടത് നബാര്‍ഡാണ്. സംസ്ഥാനത്തെ സഹകരണമേഖലയുടെ ശക്തിയും ദൗര്‍ബല്യവും ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ പ്രസ്ഥാനമാണ് നബാര്‍ഡ്. തങ്ങളുടെ കുഞ്ഞുങ്ങളെ പ്രതിസന്ധി ഘട്ടത്തില്‍ ഉപേക്ഷിക്കാന്‍ നബാര്‍ഡ് തയ്യാറായിെല്ലന്നും മുഖ്യമന്ത്രി പറഞ്ഞു. നബാര്‍ഡ് കേരള റീജ്യണല്‍ ഓഫീസ് സംഘടിപ്പിച്ച സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. (more…)