ഒന്‍പതു മാസത്തെ തീവ്രപരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി കേരള പോലീസ് സേനയിലെ പൂര്ണ്ണാംഗങ്ങളാകുന്ന എല്ലാവരെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.
കെ.എ.പി.1, കെ.എ.പി.2, കെ.എ.പി.5, ഇന്ത്യ റിസര്‍വ് ബറ്റാലിയന് എന്നീ വിഭാഗങ്ങളിലായി 464 പേരുടെ പാസിങ് ഔട്ട് പരേഡ് ആണ് ഇന്നിവിടെ നടക്കുന്നത്. ഇതോടൊപ്പം പുതുതായി 2062 പേരാണ് ഈ അടുത്തിടെ നടന്ന പാസിങ് ഔട്ട് പരേഡുകളിലായി പോലീസില്‍ എത്തുന്നത്. ഇവിടെയെല്ലാം കണ്ട ഒരു സവിശേഷത ഇവരില്‍ നല്ലൊരുപങ്കും ബിരുദധാരികളും ബി.ടെക്, എല്‍.എല്‍.ബി. തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകള്‍ പാസ്സായവരുമാണെന്നതാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ കൂടുതലായുള്ള പോലീസ് സേനയാണ് നമ്മുടേത്. ഫലപ്രദമായ പ്രവര്‍ത്തനത്തിന് ഏറെ ഗുണകരമായ ഒരു അവസ്ഥയാണ് ഇത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും അനുഭവപരിചയവും ഉള്ളവരെന്ന നിലയില്‍ നിങ്ങളുടെ ഈ ബാച്ചും പോലീസ് സേനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്.
സംസ്ഥാനത്തൊട്ടാകെ 56,000 പോലീസ് സേനാംഗങ്ങളാണുള്ളത്. വികസിത രാജ്യങ്ങളിലെ സ്ഥിതി വച്ചുനോക്കിയാല്‍ ജനസംഖ്യയ്ക്ക് ആനുപാതികമായി പോലീസ് സേനയുടെ സംഖ്യ ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. സാമ്പത്തികവും സാമൂഹികവുമായ പരിമിതികളാല്‍ പൂര്‍ണമായും ആ സ്ഥിതിയിലേക്കെത്താന്‍ നമുക്കുടനെ സാധിക്കുകയില്ല. എങ്കിലും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സ്ഥിതി മെച്ചപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. കൂടുതല്‍ പോലീസ് സ്റ്റേഷനുകള്‍ തുടങ്ങാനുള്ള തീരുമാനം അതിന്റെ ഭാഗമാണ്. അതോടൊപ്പം സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയും മനുഷ്യവിഭവശേഷി ശാസ്ത്രീയമായി പുനര്‍വിന്യസിച്ചും കൂടുതല്‍ കാര്യക്ഷമമായ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
സേവനം കൂടുതല്‍ ഫലപ്രദമാക്കണമെങ്കില്‍ പോലീസ് സ്റ്റേഷനുകളിലെ അന്തരീക്ഷം കൂടുതല്‍ ജനസൗഹൃദപരമാകേണ്ടതുണ്ട്. സമ്പൂര്‍ണ ശുചിത്വമുള്ള ഒരു പ്രദേശമായി കേരളത്തെ മാറ്റുന്നതിനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. പോലീസ് സ്റ്റേഷനുകളും പോലീസ് ഓഫീസുകളും ഇതിന് യോജിക്കുന്നവിധത്തില്‍ മാറേണ്ടതുണ്ട്. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ കൂട്ടിയിട്ടും മറ്റു തരത്തിലും മോശമായ അന്തരീക്ഷമുള്ള നിരവധി പോലീസ് സ്റ്റേഷനുകള്‍ നമ്മുടെ നാട്ടിലുണ്ട്. ഇതെങ്ങനെ മെച്ചപ്പെടുത്താന്‍ കഴിയും എന്ന് നാം ആലോചിക്കേണ്ടതുണ്ട്. ഏതു സാധാരണക്കാരനും തങ്ങളുടെ ആവലാതികള്‍ പറയാന്‍ ധൈര്യപൂര്‍വം കടന്നുചെല്ലാവുന്ന സ്ഥലമായിരിക്കണം പോലീസ് സ്റ്റേഷനുകള്‍. ഇന്ന് വാടക കെട്ടിടത്തിലും അടിസ്ഥാന സൗകര്യങ്ങളില്ലാതെയും വീര്‍പ്പുമുട്ടുന്ന പല പോലീസ് സ്റ്റേഷനുകളും മറ്റ് പോലീസ് ഓഫീസുകളുമുണ്ട്. അവയ്ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും. ഇതോടൊപ്പം മര്യാദയോടെയുള്ള പെരുമാറ്റവും അഴിമതിരഹിതമായ പ്രവര്‍ത്തനവും ഉറപ്പുവരുത്തുക എന്നതു പ്രധാനമാണ്.
സേവനസന്നദ്ധതയോടെ പ്രവര്‍ത്തിക്കുകയും ജനങ്ങളോട് മാന്യമായി പെരുമാറുകയും അഴിമതിക്ക് വശംവദരാകാതിരിക്കുകയും ചെയ്യുന്ന നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ നമ്മുടെ പോലീസ് സേനയിലുണ്ട്. എങ്കിലും അങ്ങനെയല്ലാത്തവരെക്കുറിച്ചുള്ള പരാതികളും ഉണ്ടാകുന്നുണ്ട്. അത്തരക്കാരോട് ഒരിക്കലും ഈ സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുകയില്ല എന്നും ഓര്‍മ്മിപ്പിക്കുന്നു. ഉയര്‍ന്ന ജീവിതഗുണമേډ ഉറപ്പാക്കാന്‍ ഏതൊരു സമൂഹത്തിലും കാവലാളായി ജാഗരൂകരായ ഒരു പോലീസ് സേനയുണ്ടാകണം.
സ്വൈരജീവിതത്തിന് ഭംഗംവരുത്തുന്ന ഗുണ്ടാ സംഘങ്ങളെയും പലതരം മാഫിയകളെയും അമര്‍ച്ച ചെയ്യുന്നതിന് ശക്തമായ നടപടികള്‍ ഇപ്പോള്‍ നമ്മുടെ പോലീസ് സേന ആരംഭിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ എല്ലാ കാര്യത്തിലും നീതിയുടെ പക്ഷത്തുനില്‍ക്കുന്ന പോലീസിനെയാണ് നാടിനാവശ്യം. അത്തരത്തിലുള്ള സേനയിലെ സേനാംഗമായി മാറുക എന്നതാകണം നിങ്ങള്‍ ഓരോരുത്തരുടെയും ലക്ഷ്യം. ആത്മാര്‍ത്ഥതയും സഹാനുഭൂതിയും ആര്‍ദ്രതയും നിയമവാഴ്ച്ചയോടുള്ള ആദരവും സമര്പ്പിതമനസ്സും അച്ചടക്കവും കൈമുതലാക്കി, പെരുമാറ്റത്തില്‍ വിനയവും നിയമം നടപ്പിലാക്കുന്നതില്‍ കാര്‍ക്കശ്യവും കാത്തുസൂക്ഷിക്കുമെന്ന് നിങ്ങളോരോരുത്തരും മനസ്സില്‍ ഉറപ്പിക്കേണ്ടതുണ്ട്.
പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന എല്ലാ സേനാംഗങ്ങള്‍ക്കും ശോഭനമായ ഒരു സര്‍വ്വീസ് ജീവിതം ഒരിക്കല്‍ക്കൂടി ആശംസിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.